Connect with us

National

തരംഗമായി എ എ പി; വെറുപ്പിന്റെ രാഷ്ട്രീയത്തെ തൂത്തെറിഞ്ഞ് ഡല്‍ഹി ജനത

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യാധികാരത്തിന്റെ ഹുങ്കും പണക്കൊഴുപ്പും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി രാജ്യ തലസ്ഥാനം പിടിക്കാനിറങ്ങിയ ബി ജെ പിയെ നിലംപരിശമാക്കി ഡല്‍ഹി ജനത. വിഭാഗീയ രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയത്തേയാണ് തങ്ങള്‍ പിന്തുണക്കുന്നതെന്ന് തെളിയിച്ച ഡല്‍ഹി നിവാസികള്‍ എ എ പിക്ക് അനുകൂലമായ തംരഗം തീര്‍ത്തപ്പോള്‍ ബി ജെ പി മോഹങ്ങളെല്ലാം തകര്‍ന്നടിയുകയായിരുന്നു. അവസാന ഫലം പുറത്ത് വരുമ്പോള്‍ 70ല്‍ 63 സീറ്റിലും എ എ പി ലീഡ് ചെയ്യുകയാണ്. ആര്‍ എസ് എസിന്റെ സംഘടനാ സംവിധാനവും പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്രമന്ത്രിമാരും പാര്‍ട്ടി ഭരിക്കുന്ന വിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നൂറ് കണക്കിന് എം പിമാരും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും ഏഴ്‌ സീറ്റില്‍ മാത്രമാണ് ബി ജെ പിക്ക് മുന്നേറാനായത്. കഴിഞ്ഞ തവണത്തെ മൂന്നില്‍ നിന്നുള്ള കുതിപ്പ് ഏഴില്‍ എത്തി എന്ന് ചുരുക്കം.

ബി ജെ പിക്ക് പുറമെ ഭരണം പിടിക്കാനായി ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ജനം നല്‍കിയത്. കഴിഞ്ഞ തവണത്തേത് പോലെ ഒരു സീറ്റും ലഭിക്കാതെ നാണംകെട്ട കോണ്‍ഗ്രസിന്റെ വോട്ട് വിഹിതവും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ തവണ 9.5 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇത്തവണ നാല് ശതമാനത്തോളം വോട്ട് മാത്രമാണ് നേടാനായത്. മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശില്ല.

ബി ജെ പിയുടെ ശക്തമായ വിദ്വേഷ പ്രചാരണത്തെ അതിജീവിച്ചാണ് എ എ പി ഡല്‍ഹിയില്‍ ഹാട്രിക് ഭരണത്തിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാര്‍ട്ടിയുടെ പ്രകടന പപത്രികക്ക് ചുക്കാന്‍ പിടിച്ച ആതിഷി എന്നിവരെല്ലാം വിജയക്കൊടി പാറിച്ചു. കോണ്‍ഗ്രസിന് പരമ്പരാഗതമായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ എ എ പിയിലേക്ക് ഒഴുകി.ഡല്‍ഹിയിലെ ഗ്രാമീണ ജനതയും എ എ പിയുടെ വികസന നയത്തിനൊപ്പം നിന്നു. പൗരത്വ വിഷയത്തിനെതിരെ വലിയ സമരങ്ങള്‍ നടന്ന ശഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല, സീലംപൂര്‍ എന്നിവിടങ്ങളിലെല്ലാം വലിയ വിജയം എ എ പി കരസ്ഥമാക്കി.

പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പി നടത്തിയ എല്ലാ പ്രചാരണവും ഡല്‍ഹി ജനത തള്ളിക്കളയുകയായിരുന്നു. വികസന കാര്യങ്ങള്‍ പറയാതെ വോട്ടര്‍മാരെ വിഭാഗീയമായി ചേരിതിരിച്ച് അതിലൂടെ നേട്ടം കൊയ്യാമെന്ന അമിത് ഷായുടേയും കൂട്ടരുടേയും കണക്ക് കൂട്ടലുകളെല്ലാം ജനം തെറ്റിക്കുകയായിരുന്നു.

 

Latest