Connect with us

Editorial

ബാലാകോട്‌ മിന്നലാക്രമണം ഒരു വര്‍ഷം പിന്നിടുമ്പോള്‍

Published

|

Last Updated

ബാലാകോട്‌ “മിന്നലാക്രമണ”ത്തിന്റെ വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26നായിരുന്നു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്ന് ബാലാകോടില്‍ ജയ്‌ഷെ തീവ്രവാദ ക്യാമ്പ് തകര്‍ത്ത് തീവ്രവാദികള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെച്ചുവെന്ന് പറയപ്പെടുന്നത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ് ഈ സംഭവം. മോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം ലാക്കാക്കി മെനഞ്ഞെടുത്ത ഒരു കെട്ടുകഥയാണ് ബാലാകോട് ആക്രമണമെന്നു വിശ്വസിക്കുന്നവര്‍ രാഷ്ട്രീയ നേതൃരംഗത്ത് നിരവധിയുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി സംസാരിക്കവെ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ഇതുസംബന്ധിച്ച തന്റെ സന്ദേഹം ആവര്‍ത്തിച്ചു പ്രകടിപ്പിക്കുകയുണ്ടായി. മിന്നലാക്രമണവുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് അഭിപ്രായപ്പെട്ട കമല്‍നാഥ്, ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. നമ്മുടെ സൈന്യത്തില്‍ അഭിമാനമുള്ളയാളാണ് ഞാന്‍. എന്നാല്‍ മിന്നലാക്രമണം സത്യമെങ്കില്‍ അതിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റയോ ചിത്രങ്ങളുടെ തെളിവോ ഇതുവരെ ആരും പുറത്തുവിടാത്തതെന്തു കൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. നേരത്തേ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉള്‍പ്പെടെ മറ്റു പലരും ആവശ്യപ്പെട്ടിരുന്നു മിന്നലാക്രമണത്തിന്റെ തെളിവുകള്‍.

ഇത് കേവലം കക്ഷിരാഷ്ട്രീയ വിരോധത്തില്‍ നിന്നുടലെടുത്ത ആരോപണമല്ല. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ബന്ധുക്കളും വിദേശ മാധ്യമങ്ങളും ബാലാകോട് മിന്നലാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പുല്‍വാമയില്‍ കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാന്മാരായ പ്രദീപ്കുമാറിന്റെയും രാംവകീലിന്റെയും ബന്ധുക്കളാണ് മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണിക്കാമോ എന്ന് ചോദിച്ചത്. ബാലാകോട് ഭീകരര്‍ കൊല്ലപ്പെട്ടതിന് ഒരു തെളിവുമില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ലണ്ടനിലെ ജയിന്‍ ഇന്‍ഫര്‍മേഷന്‍ ഗ്രൂപ്പ്, ഡെയ്‌ലി ടെലഗ്രാഫ്, ഗാര്‍ഡിയന്‍, റോയിട്ടേഴ്‌സ് തുടങ്ങിയ വിദേശ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്.

മിന്നലാക്രമണം സംബന്ധിച്ച് അന്ന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് ഈ സന്ദേഹത്തിനൊരു പ്രധാന കാരണം. ബാലാകോട് 350 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആക്രമണം നടന്ന ഉടനെ ബി ജെ പി കേന്ദ്രങ്ങള്‍ അവകാശപ്പെട്ടത്. അതേസമയം 300 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രസ്താവന. പിന്നീട് അമിത് ഷാ പറഞ്ഞത് 250 പേര്‍ കൊല്ലപ്പെട്ടെന്നാണ്. ആക്രമണം നടത്തിയ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയോട് എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, അത് വ്യക്തമാക്കേണ്ടതു സര്‍ക്കാറാണെന്നു പറഞ്ഞ് എണ്ണം പറയുന്നതില്‍ നിന്ന് അദ്ദേഹം തന്ത്രപൂര്‍വം ഒഴിഞ്ഞു മാറുകയായിരുന്നു.

ബാലാകോട് ആക്രമണത്തെ മോദിയും ബി ജെ പിയും രാഷ്ട്രീയവത്കരിച്ചതും സന്ദേഹത്തിന് ഇടയാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായിരുന്നു ബാലാകോട് മിന്നലാക്രമണം. റാഫേല്‍ യുദ്ധവിമാന ഇടപാട് ഉള്‍പ്പെടെ മോദി സര്‍ക്കാര്‍ വിവിധ അഴിമതി ആരോപണങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും നേരിടുന്ന ഒരു ഘട്ടം. അന്ന് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുമ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഭരണകക്ഷിക്ക് പുതിയ എന്തെങ്കിലും വിഷയം ആവശ്യമായിരുന്നു. ഈ അവസരത്തിലാണ് ഓര്‍ക്കാപുറത്ത് ബാലാകോട് ആക്രമണം കടന്നു വരുന്നത്. മോദിയും ബി ജെ പിയും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇത് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നാണ് ബാലാകോട് ആക്രമണത്തിലേക്ക് വിരല്‍ ചൂണ്ടി അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. അതിന്റെ ക്രെഡിറ്റ് മുഴുവനും തനിക്കാണെന്നു സ്ഥാപിക്കുകയായിരുന്നു ഇതുവഴി മോദി. തിരഞ്ഞെടുപ്പ് റാലികളില്‍ ഇന്ത്യന്‍ സേനയെ മോദി സേനയെന്നാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ചില ബി ജെ പി നേതാക്കള്‍ അന്ന് വിശേഷിപ്പിച്ചത്. ബി ജെ പിയുടെ മികച്ച വിജയത്തില്‍ ഈ പ്രചാരണം മുഖ്യ പങ്കുവഹിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്യുന്നു.

സൈന്യത്തെ ഈ വിധം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ അന്ന് സൈനിക മേധാവികള്‍ തന്നെ രംഗത്ത് വരികയുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെ വിരമിച്ച 156 സൈനികര്‍ ഒപ്പിട്ട ഒരു കത്ത് സര്‍വ സൈന്യാധിപനെന്ന നിലയില്‍ രാഷ്ട്രപതിക്ക് നല്‍കുകയും ചെയ്തിരുന്നു. സൈനിക നടപടികളുടെ വിജയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ രാഷ്ട്രീയ നേതാവിന്റെയോ വിജയമല്ലെന്നും സൈന്യത്തെ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
17 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെടാനിടയായ ഉറി തീവ്രവാദി ആക്രമണത്തിനു തിരിച്ചടിയായി 2016 സെപ്തംബറില്‍ നമ്മുടെ സേന ഒരു മിന്നലാക്രമണം നടത്തിയിരുന്നു. പാക്അധീന കശ്മീരില്‍ മൂന്ന് കി.മീറ്റര്‍ ഉള്ളോട്ട് കടന്നുചെന്ന് ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാ കമാന്‍ഡോകള്‍ തീവ്രവാദികളുടെ ഇടത്താവളങ്ങള്‍ തകര്‍ത്ത പ്രസ്തുത ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് ഔദ്യോഗിക കേന്ദ്രങ്ങള്‍ പുറത്തു വിടുകയുണ്ടായി. എത്ര തീവ്രവാദികളെയാണ് അന്ന് വകവരുത്തിയതെന്ന വ്യക്തമായ കണക്കും സര്‍ക്കാര്‍ പുറത്തുവിട്ടു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗുമായി നരേന്ദ്ര മോദി ഈ വിഷയം സംസാരിക്കുകയും ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. എന്തുകൊണ്ട് അന്നത്തെ പോലൊരു സുതാര്യമായ നിലപാട് ബാലാകോട് ആക്രമണത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതുസംബന്ധിച്ച് ആരെങ്കിലും സംശയം ഉന്നയിക്കുമ്പോള്‍ എന്തുകൊണ്ടാണ് അധികൃത കേന്ദ്രങ്ങള്‍ ഇരുട്ടില്‍ തപ്പുന്നത്?

Latest