Connect with us

Ongoing News

മരിയ ഷറപ്പോവ ടെന്നീസിനോട് വിട ചൊല്ലി; അഞ്ചു തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരം

Published

|

Last Updated

ന്യൂയോര്‍ക്ക് | റഷ്യന്‍ താരം മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. വോഗ് ആന്‍ഡ് വാനിറ്റി ഫെയര്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്, അഞ്ചു തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ ഷറപ്പോവ വിരമിക്കില്‍ പ്രഖ്യാപിച്ചത്. “ടെന്നീസ്…ഞാന്‍ നിന്നോട് വിട പറയുന്നു” എന്നാണ് ലേഖനത്തിന്റെ തലവാചകം. ഒരുകാലത്ത് ലോക ഒന്നാം നമ്പറായിരുന്ന താരം നിലവില്‍ 373 ാം റാങ്കിലാണ്.

2004 ല്‍ പതിനേഴാം വയസ്സില്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായ ഷറപ്പോവ ഈ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന ബഹുമതിക്ക് അര്‍ഹയായി. 2005 ല്‍ ലോക ഒന്നാം നമ്പറായി. തൊട്ടടുത്ത വര്‍ഷം യു എസ് ഓപ്പണ്‍ കിരീടം ചൂടി. ഇതിനു ശേഷം പരുക്ക് വിടാതെ പിടികൂടി. പിന്നീട് 2008ല്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ നേടി. പരുക്ക് വീണ്ടും പ്രതിബന്ധമായതോടെ ആ വര്‍ഷത്തെ യു എസ് ഓപ്പണും ബെയ്ജിങ് ഒളിമ്പിക്സും നഷ്ടമായി. 2012-ല്‍ തിരിച്ചുവന്ന് ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി. ആ വര്‍ഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി. 2014-ല്‍ ഷറപ്പോവ വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടമുയര്‍ത്തി.

2016-ല്‍ ആസ്‌ത്രേലിയന്‍ ഓപ്പണിനിടെ നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട ഷറപ്പോവക്ക് ടെന്നീസ് അധികൃതര്‍ 15 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. വിലക്കിന്റെ കാലാവധി കഴിഞ്ഞ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ ഫോം കണ്ടെത്താന്‍ ഷറപ്പോവക്ക് കഴിഞ്ഞില്ല. തോളെല്ലിനേറ്റ പരുക്ക് വീണ്ടും വില്ലനായി അവതരിച്ചു.

Latest