Connect with us

Editors Pick

പേടിക്കേണ്ട, ഞങ്ങള്‍ മനുഷ്യരുണ്ടിവിടെ; പരസ്പരം കാവലൊരുക്കി ഹിന്ദു-മുസ്ലിം വിഭാഗങ്ങളുടെ സ്‌നേഹഗാഥ

Published

|

Last Updated

ന്യൂഡല്‍ഹി | “അന്തര്‍ രഹോ, മെഹ്ഫൂസ് രഹോ സബ്” (അകത്തു തന്നെയിരിക്കൂ, എല്ലാവരും സുരക്ഷിതരാകൂ)- അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദില്‍ നിന്നാണ് ഈ രംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഒരു പ്രദേശവാസിയുടെ
പ്രതികരണം ഇങ്ങനെയായിരുന്നു.-” അക്രമികളെന്നു തോന്നുന്നവരെ തത്ക്ഷണം വെടിവക്കാനുള്ള ഉത്തരവാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രദേശത്തുള്ള ഒരാള്‍ക്കും പോലീസിന്റെ വെടിയേല്‍ക്കരുതെന്നാണ് ആഗ്രഹം.”

മുസ്തഫാബാദിലെ തെരുവുകളിലെ ഭൂരിഭാഗം സ്ഥലങ്ങളും വിജനമാണ്. പോലീസും അര്‍ധ സൈനികരും മാത്രമാണ് പല ഭാഗത്തുമുള്ളത്. എന്നാല്‍, ഇടുങ്ങിയ പാതയോരങ്ങളില്‍ ഇപ്പോഴും ചിലര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ട്. അക്രമികളില്‍ നിന്നും പോലീസില്‍ നിന്നും പരസ്പരം സുരക്ഷയൊരുക്കുകയാണ് അവര്‍.
“നോക്കൂ, കുറച്ചു പേര്‍ മാത്രമാണ് സ്ഥിതി വഷളാക്കുന്നത്. ഒരു ഭാഗത്തു നിന്നും അക്രമമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.” നിലവിലെ അവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. “അതാ, ആ വീട്ടില്‍ മൂന്നു ദിവസത്തോളമായി ഒരു ബ്രാഹ്മണ പെണ്‍കുട്ടി കഴിയുന്നുണ്ട്. അതൊരു മുസല്‍മാന്റെ വീടാണ്.”

സോണിയ ഗോസ്വാമി എന്ന പെണ്‍കുട്ടിയാണ് ഡല്‍ഹിയില്‍ അക്രമമുണ്ടായതിനെ തുടര്‍ന്ന് മൂന്നു ദിവസമായി മുഹമ്മദ് അര്‍ഷാദ് ഖാന്‍ എന്നയാളുടെ വീട്ടില്‍ താമസിക്കുന്നത്. കാര്യങ്ങള്‍ നിയന്ത്രണാതീതമായ സമയത്ത് താന്‍ കോളജിലായിരുന്നുവെന്ന് സോണിയ പറഞ്ഞു. “തന്റെ വീട്ടില്‍ വന്നു നിന്നു കൊള്ളാനും അവിടം സുരക്ഷിതമാണെന്നും എന്റെ സഹപാഠിയും സുഹൃത്തുമായ ഷമ മാലിക്ക് പറയുകയായിരുന്നു.” സോണിയ വ്യക്തമാക്കി.

“ശിവ് വിഹാറിലാണ് അവള്‍ കഴിയുന്നത്. അവിടെ അക്രമം വ്യാപകമായിരുന്നു. അവള്‍ സുരക്ഷിതയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും കൂടെ കൊണ്ടുപോരുകയുമായിരുന്നു. അരക്ഷിതയായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് ഞാനെങ്ങനെ അവളെ അവിടെ വിട്ടുപോരും.” ഷമ പറഞ്ഞു.

ഇതുമാത്രമല്ല, മേഖലയിലെ പ്രതീക്ഷയുണര്‍ത്തുന്നതും ആശ്വാസകരവുമായ സംഭവം. ഷമയുടെ വീടിന് 500 മീറ്റര്‍ മാത്രം അകലെ ലെയ്ന്‍ നമ്പര്‍ 15ല്‍ മൂന്നു ഹിന്ദു വീടുകളുണ്ട്. അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ അത്യന്തം ഭയചകിതരായിരുന്നു ഈ വീട്ടുകാരെന്ന് പ്രദേശത്തുകാരനും ഡ്രൈവറുമായ 40കാരന്‍ മുഹമ്മദ് ഇമ്രാന്‍ പറയുന്നു. പേടിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും അവരോട് പറഞ്ഞു. നിങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരാണ്, നിങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും കൂടി പറഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്വാസമായി.

തന്റെ അയല്‍ക്കാരിലൊരാളായ മോനുവെന്ന ഹിന്ദു മതക്കാരന്‍ 35 വര്‍ഷമായി തന്റെ അടുത്ത സുഹൃത്താണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
അക്രമമുണ്ടായ രാത്രി വല്ലാതെ ഭയപ്പെട്ടു പോയെന്ന് മോനു പറയുന്നു. “വെടിവെപ്പും കല്ലേറും നടന്നപ്പോള്‍ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. സ്‌നേഹിതന്‍ മോനുവും മറ്റു ചിലരും ധൈര്യം പകരുകയും പ്രദേശത്തു നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു. ഇതൊന്നും പോരാത്തതിന് രാത്രി മുഴുവന്‍ ഞങ്ങളുടെ വീടുകള്‍ക്ക് കാവല്‍ നിന്നു. ഒരു ഭാഗത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ വ്യത്യസ്ത മതവിഭാഗത്തില്‍ പെടുന്നവരായിട്ടും ഞങ്ങളെ സ്‌നേഹിക്കാനും സഹായിക്കാനും പിന്തുണ നല്‍കാനും അവര്‍ തയാറായി. ശരിക്കും മനുഷ്യത്വത്തിന്റെ വെളിച്ചം വിതറുകയായിരുന്നു അവര്‍.”

ശ്യാം വിഹാറില്‍ ഹിന്ദു മതവിശ്വാസികളുടെ വീടുകളില്‍ അഭയം തേടിയ 25 മുസ്ലിം കുടുംബങ്ങളെ പോലീസ് സുരക്ഷയോടെ മുസ്തഫബാദിലെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി ഇവിടുത്തെ രോഗികളെ ചികിത്സിക്കാനായി പ്രത്യേക സംഘം രൂപവത്ക്കരിച്ച എയിംസിലെ ഡോക്ടര്‍ ഹര്‍ജീത് ഭട്ടി പറഞ്ഞു. ഹിന്ദുക്കളായ അയല്‍വാസികള്‍ ആര്‍ എസ് എസ് ഗുണ്ടകളില്‍ നിന്ന് രക്ഷിച്ചതുകൊണ്ടാണ് ഞങ്ങളിപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് ആശുപത്രിയിലെത്തിയവരിലൊരാള്‍ പറഞ്ഞു. ആരാണ് ഇതിനു പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. ആര്‍ എസ് എസിനും ബി ജെ പിക്കും കനത്ത പ്രഹരമേല്‍പ്പിക്കുന്ന മനുഷ്യരുള്ള എന്റെ ഇന്ത്യയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അദ്ദേഹം പ്രതികരിച്ചു.

തീവ്രവാദികളായ ചിലരാണ് മേഖലയില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചതെന്ന് പ്രദേശത്തുകാരനായ മുഹമ്മദ് റാഷിദ് പറഞ്ഞു. ഇവിടെയുള്ള പലര്‍ക്കും അഭയമേകിയത് മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗത്തെ ഒരു ഹൈന്ദവ ക്ഷേത്രമാണ്. ഞങ്ങളില്‍ പലരുടെയും കടകള്‍ അഗ്നിക്കിരയായി. ഭഗാരഥി വിഹാറിലെയും ഭജന്‍പുരയിലെയും ഞങ്ങളുടെ ബന്ധുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം കത്തിച്ചുകളഞ്ഞു. എല്ലായിടത്തും പരിഭ്രാന്തി നിലനില്‍ക്കുകയാണ്. റാഷിദ് തുടര്‍ന്നു.

ഭജന്‍പുര, ഭഗീരഥി വിഹാര്‍, ഗോകുല്‍പുരി തുടങ്ങിയ ഹിന്ദു പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട മുസ്ലിം ഭൂരിപക്ഷ മേഖലയാണ് മുസ്തഫാബാദ്. മതവിശ്വാസം പലതായിട്ടും പരസ്പരം കാവലൊരുക്കി മനുഷ്യ സ്‌നേഹത്തിന്റെ മഹാഗാഥകള്‍ രചിച്ചതിന്റെ ഒരുപാട് കഥകള്‍ ഇവിടുത്തെ പലര്‍ക്കും പറയാനുണ്ട്. വംശീയ വിദ്വേഷവും വെറുപ്പും വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് ഇന്ത്യയെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്ന് നെഞ്ചുറപ്പോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഈ മനുഷ്യര്‍ അടിവരയിട്ട് പ്രഖ്യാപിക്കുന്നു.