Connect with us

Gulf

ഗ്രാന്‍ഡ് മസ്ജിദ് മുന്‍ ഇമാം വസീം യൂസുഫിനെതിരായ സാമൂഹിക മാധ്യമ ആക്രമണക്കേസ്; വിധി മാര്‍ച്ചില്‍

Published

|

Last Updated

അബൂദബി | യു എ ഇയിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനും അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് മുന്‍ ഇമാമുമായ ശൈഖ് വസീം യൂസുഫിനെതിരെ നടന്ന സാമൂഹിക മാധ്യമ ആക്രമണ കേസില്‍ മാര്‍ച്ചില്‍ വിധി പറയും. സ്വദേശികളും വിദേശികളും പ്രതികളായ 16 കേസുകളിലാണ് വിധി പറയുക. അബൂദബി ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിംഗിലാണ് കേസിലെ വിധിപറയല്‍ മാര്‍ച്ചിലേക്ക് നിശ്ചയിച്ചത്.

തനിക്കെതിരെ വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണം നടത്തുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ച് 19 പേര്‍ക്കെതിരെയായിരുന്നു വസീം യൂസുഫ് പരാതി നല്‍കിയിരുന്നത്. ഇതില്‍ മൂന്ന് കേസുകളില്‍ നേരത്തെ കോടതി തീര്‍പ്പുകല്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചിലര്‍ ഇതിനിടെ രാജ്യം വിട്ടിരുന്നതിനാല്‍ ഇവരുടെ അഭാവത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. അവശേഷിക്കുന്ന 16 കേസുകളിലാണ് മാര്‍ച്ചില്‍ വിവിധ ദിവസങ്ങളിലായി വിധിപറയുക.

അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെ ഇമാമും ഖത്വീബുമായി വര്‍ഷങ്ങളോളം സേവനം ചെയ്ത വസീം യൂസുഫിനെ തത്സ്ഥാനത്തു നിന്നു ഈയിടെ അധികൃതര്‍ മാറ്റിയിരുന്നു. വിശ്വാസികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചുവെന്ന കണ്ടെത്തലാണ് ഗ്രാന്‍ഡ് മസ്ജിദ് ഇമാം സ്ഥാനത്തുനിന്ന് നീക്കാന്‍ കാരണമായി പറയപ്പെടുന്നത്. സ്വഹീഹുല്‍ ബുഖാരിക്കെതിരെ പരാമര്‍ശം നടത്തിയെന്നതിനാലായിരുന്നു സാമൂഹിക മാധ്യമങ്ങള്‍ വഴി ചിലര്‍ വസീമിനെതിരെ തിരിഞ്ഞത്. ജോര്‍ദാന്‍ വംശജനായ വസീം യൂസുഫ് 2014ല്‍ ഇമാറാത്തി പൗരത്വം ലഭിച്ച പണ്ഡിതനാണ്.