Connect with us

Kerala

കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയില്‍; ലിറ്ററിന് 13 രൂപയാക്കി കുറച്ചു

Published

|

Last Updated

തിരുവനന്തപുരം | ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയാക്കി പുനര്‍ നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വില നിശ്ചയിച്ചത്. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ പുതുക്കിയ വില നിലവില്‍ വരുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

നികുതി ഉള്‍പ്പെടെ 8 രൂപക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്നത്. അവര്‍ 20 രൂപക്കാണ് വില്‍ക്കുന്നത്. വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി ഐ എസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.ഇതോടെ അനധികൃത കമ്പനികള്‍ക്ക് പൂട്ടുവീഴുമെന്നാണ് കരുതുന്നത്. 2018 മെയ് പത്തിന് വിവിധ കുപ്പിവെള്ള കമ്പനി പ്രതിനിധികളുമായി മന്ത്രി പി തിലോത്തമന്‍ ചര്‍ച്ച നടത്തിയിരുന്നു. കുപ്പിവെള്ളം ലിറ്ററിന് 12 രൂപയാക്കാമെന്ന് അന്ന് കമ്പനികള്‍ അറിയിച്ചിരുന്നുവെങ്കിലും വ്യാപാരികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പാക്കാനായിരുന്നില്ല. 20 രൂപയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് വിപണിയില്‍ ഈടാക്കുന്നത്. വേനല്‍ കടുത്തതോടെ കുപ്പി വെള്ള വില കുറയുന്നത് ജനത്തിന് ആശ്വാസമാകും.

Latest