Ongoing News
ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കോടതിയുടെ നോട്ടീസ്; 24 ന് ഹാജരാകാന്‍ നിര്‍ദേശം

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസിലെ മുഖ്യപ്രതി ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും കൂട്ടുപ്രതി പെണ്‍സുഹൃത്ത് വഫാ ഫിറോസിനും തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 24ന് ഇരുവരോടും കോതിയില്‍ ഹാജരാകാനാണ് കോടതി നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഇരുവര്‍ക്കുമെതിരായ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് കോടതി നോട്ടീസ്. കേസില്‍ ശ്രീറാമിനെ ഒന്നാം പ്രതിയും വഫാ ഫിറോസിനെ രണ്ടാം പ്രതിയുമാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസില്‍ പ്രതിയെ സംരക്ഷിക്കാനുള്ള പോലീസിന്റെ ഇടപെടല്‍ ഏറെ വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ രണ്ടുതവണ ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു.
ശ്രീറാമിന് സര്‍വീസില്‍ കയറുന്നതിന് അവസരമൊരുക്കാന്‍ കേസില്‍ കുറ്റപത്രം നല്‍കാന്‍ പോലീസ് വൈകിച്ചതും വിവാദത്തിനിടയാക്കിയിരുന്നു. ഇതോടെ ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് നിരാകരിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ശ്രീറാമിനെ ഒന്നം പ്രതിയാക്കി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.