Connect with us

Editorial

ഗുജറാത്ത് മോഡല്‍ പരീക്ഷണം ഡല്‍ഹിയിലും

Published

|

Last Updated

ഡല്‍ഹിയിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരക്കാരെ പിന്തിരിപ്പിക്കാനുള്ള പരമോന്നത കോടതിയുടെ ശ്രമവും പരാജയപ്പെട്ടതോടെ സമരം അടിച്ചമര്‍ത്താനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാര്‍ ഗുണ്ടകളും. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ശഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം നടക്കുന്ന ജാഫറാബാദ്, മൗജ്പൂര്‍, ഭജ്ഞന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പൂര്‍, ഖജൂരിഖാ എന്നിവിടങ്ങളില്‍ സംഘ് ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍. അക്രമത്തില്‍ ഒരു പോലീസുകാരനടക്കം പതിമൂന്ന് പേര്‍ മരണപ്പെടുകയും പത്ത് പേര്‍ക്ക് വെടിയേല്‍ക്കുകയും 150ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമികള്‍ ദയാല്‍പൂര്‍ മെട്രോ സ്റ്റേഷനു തീവെക്കുകയും എയര്‍ഫോഴ്‌സ് വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങളും കടകളും വീടുകളും അടിച്ചും തീയിട്ടും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. മൗജ്പൂരില്‍ കലാപ രംഗങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റമുണ്ടായി. പരുക്കേറ്റവരെയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനു നേരെയും ആക്രമണം നടന്നു. സംഘര്‍ഷ വ്യാപനം തടയാന്‍ ഡല്‍ഹിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിംകളെ തിരഞ്ഞു പിടിച്ചാണ് അക്രമണം അഴിച്ചു വിട്ടതെന്ന് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദീഖ് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഇരകളുടെ മൊഴികളും വ്യക്തമാക്കുന്നു. മുസ്‌ലിം സമുദായാംഗങ്ങളെ റോഡില്‍ വളഞ്ഞിട്ടു അക്രമിക്കുന്നതിന്റെയും കല്ലെറിയുന്നതിന്റെയും ദര്‍ഗയിലേക്ക് പെട്രോള്‍ ബോംബ് എറിയുന്നതിന്റെയും സമരപ്പന്തലിലെ വസ്തുക്കള്‍ നശിപ്പിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തു വന്നത്. കുപ്പിയില്‍ പെട്രോള്‍ നിറച്ചു തീകൊടുത്ത ശേഷം ദര്‍ഗയിലേക്ക് വലിച്ചെറിയുകയായിരുന്നു. മതം ചോദിച്ചറിഞ്ഞ ശേഷമാണ് സംഘ് ഗുണ്ടകള്‍ അക്രമം അഴിച്ചു വിടുന്നതെന്ന് അക്രമത്തിനിരയായവര്‍ വെളിപ്പെടുത്തുന്നു. ജയ്ശ്രീറാം വിളിച്ചും ഹിന്ദുക്കള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നുവെന്നു വിളിച്ചു പറഞ്ഞുമായിരുന്നു അവരുടെ അഴിഞ്ഞാട്ടം. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഗുജറാത്തില്‍ നടന്നതു പോലെ വംശീയ കലാപമാണ് അക്രമികളുടെ ലക്ഷ്യമെന്നാണ് അതിക്രമങ്ങളുടെ രീതി കാണുമ്പോള്‍ വ്യക്തമാകുന്നത്. സി എ എ വിരുദ്ധ സമരക്കാരെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ അനുയായികളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കപില്‍ മിശ്ര മൗജ്പൂരിലെത്തി സി എ എ അനുകൂലികളുമായി ചര്‍ച്ച നടത്തിയിരുന്നു.

കലാപത്തിനു തുടക്കമിട്ടത് സി എ എ വിരുദ്ധ സമരക്കാരാണെന്നാണ് ഭരണ കേന്ദ്രങ്ങളും ബി ജെ പിയും പ്രചരിപ്പിക്കുന്നത്. ചില മുഖ്യധാരാ മാധ്യമങ്ങള്‍ അതപ്പടി ഏറ്റുപാടുകയും ചെയ്യുന്നു. എന്നാല്‍ സംഘ്പരിവാര്‍ ഗുണ്ടകളാണ് കലാപം കുത്തിപ്പൊക്കിയതെന്നതിനു നിരവധി സാഹചര്യത്തെളിവുകളുണ്ട്. രണ്ട് ദിവസം മുമ്പ് അപ്രതീക്ഷിതമായി കലാപബാധിത പ്രദേശങ്ങളിലെ ഹൈന്ദവ വീടുകള്‍ക്കു മുമ്പില്‍ കാവിക്കൊടികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് അക്രമികള്‍ക്ക് ഹൈന്ദവ വീടുകള്‍ തിരിച്ചറിയാനും അക്രമത്തില്‍ നിന്ന് അവരെ ഒഴിവാക്കാനുമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. മാത്രമല്ല ഞായറാഴ്ച ബി ജെ പി നേതാവ് കപില്‍ മിശ്ര മൗജ്പൂരില്‍ വന്നപ്പോള്‍, ജാഫറാബാദ് സമരക്കാരെ മൂന്ന് ദിവസത്തിനകം അമര്‍ച്ച ചെയ്യണമെന്നും ഇല്ലെങ്കില്‍ അവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു തങ്ങള്‍ക്കറിയാമെന്നും ഭീഷണിയുടെ ഭാഷയില്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. മിശ്രയുടെ കലാപത്തിനുള്ള പരോക്ഷമായ ഈ ആഹ്വാനത്തിനു പിന്നാലെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

മാത്രമല്ല, രാജ്യത്തിന്നെവിടെയും മുസ്‌ലിംകള്‍ക്ക് ഒരു കലാപം നടത്താനുള്ള സാഹചര്യമല്ല നിലവിലുള്ളത്. ഡല്‍ഹിയില്‍ പ്രത്യേകിച്ചും. ക്രമസമാധാന പാലനം കേന്ദ്ര നിയന്ത്രണത്തിലുള്ള ഡല്‍ഹിയില്‍ പോലീസ് കേവലം സര്‍ക്കാറിന്റെ ചട്ടുകമാണ്. മുസ്‌ലിംകള്‍ സംഘര്‍ഷം സൃഷ്ടിച്ചാല്‍ തന്നെ മിനുട്ടുകള്‍ക്കകം അത് അടിച്ചമര്‍ത്താന്‍ പോലീസും അര്‍ധ സൈനിക വിഭാഗവും സജ്ജവുമാണവിടെ. എന്നിട്ടും അക്രമം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമ്പോള്‍ അതിനു പോലീസിന്റെ പരോക്ഷ പിന്തുണ ഉണ്ടെന്നു വ്യക്തം. സംഘര്‍ഷവും അക്രമവും രൂക്ഷമായിട്ടും പോലീസിവിടെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ പോലീസുകാര്‍ കല്ലെറിയുന്ന ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കലാപം കത്തിപ്പടരുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹം ഇക്കാര്യം ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കിടെ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഏറെയും മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമാണെന്നതും ശ്രദ്ധേയമാണ്.
രണ്ടര മാസത്തോളമായി തുടരുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം ഇപ്പോഴും ആവേശപൂര്‍വം തുടര്‍ന്നു വരുന്നത് കേന്ദ്ര സര്‍ക്കാറിനെയും സംഘ്പരിവാര്‍ സംഘടനകളെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ 15ന് ശഹീന്‍ ബാഗില്‍ സമരപ്പന്തല്‍ ഉയര്‍ന്നപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കകം അത് കെട്ടടങ്ങുമെന്നും മുസ്‌ലിംകള്‍ മാത്രമേ പ്രതിഷേധ രംഗത്തുണ്ടാകുകയുള്ളൂവെന്നുമാണ് സര്‍ക്കാറും ബി ജെ പിയും ധരിച്ചത്. എന്നാല്‍ സമരം മതഭേദമന്യെ എല്ലാ സമുദായങ്ങളുടെയും പിന്തുണയാര്‍ജിക്കുകയും ദിനംപ്രതി

ശക്തിയാര്‍ജിക്കുകയുമായിരുന്നു. അന്താരാഷ്ട്ര തലങ്ങളിലും ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു ശഹീന്‍ ബാഗ്. ഇതോടെ പോലീസിനെ ഉപയോഗപ്പെടുത്തി സമരം അടിച്ചൊതുക്കാനുള്ള ശ്രമം സര്‍ക്കാര്‍ നേരത്തേ നടത്തിയിരുന്നു. അതെല്ലാം അതിജീവിച്ചു സമരം പിന്നെയും തുടര്‍ന്നതോടെയാണ് ഇപ്പോള്‍ സംഘ്പരിവാര്‍ ഗുണ്ടകളെ ഇറക്കി കലാപം അഴിച്ചുവിട്ട് സമരം പൊളിക്കാനും ഇതിന്റെ മറവില്‍ ഗുജറാത്ത് മോഡല്‍ വംശഹത്യ പ്രയോഗിക്കാനും ഒരുങ്ങിപ്പുറപ്പെട്ടത്. എന്നാല്‍ ഇത് സമരപോരാളികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുകയേ ഉള്ളൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡല്‍ഹിയിലെ സംഘര്‍ഷ വിവരങ്ങള്‍ ശഹീന്‍ ബാഗ് കേസില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അഭിഭാഷകനായ മഹ്മൂദ് ചൊപ്ര ഇന്നലെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ശഹീന്‍ ബാഗ് കേസിനൊപ്പം വിഷയം ഇന്ന് പരിഗണിക്കാമെന്നു കോടതി ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ നിഷ്പക്ഷ ഇടപെടലിനു കാതോര്‍ക്കുകയാണ് ജനാധിപത്യ മതേതര ഇന്ത്യ.