Connect with us

Gulf

അര മണിക്കൂറില്‍ ആരോഗ്യ പരിശോധന സാലമിന്റെ പ്രവര്‍ത്തനം നിര്‍മിത ബുദ്ധിയില്‍

Published

|

Last Updated

ദുബൈ | അര മണിക്കൂറിനകം ആരോഗ്യ പരിശോധനയും വിസ സ്റ്റാമ്പിംഗും സാധ്യമാക്കുന്ന സ്മാര്‍ട് സാലം പ്രവര്‍ത്തിക്കുന്നത് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ. വി ഐ പികള്‍ക്കും നിക്ഷേപകര്‍ക്കും ദീര്‍ഘകാല വിസ കൈവശമുള്ളവര്‍ക്കും സാലം സേവനം ഉപയോഗപ്പെടുത്താം. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ (ഡി എച്ച് എ) ആദ്യ സമ്പൂര്‍ണ നിര്‍മിത ബുദ്ധി (എ ഐ) ഓട്ടോണമസ് മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍ ആണിത്. ആരോഗ്യ പരിശോധനക്ക് 700 ദിര്‍ഹം ഈടാക്കും. സിറ്റി വാക്കില്‍ സ്ഥിതിചെയ്യുന്ന കേന്ദ്രത്തില്‍ വാലെറ്റ് പാര്‍ക്കിംഗ് സൗകര്യവുമുണ്ടെന്ന് ഡി എച്ച് എയിലെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മൈസ അല്‍ ബുസ്താനി പറഞ്ഞു.

ആളുകള്‍ അകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഒരു റോബോട്ട് അവരെ സ്വാഗതം ചെയ്യും. അത് അവരുടെ ഫേഷ്യല്‍, ഐറിസ് പ്രിന്റ് ഉപയോഗിച്ച് സ്വയം രജിസ്ട്രേഷനായി ഒരു സ്‌ക്രീനിലേക്ക് നയിക്കും.
കേന്ദ്രത്തില്‍ നാല് റോബോട്ടുകള്‍ ഉണ്ട്. ഓരോന്നിനും വ്യത്യസ്തമായ പ്രവര്‍ത്തനമുണ്ട് (ഉപഭോക്തൃ സേവനം, റിലേ, കാറ്ററിംഗ്, വെന്‍ഡിംഗ് എന്നിവ). വ്യക്തിഗതമാക്കിയ സ്മാര്‍ട് ക്യു-സിസ്റ്റം ഉപഭോക്താവിനെ അവരുടെ പേരും ഫോട്ടോയും ഉപയോഗിച്ച് വിളിക്കുന്നു. തുടര്‍ന്ന് സുതാര്യമായ സ്മാര്‍ട് ഗ്ലാസ് വാതിലുകളുള്ള ബൂത്തുകളിലേക്ക് രക്തപരിശോധനക്ക് നയിക്കുന്നു. വേദനയില്ലാതെ രക്തം കുത്തിയെടുക്കാന്‍ പുഷ്-ബട്ടണ്‍ ഉപകരണം ഉണ്ട്.

പാസ്‌പോര്‍ട്ടിനൊപ്പം രക്തസാമ്പിളുകളും ഒരു റോബോട്ടിലേക്ക് നഴ്‌സ് കൈമാറും. രക്തസാമ്പിളുകള്‍ ലാബിലേക്കും പാസ്‌പോര്‍ട്ട് കോപ്പി ജി ഡി ആര്‍ എഫ് എ ഉദ്യോഗസ്ഥര്‍ക്കും കൈമാറും. അപേക്ഷകനെ എക്സ്-റേ റൂമിലേക്ക് നയിക്കുന്നതും റോബോട്ട് ആണ്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഉപയോക്താക്കള്‍ക്ക് നൂതനമായ സ്മാര്‍ട് വാഷ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൈ കഴുകാന്‍ കഴിയും. പുഷ്-ബട്ടണ്‍ രക്തശേഖരണ ഉപകരണം ഉപയോഗിക്കുന്ന മേഖലയിലെ ആദ്യത്തെ മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍ കൂടിയാണ് ഈ കേന്ദ്രം. സിരയുടെ സ്ഥാനം തിരിച്ചറിയാന്‍ ഒരു ഇലക്ട്രോണിക് ഉപകരണം ഉണ്ട്. എക്സ്റേ പരിശോധിക്കാനും നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ദുബൈയുടെ പേപ്പര്‍ലെസ് സ്ട്രാറ്റജി, യു എ ഇ സ്ട്രാറ്റജി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യു എ ഇ സെഞ്ചേനിയല്‍ 2071 എന്നിവക്ക് അനുസൃതമായാണ് പുതിയ കേന്ദ്രം. ആപ്പിള്‍ പേ, സാംസംഗ് പേ, എംപേ, ഇ-പേ എന്നിവ വഴി പണമടക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും- അല്‍ ബുസ്താനി പറഞ്ഞു. ഈ സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിക്കുന്നതിലൂടെ 30 മിനുട്ട് കവിയാത്തവിധം ഫലം സാധ്യമാകും. ഇതില്‍ വിസയുടെ സ്റ്റാമ്പിംഗും ഉള്‍പ്പെടും. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കഴിഞ്ഞാഴ്ചയാണ് സ്മാര്‍ട് സാലം ഉദ്ഘാടനം ചെയ്തത്.