Connect with us

Kerala

ഹിന്ദു, മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ വര്‍ഗീയ ധ്രുവീകരണ നീക്കം ചെറുക്കും: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതി ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് സി പി എം. തീവ്രവാദത്തിനും മത ധ്രുവീകരണത്തിനുമെതിരെ കക്ഷി രാഷ്ട്രീയത്തിനപ്പുറം വിശാല കാഴ്ചപ്പാടുള്ള എല്ലാവരെയും സഹകരിപ്പിച്ച് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടിയുടെ നേതൃയോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ ജനവിരുദ്ധ ബജറ്റിനെതിരെയും പാചകവാതക വില വര്‍ധനക്കെതിരെയും ഫെബ്രുവരി 18 ന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 23 ന് ദേശീയ തലത്തില്‍ ചൂഷണരഹിതവും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന മുദ്രാവാക്യവുമായി പരിപാടി നടത്തും. മാര്‍ച്ച് 15 വരെ വാര്‍ഡ് തലത്തില്‍ ഭരണഘടനാ സംരക്ഷണ സദസ്സും ഗൃഹസന്ദര്‍ശന പരിപാടിയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതായി കോടിയേരി പറഞ്ഞു. കോര്‍പറേറ്റ് കുത്തകകളെ മാത്രമാണ് കേന്ദ്രം സഹായിക്കുന്നത്.

കാര്‍ഷിക മേഖലയിലുള്‍പ്പടെ ജനങ്ങള്‍ കടുത്ത ദുരിതവും ബുദ്ധിമുട്ടുമാണ് അനുഭവിക്കുന്നത്. ഇത് മറച്ചുപിടിക്കാന്‍ വര്‍ഗീയത അഴിച്ചുവിടുകയാണ്. സംസ്ഥാനത്തു തന്നെ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ആഹ്വാനമാണ് റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന മനുഷ്യച്ചങ്ങലയിലൂടെ നല്‍കിയത്.

ആര്‍ എസ് എസ് അവരുടെ അജന്‍ഡ നടപ്പിലാക്കാന്‍ ഒരു വശത്ത് ശ്രമിക്കുമ്പോള്‍ ഇസ്ലാം മതമൗലിക വാദികളുടെ പ്രവര്‍ത്തനങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതായി കോടിയേരി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയും എസ് ഡി പി ഐയുമെല്ലാം ഇത്തരത്തില്‍ പെട്ട സംഘടനകളാണ്. ജയ് ശ്രീറാമിന് ഒപ്പം തന്നെ ബോലോ തക്ബീര്‍ വിളികളും നാടിന് ഒരുപോലെ അപകടകരമാണെന്ന് സി പി എം സംസ്താന സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി സജീവ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.