Connect with us

Kerala

ഗവര്‍ണര്‍ ഒപ്പിട്ടു; തദ്ദേശ വാര്‍ഡ് വിഭജന ബില്ല് നിയമമായി

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടാതെ മടക്കിയ ഗവര്‍ണര്‍ വാര്‍ഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിട്ടതോടെയാണ് നിയമം പാസായത്.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകള്‍ക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്.തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ബില്ല് വരുമ്പോള്‍ എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിക്കുമോ എന്ന ആശങ്ക സര്‍ക്കാരിന് ഉണ്ടായിരുന്നു.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനം വന്നിട്ടില്ല. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇത് മുന്‍കൂട്ടി കണ്ട്, മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി. 2019ലെ പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ ഉത്തരവ് ഇറക്കാന്‍ പാടുള്ളു എന്നാണ് ലീഗിന്റെ ആവശ്യം.

Latest