Connect with us

Editorial

കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ!

Published

|

Last Updated

നിയമ വ്യവസ്ഥയെ അപഹാസ്യമാക്കുന്നതാണ് ബി ജെ പി നേതാവ് കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയ കേന്ദ്ര നടപടി. 42 പേരുടെ മരണത്തിനും ഇരുന്നൂറോളം പേർക്ക് ഗുരുതര പരുക്കിനും കോടികളുടെ സ്വത്ത് നാശത്തിനും ഇടയാക്കിയ ഡൽഹി വംശഹത്യക്ക് തുടക്കം കുറിച്ച കൊടുംകുറ്റവാളിയെയാണ്, അറസ്റ്റ് ചെയ്തു ജയിലിലടക്കാൻ പോലീസിന് നിർദേശം നൽകേണ്ടതിനു പകരം വൈ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു കേന്ദ്ര ആഭ്യന്തര വകുപ്പ് “ആദരിച്ചത്”. കപിൽ മിശ്രയുൾപ്പെടെയുളള ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. മിശ്രക്ക് വധഭീഷണിയുള്ളതിനാലാണ് സുരക്ഷയെന്നാണ് ആഭ്യന്തര വകുപ്പിന്റെ ന്യായീകരണം. ഇതുവരെയും കാവി ഗുണ്ടകളുടെ സംരക്ഷണയിൽ വിലസിയിരുന്ന കപിൽ മിശ്ര ഇനി മുതൽ സായുധരായ സർക്കാർ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലായിരിക്കും വിദ്വേഷ പ്രസംഗങ്ങളും വിധ്വംസക പ്രവർത്തനങ്ങളും നടത്തുക.

കപിൽ മിശ്രയെയും ഡൽഹി വംശഹത്യാ കേസിലെ മറ്റു കുറ്റവാളികളെയും നിയമ സംവിധാനങ്ങൾക്കു കൈമാറുന്നതിനു പകരം സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാറും ഡൽഹി പോലീസും ചേർന്നു ഇപ്പോൾ നടത്തിവരുന്നത്. കേസിൽ കപിൽ മിശ്രയുടെ പങ്ക് ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തോടെയും സി എ എ വിരുദ്ധ സമരവേദിയിലേക്ക് അയാളുടെ നേതൃത്വത്തിൽ നടന്ന മാർച്ചോടെയുമാണ് ഡൽഹിയിൽ ഹിന്ദുത്വരുടെ ഭീകരാക്രമണത്തിനു തുടക്കമായത്. ഇതടിസ്ഥാനത്തിൽ അയാളുടെ വിദ്വേഷ പ്രസംഗം പരിശോധിക്കാനും കേസ് ഫയൽ ചെയ്യാനുമുള്ള കോടതി നിർദേശത്തിനു, വിദ്വേഷ പ്രസംഗം നടത്തിയ ആർക്കെതിരെയും ഇപ്പോൾ കേസെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. ഇതിന് അവർ കോടതിയിൽ ബോധിപ്പിച്ച കാരണമാണ് വിചിത്രം. ഈ ഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ സമാധാനാന്തരീക്ഷം തകരുമത്രേ. സോളിസിറ്റർ ജനറലാണ് പോലീസിനു വേണ്ടി ഇക്കാര്യം ഡൽഹി ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. കോടതി അതപ്പടി അംഗീകരിക്കുകയും ചെയ്തു. ഒരു കുറ്റവാളിക്കെതിരെ കേസെടുത്താൽ സമാധാനാന്തരീക്ഷം തകരുമെങ്കിൽ പിന്നെ എന്തിനാണിവിടെ പോലീസ് സംവിധാനവും നിയമവ്യവസ്ഥയും? കഴിഞ്ഞ മാസം ടെലികോം കമ്പനികളുടെ കുടിശ്ശിക കേസിൽ ജസ്റ്റിസ് അരുൺമിശ്ര ചോദിച്ചത് “ഇങ്ങനെയെങ്കിൽ കോടതികൾ പൂട്ടുന്നതല്ലേ നല്ലത്?” എന്നായിരുന്നു.

ഡൽഹി കേസിൽ ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുള്ള സമീപനവും ആശാവഹമല്ല. കുറ്റവാളികൾക്ക് ചൂട്ടുപിടിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിനു സഹായകമായ നീക്കങ്ങളാണ് കോടതികളിൽ നിന്ന് ഇപ്പോൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡൽഹി അക്രമവേളയിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ നിസ്സംഗതയെ രൂക്ഷമായി വിമർശിച്ചതിന്റെ പേരിൽ കേസ് തുടക്കത്തിൽ പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള ഡൽഹി ഹൈക്കോടതി ബഞ്ചിൽ നിന്ന് കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റിയത് ഇതിനു വ്യക്തമായ ഉദാഹരണമാണ്. ബഞ്ച് മാറ്റുക മാത്രമല്ല, ജസ്റ്റിസ് മുരളീധറിനെ നൊടിയിടയിൽ ഡൽഹിയിൽ നിന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്ക് കെട്ടുകെട്ടിക്കുകയും ചെയ്തു.
ജസ്റ്റിസ് മുരളീധറിനെ മാറ്റിയ ശേഷം കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ഹൈക്കോടതി ബഞ്ചിന്റെ നിലപാടുകളും നീതിന്യായ സംവിധാനത്തോട് നീതി പുലർത്താത്തതാണ്. വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കൾക്കെതിരെ എത്രയും പെട്ടെന്നു നടപടി എടുക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജി അദ്ദേഹം തള്ളി. ഇതിനെതിരെ ഹരജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ അവരും ഒഴിഞ്ഞുമാറി. ഞങ്ങൾക്ക് പരിമിതികളുണ്ടെന്നും പെട്ടെന്ന് ഈ കേസ് പരിഗണിക്കാനാകില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. എന്താണാവോ ഈ പരിമിതികൾ. കേന്ദ്ര സർക്കാറിനെ പേടിയാണോ? കപിൽ മിശ്രയുടെ വർഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങളുടെ ദൃശ്യങ്ങൾ മിക്ക മാധ്യമങ്ങളിലും വന്നതാണ്. കേസ് ജസ്റ്റിസ് എസ് മുരളീധറിന്റെ പരിഗണനയിലായിരുന്ന ഘട്ടത്തിൽ അദ്ദേഹം ഈ വീഡിയോകൾ ഡൽഹി കോടതിയിൽ പരസ്യമായി പ്രദർശിപ്പിച്ചതുമാണ്. ഇത്രയും വ്യക്തമായ തെളിവുകൾ കോടതിയുടെ തന്നെ മുമ്പിലിരിക്കെ എന്തിനാണ് കേസെടുക്കാൻ നാലാഴ്ച സമയം?. കുറ്റാരോപിതർ കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കളാണെന്നതിലപ്പുറം എന്തെങ്കിലും ന്യായീകരണമുണ്ടോ ഈ അവധി നീട്ടിക്കൊടുക്കലിന്?. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജിയിലും മെല്ലെപ്പോക്ക് നയമാണ് പരമോന്നത കോടതിക്ക്. നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നിട്ടും ഹരജികളിൽ മറുപടി നൽകാൻ സർക്കാറിന് കോടതി നാലാഴ്ച അനുവദിച്ചു. ജനുവരി 22നായിരുന്നു ഇത്. പിന്നീട് ആറാഴ്ചയോളം കടന്നു പോയി. സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. കോടതിക്ക് ഇക്കാര്യത്തിൽ പരിഭവവുമില്ല. ഈ കേസ് വീണ്ടും പരിഗണിക്കുന്നതിനുള്ള തീയതി കോടതി തീരുമാനിച്ചിട്ടുമില്ല.

കോടതികളുടെ ഈ മെല്ലെപ്പോക്ക് നയവും നിസ്സംഗഭാവവും കാണുമ്പോൾ 2017 നവംബർ 15ന് കേരളത്തിലെ ജിഷ്ണു പ്രണോയ് കേസിൽ സുപ്രീം കോടതി സംസ്ഥാന സർക്കാറിനെതിരെ നടത്തിയ രൂക്ഷ വിമർശവും ന്യാോയാധിപന്മാർ അന്നു കാണിച്ച ആർജവവുമാണ് ഓർമയിൽ എത്തുന്നത്. അന്ന് കേസ് ഡയറി ഹാജരാക്കാൻ രണ്ട് ദിവസത്തെ സാവകാശം വേണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം തള്ളിയ കോടതി, ഡയറി അടുത്ത ദിവസം തന്നെ ഹാജരാക്കണമെന്ന് കർശന ഉത്തരവിടുക മാത്രമല്ല, ഇത്രയും സുപ്രധാനമായ കേസിൽ പോലീസ് ഇങ്ങനെയാണോ പെറുമാറുന്നതെന്നു ശക്തമായ ഭാഷയിൽ ചോദിക്കുകയുമുണ്ടായി.

ഇന്ന് പൊതുസമൂഹത്തിന് കോടതികളോട് ചോദിക്കാനുള്ളതും ഇതുതന്നെയാണ്. ഡൽഹി വംശഹത്യ പോലുളള സുപ്രധാനമായ കേസുകളിൽ കോടതി ഇങ്ങനെയാണോ പെറുമാറേണ്ടത്?. എന്തേ നീതിബോധവും ആർജവവും കോടതികൾക്ക് കൈമോശം വന്നു?.

Latest