Connect with us

Editorial

പൗരത്വ നിയമത്തിലെ യു എൻ ഇടപെടൽ

Published

|

Last Updated

രാജ്യത്തിനകത്ത് മാത്രമല്ല, ആഗോളതലത്തിൽ തന്നെയും കടുത്ത ആശങ്കയും പ്രതിഷേധവും സൃഷ്ച്ചിട്ടുണ്ട് പൗരത്വ നിയമ ഭേദഗതിയെന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണ് യു എൻ മനുഷ്യാവകാശ കമ്മീഷന്റെ (യു എൻ എച്ച് ആർ സി) ഇടപെടൽ. മോദി സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും മനുഷ്യാവകാശങ്ങളെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇതുസംബന്ധിച്ചു സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷി ചേരാനുള്ള അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ് യു എൻ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാക്കലേത് ജേരിയ. നിയമം ചോദ്യം ചെയ്തു റിട്ടയേർഡ് ഐ എഫ് എസ് ഉദ്യോ ഗസ്ഥൻ ദേബ് മുഖർജി ഫയൽ ചെയ്ത റിട്ട് ഹർജിയിൽ കക്ഷി ചേരാനാണ് ജേരിയ അനുമതി ആവശ്യപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമം ചില മതങ്ങൾക്ക് ആനുകൂല്യം നൽകുമ്പോൾ വേറെ ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കുന്നുണ്ട്. മതത്തിന്റെ പേരിൽ ഏതെങ്കിലും ഒരു വിഭാഗത്തെ പൗരത്വം നൽകുന്നതിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനപരവും മനുഷ്യാവകാശ ലംഘനവുമാണ്. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച രാജ്യാന്തര കരാറുകളും ഉടമ്പടികളും പാലിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും അപേക്ഷയിൽ യു എൻ എച്ച് ആർ സി ചൂണ്ടിക്കാട്ടുന്നു. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 5.87 ദശലക്ഷം കുടിയേറ്റക്കാരാണുള്ളത്. ഇതിൽ എത്ര പേരാണ് അനധികൃത കുടിയേറ്റക്കാരെന്ന കാര്യം വ്യക്തമല്ല. എല്ലാ കുടിയേറ്റക്കാർക്കും, അവരുടെ കുടിയേറ്റ പദവിക്ക് അതീതമായി ബഹുമാനവും സംരക്ഷണവും മനുഷ്യാവകാശങ്ങളും ഉറപ്പാക്കുകയും അവരെ ഇന്ത്യയിൽ തന്നെ താമസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് സർക്കാർ രൂപംനൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. അത്യപൂർവ സംഭവമാണ് ഐക്യരാഷ്ട്രസഭയുടെ ഇത്തരമൊരു ഇടപെടലെന്ന് നയതന്ത്രജ്ഞർ പറയുന്നു. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യൻ മുസ്‌ലിംകളെ രാജ്യമില്ലാത്ത ജനതയാക്കി മാറ്റുമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചൂണ്ടിക്കാണിച്ചിരുന്നു. ഡൽഹി കലാപത്തെയും ഗുട്ടെറസ് അപലപിക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസ് യു എൻ സെക്രട്ടേറിയറ്റിന്റെ ഭാഗമാണെന്നതിനാൽ കമ്മീഷന്റെ കക്ഷിചേരൽ യു എൻ നേരിട്ടുതന്നെ കക്ഷി ചേർന്നതിനു സമാനമാണ്. എന്നാൽ, കേന്ദ്ര സർക്കാർ കക്ഷി ചേരാനുളള യു എൻ അപേക്ഷയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയവും നിയമനിർമാണത്തിനുള്ള ഇന്ത്യൻ പാർലിമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതുമാണ്. രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുറമെ നിന്നുളളവർക്ക് ഇടപെടാനാകില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച പ്രതികരണം.

അതേസമയം, സർക്കാർ ആരോപിക്കുന്നതു പോലെ യു എന്നിന്റെ നീക്കം ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റമായി കാണാൻ പറ്റില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. പൗരത്വ നിയമം നടപ്പാക്കാനുള്ള അധികാരത്തെ യു എൻ ചോദ്യം ചെയ്യുന്നില്ല. ഈ നിയമത്തിലെ മതപരമായ വിവേചനത്തെയും മനുഷ്യാവകാശ ലംഘനത്തെയുമാണ് ചോദ്യം ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനത്തോട് യു എൻ മുമ്പും പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിക്കുകയും അതിനെതിരെ പ്രമേയങ്ങൾ പാസ്സാക്കുകയും ചെയ്തതാണ്. ദക്ഷിണാഫ്രിക്കയിൽ നടപ്പുണ്ടായിരുന്ന വർണ വിവേചനത്തിനെതിരെ യു എൻ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യ അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ അവിടുത്തെ ഭരണകൂടത്തിന്റെ വർണവെറിക്കെതിരെ നിരാഹാര സമരമനുഷ്ഠിക്കുകയുണ്ടായി. ഇത് ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായി ആരും കണ്ടിരുന്നില്ല. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള സമാധാനപരമായ പോരാട്ടം മാത്രമായാണ് ലോകം അതിനെ വീക്ഷിച്ചത്. 1971 ൽ ഇന്ത്യൻ സേന ബംഗ്ലാദേശിന്റെ മുക്തിബാഹിനിക്കൊപ്പം ചേർന്നു കിഴക്കൻ പാക്കിസ്ഥാനിലെ പാക് സൈന്യത്തെ ആക്രമിച്ചു. ഇന്ത്യ-ബംഗ്ലാദേശ് സഖ്യസൈന്യത്തിന്റെ ആക്രമണത്തിലാണ് ബംഗ്ലാദേശ് സ്വതന്ത്രമായത്. അന്നു കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശും പടിഞ്ഞാറൻ പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യമാണെന്നും മറ്റു രാജ്യങ്ങൾ അതിൽ കൈയിടരുതെന്നും പാക്കിസ്ഥാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഇന്ത്യ സൈന്യത്തെ അയച്ചു സഹായിച്ചത് ബംഗ്ലാദേശികൾ അനുഭവിക്കുന്ന പീഡനത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും അറുതി വരുത്തുക എന്ന ലക്ഷ്യത്തിലായിരുന്നു. ഫലസ്തീനികൾക്കെതിരെ ഇസ്‌റാഈൽ നടത്തി വരുന്ന കൊടുംക്രൂരതകൾക്കെതിരെയും ഇന്ത്യ പ്രതികരിക്കുകയും ഇതുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പ്രമേയങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തു നടക്കുന്നതാകട്ടെ, മനുഷ്യാവകാശ പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരകൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് രാഷ്ട്ര നേതൃത്വങ്ങളുടെയും മനുഷ്യസ്‌നേഹികളുടെയും കടമയാണ്. ഇത്രയല്ലേ ഇന്ത്യയിലെ പൗരത്വ നിയമത്തിന്റെ കാര്യത്തിൽ യു എൻ മനുഷ്യാവകാശ കമ്മീഷൻ ചെയ്തുള്ളൂ?.

ലോക സമാധാനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള ആഗോള സംഘടനയാണ് ഇന്ത്യക്ക് കൂടി അംഗത്വമുള്ള ഐക്യ രാഷ്ട്ര സഭ. മതവിശ്വാസം, അഭിപ്രായപ്രകടനം, സ്വകാര്യത തുടങ്ങിയവ കാത്തുസൂക്ഷിച്ചു ഓരോ വ്യക്തിക്കും അന്തസ്സോടെയും സുരക്ഷയോടെയും ജീവിക്കാനുള്ള അവകാശമാണ് യു എൻ മുന്നോട്ടുവെക്കുന്ന മനുഷ്യാവകാശം. യു എൻ നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനം ഇന്ത്യ കൂടി അംഗീകരിച്ചതുമാണ്. ഇതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സർക്കാർ രാജ്യത്തെ ഒരു ജനവിഭാഗത്തിന്റെ അവകാശങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് യു എന്നിന്റെ ബാധ്യതയല്ലേ?. യു എന്നിനെ അധിക്ഷേപിക്കുകയല്ല, പൗരത്വ നിയമത്തിലെ തെറ്റായ വ്യവസ്ഥകൾ തിരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.

Latest