Connect with us

Organisation

കലയും സാഹിത്യവും സംസ്കാരത്തെ രൂപപ്പെടുത്തുന്നു: ഡോ. എവറെൻ ടോക്

Published

|

Last Updated

ദോഹ | കലയും സാഹിത്യവും സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഹമദ് യൂനിവേഴ്സിറ്റി അസിസ്റ്റൻറ് ഡീൻ ഡോ. എവറെൻ ടോക് അഭിപ്രായപ്പെട്ടു. ആർ എസ് സി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ കലാസാംസ്കാരിക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്ന രാജ്യം ആണെന്നും അതിനാലാണ് വിവിധ രാജ്യങ്ങളുമായി സാംസ്കാരിക വർഷങ്ങൾ ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഹയിലെ അൽ അറബി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടി ഐ സി സി പ്രസിഡണ്ട് മണികണ്ഠൻ, ഐ സി എഫ് ദേശീയ സെക്രട്ടറി ബഷീർ പുത്തുപ്പാടം എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡിസംബർ 14ന് യൂനിറ്റ് തലം തൊട്ട് തുടങ്ങിയ കലാസാഹിത്യ മത്സരങ്ങളുടെ ഖത്തർ ദേശീയ മത്സരങ്ങളാണ് സമാപിച്ചത്. അസീസിയ, ദോഹ, എയർപോർട്ട്, നോർത്ത് എന്നീ നാല് സെൻട്രലിൽ നിന്നും 500 ഓളം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, വിവിധ ഭാഷാ പ്രസംഗങ്ങൾ, രചനാമത്സരങ്ങൾ, ഡിജിറ്റൽ മാഗസിൻ, ഹൈക്കു, കൊളാഷ്, കാലിഗ്രാഫി തുടങ്ങി 78 ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

വാശിയേറിയ മത്സരത്തിൽ 361 പോയിൻറ് നേടി എയർപോർട്ട് സെൻട്രൽ കിരീടംചൂടി 323 പോയിൻറ് നേടി അസീസിയ സെൻട്രൽ രണ്ടാംസ്ഥാനവും 315 പോയിൻറ് നേടി നോർത്ത് സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദോഹ സെൻട്രലിലെ മുഹമ്മദ് കഫീൽ കലാപ്രതിഭയായും നോർത്ത് സെൻട്രലിലെ ഫാത്തിമ ഹുസൈനാർ സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

കലാലയം സാംസ്കാരിക വേദി ഈ വർഷം മുതൽ പ്രഖ്യാപിച്ച കലാലയം പുരസ്കാരം വേദിയിൽ വെച്ച് വിതരണം ചെയ്തു. “തീ പരുന്ത് ” എന്ന കഥ എഴുതിയ ജയപ്രകാശ് വിശ്വനാഥൻ, ‘നീലനിറമുള്ള വേരുകൾ” എന്ന കവിത എഴുതിയ റബീഹ ഷബീർ എന്നിവർക്ക് ഐ സി ബി എഫ് പ്രതിനിധി ജൂട്ടാസ് പോൾ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ സാഹിത്യോത്സവ് സംഘാടകസമിതി ചെയർമാൻ അഹ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കുകയും സബൂർ തങ്ങൾ, ഐ സി എഫ് ഗൾഫ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ കരീം ഹാജി മേമുണ്ട, ദേശീയ പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ആർ എസ് സി നാഷനൽ സംഘടനാ കൺവീനർ ഷഫീഖ് സ്വാഗതവും മീഡിയ കൺവീനർ ബഷീർ നിസാമി നന്ദിയും പറഞ്ഞു.

Latest