Connect with us

Editorial

ഗുജറാത്ത് കോളജിലെ ആർത്തവ പരിശോധന

Published

|

Last Updated

അതീവ ലജ്ജാകരമായ സംഭവമാണ് ഗുജറാത്ത് വനിതാ കോളജിലെ ആർത്തവ പരിശോധന. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചു 2012ൽ ആരംഭിച്ച ഭുജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ആർത്തവമുള്ള പെൺകുട്ടികൾ ക്യാമ്പസിലോ അടുക്കളയിലോ പ്രവേശിക്കരുതെന്നും മറ്റു കുട്ടികളെ സ്പർശിക്കരുതെന്നും അവർ ഹോസ്റ്റലിലെ പ്രത്യേക മുറിയിൽ കഴിഞ്ഞു കൂടണമെന്നും നിയമമുണ്ടത്രേ ഈ സ്ഥാപനത്തിൽ. ഇതു ലംഘിച്ചു ആർത്തവമുള്ള ചില വിദ്യാർഥിനികൾ ഹോസ്റ്റലിന്റെ അടുക്കളയിൽ കയറി എന്നാരോപിച്ചാണ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വിദ്യാർഥിനികളെ ബാത് റൂമിൽ കൊണ്ടുപോയി അടിവസ്ത്രമഴിച്ചു ആർത്തവ പരിശോധന നടത്തിയത്. കച്ച് സർവകലാശാലക്ക് കീഴിലുള്ള സ്വാമി നാരായൺ ട്രാസ്റ്റാണ് ഈ സ്ഥാപനം നടത്തുന്നത്. ആയിരത്തി അഞ്ഞൂറോളം വിദ്യാർഥിനികൾ പഠിക്കുന്ന സ്ഥാപനത്തിലെ ഹോസ്റ്റലിൽ താമസിച്ചു പഠനം നടത്തുന്ന, സാമ്പത്തിക സ്ഥിതിയിൽ പിന്നാക്കമായ 68 വിദ്യാർഥിനികളാണ് ആർത്തവ പരിശോധനയിലൂടെ അപമാനിതരായത്.

രണ്ട് വർഷം മുമ്പ് മധ്യപ്രദേശ് സാഗർ നഗരത്തിലെ വനിതാ ഹോസ്റ്റലിൽ നടന്നിരുന്നു ഇതുപോലൊരു ആർത്തവ പരിശോധന. ഹോസ്റ്റലിന്റെ ശുചിമുറിക്ക് പുറത്ത് ഉപയോഗിച്ച സാനിറ്ററി നാപ്കിൻ കണ്ടതിനെ തുടർന്നു ഏത് വിദ്യാർഥിനിക്കാണ് ആർത്തവമുള്ളതെന്നു അറിയാനായിരുന്നു ഹോസ്റ്റൽ വാർഡൻ അവിടെ നാൽപ്പതോളം വിദ്യാർഥിനികളുടെ വസ്ത്രമുരിഞ്ഞു പരിശോധന നടത്തിയത്. ശുചിമുറിക്ക് പുറത്ത് സാനിറ്ററി നാപ്കിൻ കണ്ടെത്തിയ ആരോപണം ശുദ്ധകളവായിരുന്നുവെന്നും വാർഡന്റെ ക്രൂരവിനോദമായിരുന്നു ഈ പരിശോധനയെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. സാംസ്‌കാരികമായി ഏറെ മുന്നിലെന്നു നാം അഭിമാനം കൊള്ളുന്ന കേരളത്തിലുമുണ്ടായി 2015 ഫെബ്രുവരിയിൽ സമാന സംഭവം. കൊച്ചി കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ കൈയുറ യൂനിറ്റിലാണ് ബാത്ത്‌റൂമിൽ നാപ്കിൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നു, അതാരെന്നു കണ്ടെത്താൻ ജീവനക്കാരികളിൽ ദേഹപരിശോധന നടത്തിയത്. കമ്പനി അധികൃതർ ഓരോ ജീവനക്കാരിയെയും പ്രത്യേകം വിളിച്ചു മാറ്റിനിർത്തി വസ്ത്രമുരിഞ്ഞു പരിശോധിക്കുകയായിരുന്നു. ശബരിമല അയ്യപ്പന്മാർ ഭൂരിപക്ഷം ഉണ്ടായിരുന്ന ഒരു ബസിൽ കയറിയ ചില സ്ത്രീകൾക്കെതിരെ ആർത്തവാരോപണം നടത്തി ബസിൽ നിന്നിറക്കിവിട്ട സംഭവവും തമിഴ്‌നാട്ടിൽ ഗജ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ വീടിനു പുറത്തു നിർമിച്ച “ആർത്തവപ്പുര”യിൽ താമസിക്കുകയായിരുന്ന ബാലിക അതിദാരുണമായി മരിച്ചതും ഇതോട് ചേർത്തു വായിക്കാകുന്നതാണ്.

പ്രാകൃതവും സ്ത്രീത്വത്തെ അപമാനിക്കുന്നതും ആഗോള സമൂഹത്തിനു മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതുമാണ് ബിരുദ തലത്തിൽ അധ്യയനം നൽകുന്ന കോളജിൽ നടന്ന ആർത്തവ പരിശോധന. ഇതൊരു മോശം നടപടിയാണെന്നു കോളജ് അധികൃതർക്ക് തന്നെ ബോധ്യമുള്ളതു കൊണ്ടാണല്ലോ വിവരം പുറത്ത് പറയരുതെന്നും പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയത്. കോളജിൽ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നു എഴുതിയ ഒരു പേപ്പറിൽ പരിശോധനക്ക് വിധേയമായവരിൽ നിന്നു കോളജ് ഭാരവാഹികൾ ഒപ്പിട്ടു വാങ്ങിയതായും വിദ്യാർഥിനികൾ പറയുന്നു.

പ്രശ്‌നം വ്യാപകമായ പ്രതിഷേധത്തിനിടയായ സാഹചര്യത്തിൽ കോളജ് പ്രിൻസിപ്പലിനും ഹോസ്റ്റൽ വാർഡനും രണ്ട് അസിസ്റ്റൻഡ് വാർഡർമാർക്കുമെതിരെ പോലീസ് കേസെടുത്തതായാണ് വിവരം. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു അന്വേഷണത്തിനു സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. കച്ച് സർവകലാശാല അധികൃതരും അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കയാണ്. എന്നാൽ ഇത്തരം അന്വേഷണങ്ങൾ മിക്കവതും ഇടക്കുവെച്ചു വഴിമുട്ടുകയും കുറ്റവാളികൾ രക്ഷപ്പെടുകയുമാണ് പതിവ്. ഗുജറാത്ത് സംഭവത്തിൽ വിശിഷ്യാ പ്രധാനമന്ത്രിയുടെ തട്ടകമായതിനാലും ഒരു ഹിന്ദുത്വ സംഘടന നടത്തുന്ന സ്ഥാപനമായതിനാലും കേസ് തേച്ചുമായ്ച്ചു കളയാൻ സാധ്യത കൂടുതലാണ്. വനിതാ പ്രസ്ഥാനങ്ങളും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും ജാഗ്രത പുലർത്തേണ്ടതുണ്ട്.
ആർത്തവത്തെക്കുറിച്ചു ചില സമൂഹങ്ങളിൽ നിലനിൽക്കുന്ന അബദ്ധ വിശ്വാസങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. സ്ത്രീകളിൽ അവരുടെ പ്രത്യുത്പാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. ഗർഭാശയത്തിന്റെ ശുദ്ധീകരണ പ്രക്രിയയാണിത്. എന്നാൽ ചില പുരാണ വേദവിശ്വാസമനുസരിച്ചു ബ്രാഹ്മണ്യ ഹത്യാപാപത്തിനു ലഭിച്ച ശാപമാണത്രേ ആർത്തവം. ഇതുമൂലം പല ഗോത്രവിഭാഗങ്ങളിലും ഋതുമതികളെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തുകയും തീണ്ടാരിപ്പുരകളിൽ പ്രത്യേകം പാർപ്പിക്കുകയും ചെയ്തിരുന്നു. ആർത്തവമുള്ള സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം വിഷലിപ്തമായിരിക്കുമെന്നും അവൾ രോഗങ്ങൾ പരത്തുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. പിശാച് ബാധ മൂലമാണ് പെൺകുട്ടി ഋതുമതിയാകുന്നതെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം.

ആർത്തവ കാലത്ത് സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയ അവധി നൽകണമെന്നു ഇതിനിടെ നിയമസഭയിൽ ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഋതുമതികളെ അയിത്തം കൽപ്പിച്ചു മാറ്റിനിർത്തുന്ന പ്രാകൃത യുഗത്തിലെ പ്രവണതയുടെ തുടർച്ചയാണ് ഈ നിർദേശമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്.
രോഗാണുക്കൾ പകരാൻ സാധ്യതയുള്ളതിനാൽ ആർത്തവ ഘട്ടത്തിൽ ലൈംഗിക ബന്ധങ്ങൾ ഗുണകരമല്ലെന്നതൊഴിച്ചാൽ ആർത്തവകാരികളായ സ്ത്രീകളുമായി മറ്റുവിധേനയുള്ള ഇടപഴകൽ ഒരു പ്രശ്‌നവും സൃഷ്ടിക്കില്ലെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം. വിദ്യാഭ്യാസപരമായി സമൂഹം ഏറെ മുന്നേറിയ ഇന്നത്തെ സാഹചര്യത്തിലും ആർത്തവത്തെക്കുറിച്ചു അബദ്ധജഡിലമായ ധാരണകൾ നിലനിൽക്കുന്നുവെന്നത് ലജ്ജാകരമാണ്.

Latest