Connect with us

Kerala

സിഎജി കണ്ടെത്തലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു; ഉചിതമായ സമയത്ത് നടപടിയുണ്ടാകും: വി മുരളീധരന്‍

Published

|

Last Updated

കോഴിക്കോട് | പോലീസിന്റെ ആയുധ ശേഖരത്തില്‍നിന്നും വെടിയുണ്ടകളും മറ്റും കാണാതായ സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിഷയം ഔപചാരികമായി കേന്ദ്രത്തിന്റെ മുന്നില്‍ എത്തിയിട്ടില്ല. രാജ്യത്ത് നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ ആഭ്യന്തര വകുപ്പിനെ അറിയിക്കാറുണ്ട്. അതിനാല്‍, ഈ വിഷയം കേന്ദ്ര സര്‍ക്കാറിന് അറിയാമെന്നു പറഞ്ഞ വി മുരളീധരന്‍ ഉചിതമായ സമയത്ത് ഇടപെടല്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി.

വെടിയുണ്ട കാണാതായതിനെ സംസ്ഥാന സര്‍ക്കാര്‍ നിസാരവല്‍കരിക്കുന്നു. മന്ത്രിയുടെ ഗണ്‍മാന്‍ സംഭവത്തില്‍ പ്രതിയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, ഇയാള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സി എ ജി റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുെട വിദേശയാത്രക്ക് സ്വകാര്യ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും  മന്ത്രി ആവശ്യപ്പെട്ടു.