Connect with us

Gulf

നിരവധി പുതിയ കെട്ടിടങ്ങള്‍ തയാര്‍, ദുബൈയില്‍ താമസ വാടക കുറയും

Published

|

Last Updated

ദുബൈ | ദുബൈയില്‍ താമസ വാടക കുറയാന്‍ സാധ്യത. പ്രോപ്പര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചതാണിത്. ഏതാനും വര്‍ഷങ്ങളായി വാടക ക്രമാനുഗതമായി കുറഞ്ഞുവരുന്നുണ്ട്. 2019 രണ്ടാം പകുതിയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടക ശരാശരി 2.4 ശതമാനം കുറഞ്ഞുവെന്ന് പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ ട്രെന്‍ഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കെട്ടിടങ്ങള്‍ ധാരാളമുള്ള ജുമൈറ വില്ലേജ് ട്രയാംഗിള്‍ (13.8 ശതമാനം), ടൗണ്‍ സ്‌ക്വയര്‍ (10.8 ശതമാനം), ദുബൈ സ്പോര്‍ട്സ് സിറ്റി (10 ശതമാനം) എന്നിവിടങ്ങളില്‍ വാടകയില്‍ ഗണ്യമായ കുറവുണ്ടായി. “2020 ല്‍ 40,000 മുതല്‍ 50,000 വരെ യൂനിറ്റുകള്‍ ദുബൈയില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് വാടക ഇനിയും കുറയാനാണ് സാധ്യത. പ്രോപ്പര്‍ട്ടി ഫൈന്‍ഡറിലെ ഡാറ്റ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ലിനെറ്റ് അബാദ് പറഞ്ഞു. വാടക നിലനിര്‍ത്താന്‍ സ്ഥാപനങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉള്ളതിനാല്‍ വലിയ മാറ്റം ഉണ്ടാവില്ല എന്നേയുള്ളൂ.

ഒരു പ്രദേശവും മാര്‍ക്കറ്റ് ഡൈനാമിക്സില്‍ നിന്ന് പൂര്‍ണമായും മുക്തമല്ല. 2010 അല്ലെങ്കില്‍ 2011 ലെ നിരക്കുകള്‍ക്ക് സമാനമായതോ കുറഞ്ഞതോ ആയ നിരക്കിലേക്ക് തിരിച്ചെത്തിയതിനാല്‍ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിലത് വേറിട്ടുനില്‍ക്കുന്നു. ദുബൈ മറീന ഒരു ഉദാഹരണമാണ് – പ്രോപ്പര്‍ട്ടി സര്‍വീസ് കമ്പനിയായ അസ്റ്റെക്കോയുടെ കണക്കുകള്‍ പ്രകാരം 2008 ല്‍ ഒരു കിടപ്പുമുറി അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 63,000 ദിര്‍ഹമായി കുറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ പ്രദേശത്തെ വാടക ഉയര്‍ന്നു 113,000 ദിര്‍ഹത്തില്‍ എത്തി. 2019 അവസാനത്തോടെ ശരാശരി 58,000 ദിര്‍ഹമായി താഴ്ന്നു.

പാം ജുമൈറയിലെ അഞ്ച് ബെഡ്‌റൂം പ്രോപ്പര്‍ട്ടി 2009 ലും 2010 ലും ശരാശരി 450,000 ദിര്‍ഹത്തിന് വാടകക്കു ലഭിച്ചു. 2014 ല്‍ 725,000 ദിര്‍ഹമായി. വര്‍ഷാവസാനത്തോടെ വീണ്ടും 440,000 ദിര്‍ഹമായി കുറഞ്ഞു. ഡൗണ്‍ ടൗണ്‍ ദുബൈ, ഗ്രീന്‍സ്, ഇന്റര്‍നാഷണല്‍ സിറ്റി എന്നിവയാണ് ചൈനീസ് നിക്ഷേപകര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് മേഖലകള്‍. കഴിഞ്ഞ വര്‍ഷം വാടകയിലുണ്ടായ ഇടിവ് വാടകക്കാര്‍ക്ക് പുതിയതും മുമ്പ് വിലയേറിയതുമായ കമ്മ്യൂണിറ്റികളിലേക്ക് മാറാന്‍ അവസരം നല്‍കി.
അതേസമയം, ഈ വര്‍ഷം 39,000 പുതിയ അപ്പാര്‍ട്ട്‌മെന്റുകളും 10,600 വില്ലകളും അസ്റ്റെകോയും ഈ വര്‍ഷം 40,000 പുതിയ യൂനിറ്റുകള്‍ സാവില്‍സും പ്രതീക്ഷിക്കുന്നു. കുടുംബങ്ങള്‍ക്ക് കുറഞ്ഞ വാടക ഒരു അനുഗ്രഹമാണെന്ന് ചെസ്റ്റര്‍ട്ടണ്‍സ് പറയുന്നു.