Connect with us

Ongoing News

ഇനി തീ പാറും; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം

Published

|

Last Updated

മാഡ്രിഡ് | ഇനി പതിനാറ് ടീമുകൾ. യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലെ പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വപ്‌നക്കുതിപ്പ് തുടരുന്ന ലിവർപൂളിനെ നേരിടുമ്പോൾ ജർമൻ വമ്പന്മാരായ ബൊറുസിയ ഡോട്മുണ്ടിന് പി എസ് ജി എതിരാളികളായെത്തും. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന്റെ വെല്ലുവിളി എങ്ങനെ നേരിടുമെന്ന തലപുകഞ്ഞ ആലോചനയിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണി. സ്വന്തം തട്ടകത്തിലാണ് മത്സരമെന്ന ആശ്വാസം അവർക്കുണ്ട്. എന്നാൽ, പ്രീമിയർ ലീഗിൽ തുടർച്ചയായ പതിനേഴ് ജയം കുറിച്ചാണ് ഉർഗൻ ക്ലോപ്പിന്റെയും സംഘത്തിന്റെയും വരവ്. ലണ്ടനിൽ കിരീടം അവർ ഉറപ്പിച്ചു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ നോർവിചിനെതിരെ 1-0ത്തിന് ജയം നേടിയ ടീമിന് ആശങ്കകളൊന്നും തന്നെയില്ല. സൂപ്പർ താരങ്ങളായ സാദിയോ മാനെ, മുഹമ്മദ് സാല, റോബർട്ടോ ഫിർമിനോ എന്നിവർ മിന്നുന്ന ഫോമിലാണ്. ഇവർക്കൊപ്പം ചേമ്പർലിനും വിജിനാൾഡുമും ഹെൻഡേഴ്‌സണും വാൻഡിജ്കും ചേരുന്ന ടീമിനെ വീഴ്ത്തുക മാഡ്രിഡിന് എളുപ്പമാകില്ല. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജേതാക്കളായാണ് ചെമ്പട എത്തുന്നത്. ആറ് മത്സരങ്ങളിൽ നാലെണ്ണം ജയിച്ചപ്പോൾ ഒന്ന് സമനിലയും ഒന്ന് പരാജയവുമായി.

അതേസമയം, മാഡ്രിഡിന്റെ സ്ഥിതി അത്ര മെച്ചമല്ല. ലാലിഗയിൽ കളിച്ച അവസാന ഏഴ് മത്സരങ്ങളിൽ ജയം കണ്ടത് ഒന്നിൽ മാത്രം. കഴിഞ്ഞ മത്സരത്തിൽ വലൻസിയയോട് 2-2ന് സമനിലയായിരുന്നു ഫലം. പരുക്കിൽ നിന്ന് മുക്തനായ ഡിയഗോ കോസ്റ്റ ഇന്ന് ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ലാലിഗയിൽ 24 മത്സരങ്ങൾ കളിച്ച അത്‌ലറ്റിക്കോ 40 പോയിന്റുമായി നാലാം സ്ഥാനത്താണ്. പത്തെണ്ണം സമനിലയായപ്പോൾ നാലെണ്ണം തോറ്റു. പക്ഷേ, ചാമ്പ്യൻസ് ലീഗിൽ മികച്ച റെക്കോർഡുള്ള സിമിയോണിയും സംഘവും സ്വന്തം നാട്ടിലെ ആദ്യ പാദ മത്സരം വിജയിച്ച് എതിരാളിക്ക് മേൽ മാനസിക ആധിപത്യം നേടാനുള്ള ശ്രമത്തിലാണ്.

എംബപ്പെ, ഡി മരിയ, കവാനി, ഡാക്‌സ്്ലർ, ഇക്കാർഡി… സൂപ്പർ താരങ്ങളുടെ നിരയുമായെത്തുന്ന പി എസ് ജിയും ബൊറുസിയ ഡോട്മുണ്ടും നേർക്ക് നേർ വരുമ്പോൾ ഉശിരൻ പോരാട്ടമുറപ്പ്. പക്ഷേ, പരുക്കേറ്റ നെയ്മർ ആദ്യ പാദത്തിൽ കളിക്കാത്തത് തിരിച്ചടിയാകും. ബൊറുസിയയുടെ തട്ടകത്തിലാണ് മത്സരം. ലീഗ് വണ്ണിൽ കിരീടപ്പോരാട്ടത്തിൽ ഒന്നാമതുള്ള പി എസ് ജിയെ കഴിഞ്ഞ മത്സരത്തിൽ ദുർബലരായ അമിയൻസ് വിറപ്പിച്ചിരുന്നു. 4-4 എന്ന സ്‌കോറിന് സമനിലയായിരുന്നു ഫലം. പ്രമുഖർ കളത്തിലിറങ്ങിയിരുന്നില്ല എന്നതിനാൽ ടീമിന് ആശ്വാസമുണ്ട്. 24 മത്സരങ്ങളിൽ 67 ഗോളുകളാണ് ലീഗ് വണിൽ ഇത്തവണ പി എസ് ജി എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയത്. ഇന്ന് ബൊറുസിയയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും ഈ കണക്കായിരിക്കും. റയൽ മാഡ്രിഡ് ഉൾപ്പെട്ട എ ഗ്രൂപ്പിൽ ജേതാക്കളായാണ് പി എസ് ജി അവസാന പതിനാറിലെത്തിയത്. ആറ് മത്സരങ്ങളിൽ ആകെ 17 ഗോളുകളടിച്ചപ്പോൾ രണ്ടെണ്ണം മാത്രം തിരികെ വാങ്ങി. നേടിയ ഗോളിൽ അഞ്ചെണ്ണവും എംബപ്പെയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. മൂന്ന് അസിസ്റ്റുകളും ഫ്രഞ്ച് താരത്തിന്റെ പേരിലുണ്ട്. എംബപ്പെയെ എങ്ങനെ തളക്കും എന്നതിനെ ആശ്രയിച്ചിരിക്കും മത്സര ഫലം എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല.

ബുണ്ടസ് ലീഗയിൽ 22 മത്സരങ്ങളിൽ 12 ജയവുമായി മൂന്നാം സ്ഥാനത്താണ് ഡോട്മുണ്ട്. എർലിംഗ് ഹാലൻഡ് എന്ന പത്തൊമ്പതുകാരൻ നോർവീജിയൻ താരമാണ് തുറുപ്പുചീട്ട.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിൽ ബാഴ്‌സലോണക്ക് പിന്നാലെ രണ്ടാം സ്ഥാനം നേടിയാണ് ഡോട്മുണ്ട് പ്രീ ക്വാർട്ടറിൽ കടന്നത്.