National
ഇവിടെ നിൽക്കരുത്, പെട്ടെന്ന് പോകൂ...
 
		
      																					
              
              
            ന്യൂഡൽഹി | അക്രമം അഴിഞ്ഞാടി ഇറങ്ങിപ്പോയ തെരുവിലൂടെയാണ് നടക്കുന്നത്. ജാഫറാബാദിൽ മെട്രോയിറങ്ങി അടുത്ത മെട്രോ സ്‌റ്റേഷൻ വരെ നടക്കാമെന്ന് തീരുമാനിച്ചു. ശ്മശാനമൂകതയാണ് എല്ലായിടത്തും. ഒറ്റപ്പെട്ട ആളുകൾ നടപ്പാതയിലൂടെ നടന്നുപോകുന്നുണ്ട്. സി ആർ പി എഫ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ തോക്കേന്തി നിൽക്കുന്നു. കൃത്യമായ ഇടവേളകളിട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരിക്കുന്നത്. പോലീസ് വാഹനങ്ങൾ ഹോൺ മുഴക്കി റോന്തുചുറ്റുന്നു. പ്രധാന റോഡിൽ നിന്ന് ഗല്ലികളിലേക്കുള്ള പ്രവേശന കവാടങ്ങൾ കെട്ടിയടച്ചിട്ടുണ്ട്. കമ്പികൾ, മുളവടികൾ തുടങ്ങിയവല്ലാം ഉപയോഗിച്ചാണ് ഇന്നോളം അടക്കാതിരുന്ന ഗല്ലികളിലേക്കുള്ള കവാടങ്ങൾ അടച്ചിരിക്കുന്നത്. അക്രമികൾ ഇനിയും വന്നേക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ എല്ലാം കെട്ടിയടച്ചിരിക്കുന്നത്. പ്രദേശത്ത് ഒരു കട പോലും തുറന്നിട്ടില്ല. തുടർച്ചയായി നടന്നുകൊണ്ടേയിരുന്നു. നടത്തതിനിടയിൽ ഒന്നു നിന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇങ്ങിനെ പറയും- ഇതർ റുക് നഹി സക്‌ത്തെ ജൽതി ജാഹോ ( ഇവിടെ നിൽക്കരുത്, പെട്ടെന്ന് പോകൂ)
ജാഫറാബാദിൽ ശഹീൻബാഗ് മാതൃകയിൽ സ്ത്രീകൾ സമരം നടത്തുന്ന സ്ഥലത്തെത്തി. ഇപ്പോഴും ഇവിടെ സമരം നടക്കുന്നുണ്ട്. അക്രമം വിതച്ച പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സമരത്തിനെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തു നിന്ന് പോലീസ് സമരക്കാരെ ഒഴിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ വീണ്ടും സമരവേദിയിൽ ഒത്തുകൂടുകയായിരുന്നു. അവകാശങ്ങൾ ലഭിക്കും വരെ സമരം ചെയ്യുമെന്ന് ഇവിടെയുള്ള സ്ത്രീകൾ ആവർത്തിച്ചു പറയുന്നു.
ജാഫറാബാദിൽ നിന്ന് ശിവ നഗറിലേക്ക് പോകുന്ന മെട്രോയൂടെ അടിയിലൂടെ നടക്കാൻ തീരുമാനിച്ചു. ഈ മെട്രോയും സീലാംപൂരിൽ നിന്ന് യു പിയിലേക്ക് പോകുന്ന ഹൈവേയും നേർരേഖയിലാണ്. അക്രമം വന്ന വഴി ഇതാണ്.
അക്രമത്തിന്റെ ബാക്കിപത്രങ്ങൾ ഇവിടെ എല്ലായിടത്തുമുണ്ട്. അഗ്നി വിഴുങ്ങി കറുത്ത പാടുകൾ തീർത്ത കെട്ടിടങ്ങൾ, തല്ലിതകർത്ത ഡിവൈഡറുകൾ എല്ലാം കാണാം. പ്രധാന റോഡിൽ നിന്ന് ഗല്ലികൾക്കുള്ളിലേക്ക് കയറിയാലാണ് ഭീതിദമായ അവസ്ഥ. മുസ്‌ലിം ഗല്ലികളിൽ മിക്കതും അഗ്നിക്കിരയാക്കപ്പെട്ടിരിക്കുന്നു. കുഞ്ഞുങ്ങളുടെ പുസ്തകങ്ങൾ ഉൾപ്പെടെയുള്ളവ ചാമ്പലാക്കപ്പെട്ടിരിക്കുന്നു. അക്രമം കൂടുതൽ അരങ്ങേറിയ പ്രദേശങ്ങൾ മൗജ്പൂർ, ഗോൽപൂരി, ബ്രിജ്പുരി, മുസ്തഫബാദ് തുടങ്ങിയവയാണ്. വീടുകൾക്കും കെട്ടിടങ്ങൾക്കും പുറമെ പള്ളികൾ, മസാറുകൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട് ഇവിടെ. ജയ് ശ്രീറാം വിളികളോടെയായിരുന്നു ഇവിടെ അക്രമം അരങ്ങേറിയത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

