Connect with us

Kerala

ഡല്‍ഹി വംശഹത്യ; പ്രതിപക്ഷ കക്ഷികള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കരുത്- സമസ്ത ഇ കെ വിഭാഗം

Published

|

Last Updated

കോഴിക്കോട് |  ഡല്‍ഹിയില്‍ നടക്കുന്ന മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കാനായി ജനാധിപത്യ കക്ഷികള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പെട്ടു. മതതേരത്വ ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ പ്രതിപക്ഷം മുന്‍കൈയെടുക്കണം. കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ട സമയമല്ലിത്. ഡല്‍ഹിയിലെ സമാധാന സ്ഥാപനത്തിനായി കേരളത്തില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളും ഉടന്‍ ഇടപെടണം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതൃത്വം കേന്ദ്ര സര്‍ക്കാറിന്റെ അക്രമികള്‍ക്ക് അനുകൂലമായ നിലാപാടുകള്‍ക്കെതിരേ ശക്തമായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചെന്നും ഇവര്‍പറഞ്ഞു.

ഡല്‍ഹി മറ്റൊരു ഗുജറാത്ത് ആവുകയാണ്. മതം ചോദിച്ചുള്ള ആക്രമണങ്ങളാണ് അവിടെ നടക്കുന്നത്. ഇതിനായി ശരീര പരിശോധനകള്‍ പോലും നടക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരേയുള്ള സമരങ്ങള്‍ രാജ്യത്ത് ഇതുവരെ നടന്നിട്ട് ഒരിടത്തും സമരക്കാരുടെ ഭാഗത്തുനിന്ന് ആക്രമണങ്ങളുണ്ടായിട്ടില്ല. സമാധാനപരമായാണ് അവര്‍ പ്രതിഷേധിച്ചത്. എന്നാല്‍ ആക്രമണത്തിനുള്ള ആഹ്വാനങ്ങള്‍ കേന്ദ്ര മന്ത്രിമാരുടെ ഭാഗത്തുനിന്നു പോലുമുണ്ടായെന്നത് ഖേദകരമാണ്. അക്രമങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ഡല്‍ഹി പൊലിസും കെജ്‌രിവാള്‍ സര്‍ക്കാരും പരാജയപ്പെട്ടുവെന്നും ഇ കെ വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി.