Connect with us

Ongoing News

വനിതാ ടി ട്വന്റി ലോകകപ്പ്: ന്യൂസിലന്‍ഡിനെയും മറികടന്ന് ഇന്ത്യ സെമിയില്‍

Published

|

Last Updated

മെല്‍ബണ്‍ | വനിതാ ടി ട്വന്റി ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി സെമിയിലേക്ക് ഇന്ത്യയുടെ രാജകീയ പ്രവേശം. മെല്‍ബണിലെ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കൃത്യവും കണിശവുമായ ബൗളിംഗും ഫീല്‍ഡിംഗുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ആധികാരിക വിജയം ഉറപ്പിച്ചു നില്‍ക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ കീവീസ് വിറപ്പിച്ചു. സ്‌കോര്‍: ഇന്ത്യ- 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133, ന്യൂസിലന്‍ഡ്-129/6 (20.0) ഇന്ത്യക്കു വേണ്ടി 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തി 46 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് കളിയിലെ താരം.

റാച്ചേല്‍ പ്രീസ്റ്റ് (12), സൂസി ബേറ്റ്‌സ് (ആറ്), സോഫി ഡിവൈന്‍ (14) എന്നിവര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ മാഡി ഗ്രീനും കാറ്റി മാര്‍ട്ടിനുമാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തേക്കുമെന്ന തോന്നലുളവാക്കിയത്. മാഡി 24 ഉും കാറ്റി 25 ഉം റണ്‍സുമെടുത്തു. അവസാന ഓവറില്‍ കീവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സാണ്. ശിഖ പാണ്ഡെ എറിഞ്ഞ ആദ്യ പന്ത് ബൗണ്ടറിയിലെത്തി. പിന്നത്തെ മൂന്നു പന്തില്‍ സിംഗിളുകള്‍. അഞ്ചാമത്തെ പന്ത് അതിര്‍ത്തി കടന്നു. അവസാന പന്തില്‍ കീവിസ് ലക്ഷ്യം അഞ്ച് റണ്‍സ്. എന്നാല്‍ പന്ത് തട്ടിയിട്ട് ഓടിയ ഹെയ്‌ലെ ജെന്‍സണ്‍ റണ്ണൗട്ടായി. പന്തെറിഞ്ഞ എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, ടോസ് ലഭിച്ച ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഷെഫാലി വര്‍മ കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ കം ബാറ്റ്‌സ്മാന്‍ തനിയ ഭാട്ടിയയും (25 പന്തില്‍ 23) രാധാ യാദവും (ഒമ്പതില്‍ 14) ഇന്ത്യക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അസുഖം മാറി കളത്തില്‍ തിരിച്ചെത്തിയ സ്മൃതി മന്ദാനക്ക് 11 റണ്‍സ് മാത്രമാണ് എടുക്കാനായത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും (1) ബാറ്റിംഗില്‍ പൂര്‍ണ പരാജയമായി. ദീപ്തി ശര്‍മ്മ (എട്ട്), വേദ കൃഷ്ണമൂര്‍ത്തി (ആറ്), ശിഖ പാണ്ഡെ (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.

Latest