Connect with us

Gulf

യു എ ഇ സമ്പദ് വ്യവസ്ഥ കുതിപ്പില്‍; തൊഴിലാളികള്‍ അയക്കുന്ന പണത്തില്‍ 40 ശതമാനവും ഇന്ത്യയിലേക്ക്

Published

|

Last Updated

ദുബൈ | യു എ ഇ സമ്പദ് വ്യവസ്ഥ 2019ല്‍ 2.9 ശതമാനം വളര്‍ച്ച നേടിയതായി കേന്ദ്ര ബേങ്ക്. അന്താരാഷ്ട്ര നാണയനിധി 2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച 1.6 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണിത്. മുന്‍ വര്‍ഷം 1.7 ശതമാനമായിരുന്നു വളര്‍ച്ച. പ്രധാനമായും എണ്ണ മേഖലയിലെ വളര്‍ച്ചയാണ് കുതിപ്പിന് കാരണം. ഹൈഡ്രോകാര്‍ബണ്‍ ഇതര മേഖലയിലെ വളര്‍ച്ച 1.1 ശതമാനവും ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലെത് 7.6 ശതമാനവുമായി. ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കണ്ടന്‍സേറ്റുകളിലെ രണ്ടക്ക വളര്‍ച്ചയും പ്രകൃതിവാതക ഉത്പാദനവുമാണ് എടുത്തുപറയാനുള്ളത്.

യു എ ഇയുടെ വളര്‍ച്ചാ കാഴ്ചപ്പാട് 2019 ഏപ്രിലില്‍ 2.8 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 1.6 ശതമാനമായി ഐ എം എഫ് പരിഷ്‌കരിച്ചിരുന്നു. 2020ല്‍ അത് 2.5 ശതമാനമായി. 2024 വരെ 2.5 ശതമാനം വളര്‍ച്ചാ നിരക്ക് ഐ എം എഫ് പ്രതീക്ഷിക്കുന്നു. 2019 ലെ നാലാം പാദത്തില്‍ സാമ്പത്തിക മുന്നേറ്റം മെച്ചപ്പെട്ടു. എണ്ണ വിലയിലുണ്ടായ വര്‍ധനയും തൊഴില്‍, വായ്പാ വിപണികളിലെ മികച്ച പ്രകടനവും ഗുണം ചെയ്തു.

2019 ലെ നാലാം പാദത്തില്‍ സമ്പദ് വ്യവസ്ഥ 1.3 ശതമാനം വളര്‍ച്ച നേടി. മുന്‍ പാദത്തെ അപേക്ഷിച്ച് മിതമായ തോതിലുള്ള ഹൈഡ്രോകാര്‍ബണ്‍ വളര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. യു എ ഇയില്‍ നിന്നു തൊഴിലാളികളുടെ പണമയക്കല്‍ മുന്‍ വര്‍ഷത്തെ 16,920 കോടി ദിര്‍ഹത്തെ അപേക്ഷിച്ച് 2019 ല്‍ 2.5 ശതമാനം ഇടിഞ്ഞ് 16,490 കോടി ഡോളറായി. നാലാം പാദത്തില്‍ യു എ ഇയില്‍ നിന്നുള്ള പണമയക്കല്‍ ആകെ 4,060 കോടി ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 3,990 കോടി ദിര്‍ഹമായിരുന്നു.

2019 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വ്യക്തിഗത പണമയക്കല്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ട രാജ്യം ഇന്ത്യയാണ്- 40.1 ശതമാനം. പാക്കിസ്ഥാന്‍ (9.9 ശതമാനം), ഫിലിപ്പീന്‍സ് (7.4 ശതമാനം), ഈജിപ്ത് (5.9 ശതമാനം), യു എസ് (3.7 ശതമാനം) യു കെ (3.6 ശതമാനം). 2019ല്‍ യു എ ഇയില്‍ തൊഴില്‍ വര്‍ധനക്ക് അനുസൃതമായാണ് പണമയക്കല്‍ വളര്‍ച്ച.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest