Connect with us

Gulf

കൊറോണ: ഉംറ തീര്‍ഥാടകര്‍ക്ക് സഊദി താത്ക്കാലിക വിലക്കേര്‍പ്പെടുത്തി

Published

|

Last Updated

മക്ക | ഏഷ്യന്‍- അറബ് രാജ്യങ്ങളില്‍ കൊറോണ വൈറസ് (നോവല്‍ കോവിഡ് -19) ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ഥാടകര്‍ക്ക് സഊദി അറേബ്യ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സഊദിയിലേക്കുള്ള സന്ദര്‍ശന വിസക്കും വിലക്ക് ബാധകമാണ്.
നിയന്ത്രണങ്ങള്‍ താത്ക്കാലികമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും സഊദി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊറോണ വൈറസ് പടരാതിരിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ സഊദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

അയല്‍ രാജ്യങ്ങളായ ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് തീര്‍ഥാടക-സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ അടിയന്തര ഘട്ടങ്ങളെ നേരിടാനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം പരിശോധിക്കാനും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. സഊദയില്‍ എത്തുന്നതിനു മുമ്പ് ഏത് രാജ്യമാണ് യാത്രക്കാര്‍ സന്ദര്‍ശിച്ചതെന്ന് എന്‍ട്രി പോയിന്റുകളിലെ ആരോഗ്യ അധികൃതര്‍ പരിശോധിക്കുകയും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുകയും ചെയ്യും.

ഹജ്ജ് സീസണ്‍ അടുത്തതോടെ തീര്‍ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് വിലക്കെന്ന് പൊതുജനാരോഗ്യ ഉപമന്ത്രി ഹാനി ബിന്‍ അബ്ദുല്‍ അസീസ് ജോഖ്ദാര്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് ഉംറ നിര്‍വഹിക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിക്കാനിരുന്ന തീര്‍ഥാടകരെ സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. കൊറോണ വൈറസ് രാജ്യത്ത് പടരാതിരിക്കുന്നതിനുള്ള ജാഗ്രതയോടെയുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും കൊറോണയെ പ്രതിരോധിക്കാന്‍ മറ്റു രാജ്യങ്ങളും സംഘടനകളും നടത്തുന്ന കഠിന ശ്രമത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.