പുതിയ ദശകം, പുതിയ ആർ സി ബി; ലോഗോ മാറ്റവുമായി റോയൽ ചലഞ്ചേഴ്സ്

Posted on: February 14, 2020 12:25 pm | Last updated: February 14, 2020 at 12:25 pm


കൊൽക്കത്ത |  ഐ പി എല്ലിന്റ പുതിയ സീസണിൽ  അടിമുടി മാറ്റവുമായി റോയൽ ചലഞ്ചേഴ്‌സ്. ടീമിന്റെ പുതിയ ലോഗോ പുറത്തിറക്കിയാണ് ആദ്യ ചുവട്. നേരത്തെ ഉണ്ടായിരുന്ന സിംഹത്തിന്റെ ചിത്രം ഉൾക്കെള്ളിച്ചാണ് പുതിയ ലോഗോയുടെയും രൂപ കൽപ്പന. ടീം ജേഴ്സിയിലെ ചുവപ്പ് നിറത്തിൽ തന്നെയാണ് പുതിയ ലോഗോ. പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ലോഗോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രങ്ങൾ നീക്കം ചെയ്താണ് ആർ സി ബി പുതിയ മാറ്റത്തിന്രെ വരവറിയിച്ചിരുന്നത്.  പോസ്റ്റുകളും നീക്കം ചെയ്തിരുന്നു.  പിന്നാലെ ക്യാപ്റ്റനായ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങൾ ആർ സി ബിയുടെ ഈ നീക്കത്തിൽ അത്ഭുതം പ്രകടിപ്പിച്ചു മുന്നോട്ടു വന്നു.
‘ആർ സി ബി, ഇതെന്ത് ഗൂഗ്ലിയാണ്? നിങ്ങളുടെ പ്രൊഫൈൽ ചിത്രവും ഇൻസ്റ്റഗ്രാം പോസ്റ്റുകളും എവിടെപ്പോയി?’ എന്ന് ചാഹൽ ട്വീറ്റിലൂടെ ചോദിച്ചപ്പോൾ ‘നമ്മുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് എന്താണ് സംഭവിച്ചത്. ഒരു സ്ട്രാറ്റജി ബ്രേക്കാണെന്ന് വിശ്വസിക്കുന്നു’ എന്ന് ഡിവില്ലേഴ്‌സും ട്വീറ്റ് ചെയ്തിരുന്നു.

പുതിയ ലോഗോ പ്രൊഫൈൽ ചിത്രമാക്കിയതിനു പുറമെ ലോഗോയുടെ ആനിമേഷൻ വീഡിയോയും ആർ സി ബി പുറത്തിറക്കി. ഇനി ടീമിന്റെ പുതിയ  ജഴ്‌സി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഐ പി എല്ലിന്റെ തുടക്ക സീസൺ മുതൽ പ്രഗൽഭരായ താരങ്ങൾ ആർ സി ബിക്കൊപ്പമുണ്ടെങ്കിലും ഇതുവരെ കിരീടം നേടാനായിട്ടില്ല.