Connect with us

Kozhikode

ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി

Published

|

Last Updated

കോഴിക്കോട് | ഈ മാസം 22 ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ആഗോള സഖാഫി സമ്മേളനം പണ്ഡിത മഹാസമ്മേളനമാവും. ഓൺലൈനിൽ നടത്തിയ രജിസ്‌ട്രേഷനിൽ ഒമ്പതിനായിരം സഖാഫികൾ ഇതിനകം രജിസ്ട്രേഷൻ പൂർത്തിയാക്കി. വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ സഖാഫികൾ സംബന്ധിക്കും. 1985 മുതൽ 2019 വരെയുള്ള സഖാഫികൾ സംബന്ധിക്കുന്ന സമ്മേളനം നോളജ് സിറ്റിയിൽ വിശാലമായി ഒരുക്കിയ നഗരിയിലാണ് നടക്കുന്നത്.

[irp]

രാവിലെ 9.30 മുതൽ ആരംഭിക്കുന്ന സമ്മേളനത്തിന് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, മുക്താർ ബാഖവി ഹസ്റത്ത്, പി സി അബ്ദുല്ല മുസ്‌ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും. വിവിധ ആനുകാലിക വിഷയങ്ങളിൽ മുസ്‌ലിം നിലപാടുകൾ വ്യക്തമാക്കുന്ന പണ്ഡിതരുടെ പ്രഭാഷണങ്ങളും സമ്മേളനത്തിൽ നടക്കും.

സഖാഫി ശൂറ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് സമ്മേളനത്തിനായി നോളജ് സിറ്റിയിൽ ഒരുക്കുന്നത്. സമ്മേളനത്തിന്റെ അന്തിമ വിലയിരുത്തലുകൾക്കായി മർകസിൽ നടന്ന യോഗത്തിൽ സഖാഫി ശൂറ കേന്ദ്രസമിതി ചെയർമാൻ ശാഫി സഖാഫി മുണ്ടന്പ്ര അധ്യക്ഷത വഹിച്ചു. സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, ലത്തീഫ് സഖാഫി പെരുമുഖം, അഡ്വ. ഇ കെ മുസ്തഫ സഖാഫി, ദുൽഖിഫിൽ സഖാഫി, സീഫോർത്ത് ഹംസ സഖാഫി സംബന്ധിച്ചു.