Kerala
കാണാതായി ഒരു മണിക്കൂറിനകം ദേവനന്ദ മരിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം | കൊല്ലം ഇളവൂരില്‍ വീടിന് സമീപത്തെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടേത് മുങ്ങിമരണമാണെന്ന നിഗമനമാണ് ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നത്. ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും കുട്ടിയുടെ ശരീരത്തിലില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ഇന്‍ക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ കുട്ടിയുടെ മൃതദേഹം വൈകിട്ട് 4.30ഓടെ അമ്മ ധന്യയുടെ വീട്ടിലെത്തിച്ചു. നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ദേവനന്ദയെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് വീട്ടിലെത്തിയത്. കുട്ടിയുടെ മൃതദേഹം കാണാനായി പിതാവിനേയും മാതാവിനേയും കൊണ്ടുവന്നപ്പോഴുള്ള അവസ്ഥ കണ്ടുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അലറി കരയുന്ന അമ്മയെ താങ്ങിനിര്‍ത്തി കുട്ടിയുടെ അടുത്തെത്തിച്ച രംഗം കണ്ടുനില്‍ക്കുന്നവരുടെയെല്ലാം കണ്ണില്‍ ഈറനണിയിച്ചു.
ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ധരാണ് ഇന്ന് രാവിലെ ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.