Connect with us

National

'കൊറോണ വൈറസല്ല; മാംസാഹാരികളെ ഇല്ലാതാക്കാനായി പിറവികൊണ്ട നരസിംഹാവതാരം'

Published

|

Last Updated

ന്യൂഡല്‍ഹി | മാംസാഹാരം കഴിക്കുന്നവരെ ഇല്ലാതാക്കാനായി പിറവി കൊണ്ട അവതാരമാണു കൊറോണ വൈറസെന്ന് അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം) ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. മാംസാഹാരികള്‍ക്കുള്ള മുന്നറിയിപ്പാണ് കൊറോണ വൈറസെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നൂറുകണക്കിനു പേര്‍ മരിക്കുകയും ലോകം മുഴുവന്‍ ആശങ്കയിലായിരിക്കെയുമാണ് ചക്രപാണിയുടെ വിവാദ പരാമര്‍ശം.

“കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷക്കെത്തിയ നരസിംഹാവതാരമാണ്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹാരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാന്‍ എത്തിയതാണിത്. കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാര്‍ഥിക്കണം. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്നു പ്രതിജ്ഞയെടുക്കണം. അങ്ങനെയെ കൊറോണയുടെ കലി അടങ്ങൂ. ചൈനക്കാര്‍ അങ്ങനെ ചെയ്താല്‍ ഈ അവതാരം തിരികെ അതിന്റെ ലോകത്തിലേക്ക് പോകും.” – ചക്രപാണി പറഞ്ഞു.

പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷപെടാന്‍ കൊറോണയുടെ വിഗ്രഹം ഉണ്ടാക്കി മാപ്പ് തേടാന്‍ ചൈനീസ് പ്രസിഡന്റിനെയും ചക്രപാണി ഉപദേശിച്ചു. പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാര്‍ക്കു കൊറോണയ്‌ക്കെതിരെ പ്രതിരോധശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മറച്ചുവെച്ചാണ് ചക്രപാണിയുടെ പ്രസ്താവന. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്താകമാനം ഇതുവരെ 1670 പേര്‍ മരിച്ചതായാണ് കണക്ക്. ചൈനയാണ് വൈറസിന്റെ പ്രഭവ കേന്ദ്രം.

Latest