Connect with us

National

ജാഫറാബാദ്: തോറ്റുപോകാത്ത ജനത ഈ തെരുവില്‍ ഇപ്പോഴും സമരത്തിലാണ്

Published

|

Last Updated

ന്യൂഡല്‍ഹി | തോറ്റുപോകാത്ത ഈ ജനത ഇപ്പോഴും ഇവിടെ പ്രതിഷേധത്തിലാണ്. ശഹീന്‍ബാഗ് മാതൃകയില്‍ ഡല്‍ഹിയിലെ ജഫറാബാദില്‍ ആരംഭിച്ച സ്ത്രീകളുടെ സമരം സംഘ് ഭീകരർ അഴിഞ്ഞാടിയ ദിനങ്ങൾക്ക് ശേഷവും ശക്തമായി തുടരുന്നു. ജാഫറാബാദ് മുതല്‍ ശിവ വിഹാര്‍വരെ നീണ്ടു കിടക്കുന്ന വലിയ പ്രദേശത്താണ് കഴിഞ്ഞ നാലു ദിവസങ്ങളായിയുള്ള അക്രമം അരങ്ങേറിയത്. ജാഫറാബാദിലെ ഈ സമരത്തിന് മറുപടിയായിട്ടാണ് ഹിന്ദുത്വ ശക്തികൾ ഡല്‍ഹിയിൽ ആക്രമണം ആസൂത്രണം ചെയ്തതത്. അക്രമത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും ജാഫറാബാദിലെ  ജനത പൗരത്വ ഭേതഗതിക്കെതിരെയുള്ള സമരത്തില്‍ നിന്നു പിന്‍മാറാന്‍ തയ്യാറായില്ല. തങ്ങള്‍ സമരം ചെയ്യുന്നത് ഭരണകൂടത്തിനെതിരെയാണ്; അവകാശങ്ങള്‍ക്ക് വേണ്ടി. അതു നേടിയെടുക്കുന്നതുവരെ ഇവിടെ തന്നെയുണ്ടാകുമെന്ന് സമര പോരാളികള്‍ പറഞ്ഞു.

അതേസമയം, ഈ പ്രദേശങ്ങളില്‍ അരങ്ങേറിയ കലാപത്തിന് അയവുവന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്കെത്തിയിട്ടില്ല. സി ആര്‍ പി എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഘർഷം നടന്ന മുഴുവന്‍ പ്രദേശങ്ങളിലും തമ്പടിച്ചിട്ടുണ്ട്. ശശ്മശാന മൂകമായ അന്തരീക്ഷത്തിന് സമാനമാണ് സീലംപൂര്‍ മുതല്‍ ശിവ വിഹാര്‍ വരെ നീണ്ടു കിടക്കുന്ന വലിയ പ്രദേശം. ആളുകളെ കൂട്ടം കൂടിനില്‍ക്കാനോ റോഡുകളില്‍ ഒറ്റയ്ക്ക് നില്‍ക്കാനോ പോലും സുരക്ഷ വിഭാഗം അനുവദിക്കുന്നില്ല. ഈ പ്രദേശങ്ങളിലെല്ലാം ഷോപ്പുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പ്രധാന റോഡുകളില്‍ ഗല്ലികളിലേക്ക് കയറുന്ന പ്രവേശന കവാടങ്ങള്‍ പ്രദേശവാസികള്‍ അടച്ചിട്ടുണ്ട്.

മുള കമ്പിവേലി തുടങ്ങിയവ ഉപയോഗിച്ചാണ് ഗല്ലികളിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നത്. ഉന്തുവണ്ടികളില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നവര്‍ കിലോമീറ്ററുകള്‍ നടന്നാല്‍ ഒന്നോ രണ്ടോ കാണാം. സാധരണത്തേതിലും കൂടുതല്‍ വിലയിലാണ് വിൽപ്പന നടത്തുന്നത്. മെട്രോ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കടത്തി വിടുന്നു. ചെറിയ രീതിയില്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലറങ്ങിയിട്ടുണ്ട്. ബസ് സര്‍വീസുകള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. അതിനിടെ, കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയാതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കുട്ടികള്‍പ്പെടയുള്ളവരെ കണാതായ പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ ബന്ധപ്പെടുന്നുണ്ട്.

Latest