Kerala
കുളത്തൂപ്പുഴയില്‍ കണ്ടെത്തിയത് പാക് നിര്‍മിത വെടിയുണ്ടകളെന്ന് സംശയം


പ്രതീകാത്മക ചിത്രം
കൊല്ലം | കൊല്ലം കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതമെന്ന് സംശയം. വെടിയുണ്ടകളില്‍ പി ഒ എഫ് എന്ന് രേഖപ്പെടുത്തിയതാണ് സംശയം ബലപ്പെടുത്തുന്നത്. പാക്കിസ്ഥാന്‍ ഓര്‍ഡന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കപ്പേരാണ് പി ഒ എഫ്.
ദീര്‍ഘദൂര പ്രഹര ശേഷിയുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നതാണ് ഈ വെടിയുണ്ടകളെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 1981-82 വര്‍ഷങ്ങളില്‍ നിര്‍മിച്ചതാണ് ഇതെന്നും വ്യക്തമാണ്. വെടിയുണ്ടകള്‍ പാക് നിര്‍മിതമാണെന്ന് വ്യക്തമായാല്‍ ഇത് എങ്ങനെ കുളത്തൂപ്പുഴയില്‍ എത്തി എന്ന് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ വേണ്ടിവരും.
കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപമാണ് 14 വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് വെടിയുണ്ട ആദ്യമായി കണ്ടത്. പാലത്തിന് സമീപം വിശ്രമിക്കുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ ശ്രദ്ധയില്‍പെട്ട കവര്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ ലഭിച്ചത്. ഇവര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
മലയോര മേഖലയായ കുളത്തുപ്പുഴയില്‍ വേട്ടയ്ക്ക പോകുന്നവര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാകാം ഇവയെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ വെടിയുണ്ടകള്‍ പരിശോധിച്ചപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.