കാവിരാഷ്ട്രീയം അവസരം കാക്കുന്നു

ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ തുടങ്ങിയ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ബി ജെ പി സര്‍ക്കാര്‍ ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിന്റെ ആവര്‍ത്തനമാണ് തമിഴ്‌നാട്ടിലും.
Posted on: February 10, 2020 11:09 am | Last updated: February 10, 2020 at 11:10 am


തിരൈപ്പടവും രാഷ്ട്രീയവും ഇഴചേര്‍ന്നതാണ് തമിഴക രാഷ്ട്രീയം. തിരശ്ശീലയിലേതിനേക്കാള്‍ അധികം നാടകീയത പലപ്പോഴും അവിടുത്തെ രാഷ്ട്രീയത്തിലുണ്ടാകാറുമുണ്ട്. ദ്രാവിഡ കഴകത്തിന്റെ വളര്‍ച്ചയില്‍ കലൈജ്ഞര്‍ കരുണാനിധിയുടെ തിരക്കഥയില്‍ ഉയിരെടുത്ത ചലച്ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ആ സിനിമകളിലൂടെ തമിഴ് മക്കളുടെ രോമാഞ്ചമായി മാറിയ എം ജി രാമചന്ദ്രന്‍, പിന്നീട് കരുണാനിധിയെ തള്ളി സ്വന്തം പാര്‍ട്ടിയുണ്ടാക്കി അധികാരം പിടിച്ചപ്പോള്‍ അത് ചലച്ചിത്രങ്ങളിലെ ക്ലൈമാക്‌സുകളെപ്പോലും വെല്ലുന്ന ഒന്നായി. എ ഐ എ ഡി എം കെയില്‍ എം ജി ആറിന്റെ പിന്‍ഗാമി ആരെന്ന തര്‍ക്കം, അദ്ദേഹത്തിന്റെ ശവമഞ്ചത്തില്‍ നിന്ന് ജയലളിതയെ തള്ളിപ്പുറത്താക്കുന്ന നാടകീയതയിലേക്ക് വളര്‍ന്നു. നീക്കിനിര്‍ത്തപ്പെട്ട ജയലളിത പിന്നീട് എ ഐ എ ഡി എം കെയുടെ പരമാധികാരിയും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയുമായി. ജയലളിതയുടെ മരണത്തോടെ എ ഐ എ ഡി എം കെയിലുണ്ടായ പ്രതിസന്ധി തുടരുകയാണ്. അധികാരത്തില്‍ തുടരുക എന്ന ലക്ഷ്യത്തോടെ എ ഐ എ ഡി എം കെ യോജിച്ചു നില്‍ക്കുന്നുണ്ട് എങ്കിലും എപ്പോള്‍ വേണമെങ്കിലും ഭിന്നിക്കാവുന്ന സ്ഥിതിയിലാണ് ആ പാര്‍ട്ടി. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനിയുള്ള നാളുകളില്‍ തമിഴ്‌നാട് രാഷ്ട്രീയം പുതിയ തിരക്കഥകള്‍ക്കനുസരിച്ച് നീങ്ങാന്‍ സാധ്യതയേറെ.
എ ഐ എ ഡി എം കെയിലേതു പോലെ വലുതായില്ലെങ്കിലും പിന്തുടര്‍ച്ചാവകാശ തര്‍ക്കം കുറവായിരുന്നില്ല ഡി എം കെയിലും. കരുണാനിധിയുടെ മക്കളായ എം കെ സ്റ്റാലിനും എം കെ അഴഗിരിയുമായിരുന്നു തര്‍ക്കത്തിലെ പ്രധാനികള്‍. അഴഗിരിയെ പാര്‍ശ്വത്തിലാക്കി സ്റ്റാലിന്‍ പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിച്ചു കഴിഞ്ഞു.

നടന്‍ രജനീ കാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി രണ്ടോ മൂന്നോ മാസങ്ങള്‍ക്കകമുണ്ടാകുമെന്ന വാര്‍ത്തകളെയും രജനീകാന്തിനെ മറികടന്ന് തമിഴ് മക്കളുടെ ഹീറോയായി മാറിയ നടന്‍ വിജയിനെ ലക്ഷ്യമിടാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തെയും ഈ സാഹചര്യത്തില്‍ വേണം കാണാന്‍. പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ പട്ടിക രാജ്യവ്യാപകമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു തമിഴ്‌നാട്ടില്‍. എല്ലായിടത്തുമെന്നത് പോലെ വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. അവരെ പിന്തുണച്ച് ഡി എം കെയും ഇതര പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നു. ഇക്കാര്യത്തില്‍ കൃത്യമായൊരു നിലപാട് സ്വീകരിക്കാന്‍ എ ഐ എ ഡി എം കെ തയ്യാറായിട്ടില്ല. പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിക്കുന്ന പ്രസ്താവനയുമായി ചില നേതാക്കള്‍ രംഗത്തുവന്നു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പളനിസാമി പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ മതനിരപേക്ഷ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ട്ടിയോ സര്‍ക്കാറോ ശക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

ഇതിനിടെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീ കാന്ത് രംഗത്തുവന്നു. ഈ പ്രസ്താവന വന്ന ദിവസം തന്നെയാണ് നടന്‍ വിജയിന്റെയും അദ്ദേഹത്തിന്റെ സിനിമയുടെ നിര്‍മാതാവിന്റെയും സാമ്പത്തിക സഹായം നല്‍കിയ പണമിടപാടുകാരന്‍ അന്‍പ് ചെഴിയന്റെയും ഓഫീസുകളിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങുന്നത്. കണക്കില്‍പ്പെടാത്ത 77 കോടി രൂപ കണ്ടെടുത്തുവെന്നും ഇതുള്‍പ്പെടെ 300 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നതായാണ് സംശയിക്കുന്നത് എന്നും ആദായ നികുതി വകുപ്പ് പിന്നീട് വിശദീകരിച്ചു. രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ. ആദായ നികുതിയില്‍ 66 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നടന്‍ രജനീ കാന്തിന് 2005ല്‍ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. നികുതിയായി നല്‍കേണ്ട 66 ലക്ഷവും അതിന്റെ പിഴയും 15 വര്‍ഷത്തെ പിഴപ്പലിശയുമൊക്കെ ചേര്‍ന്നാല്‍ ഇപ്പോഴത് സാമാന്യം വലിയ തുകയായിട്ടുണ്ടാകും. ഈ ബാധ്യതയില്‍ നിന്ന് രജനീ കാന്തിനെ ഒഴിവാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉത്തരവിറക്കിയത് ഏതാനും ദിവസം മുമ്പ് മാത്രമാണ്. അതിന് ശേഷമാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സൂപ്പര്‍ താരം പ്രസ്താവന ഇറക്കുന്നതും.

കര്‍ണാടകമൊഴിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ബി ജെ പിക്കും സംഘ്പരിവാരത്തിനും വേരോട്ടമുള്ള മണ്ണില്ല. പ്രാദേശികമായി ശക്തിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യങ്ങളുണ്ടാക്കി സ്വാധീനം വര്‍ധിപ്പിക്കുക എന്ന തന്ത്രം വിജയകരമായി നടപ്പാക്കിയിട്ടുണ്ട് ബി ജെ പി. ബിഹാറും മഹാരാഷ്ട്രയും ഒഡീഷയുമൊക്കെ ഇതിന് തെളിവാണ്. എന്നാല്‍ ഡി എം കെയുമായും എ ഐ എ ഡി എം കെയുമായും സഖ്യങ്ങളുണ്ടാക്കിയെങ്കിലും തമിഴ് മണ്ണില്‍ വേരാഴ്ത്താന്‍ സാധിച്ചില്ല. അതിനുള്ള മറ്റൊരു ശ്രമമാണോ ഇപ്പോള്‍ അരങ്ങേറുന്നത് എന്ന് ന്യായമായും സംശയിക്കണം. രജനീ കാന്തിനെ മറികടന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരപദവി കൈയടക്കിയ വിജയ്, തന്റെ സിനിമകളിലൂടെ രാഷ്ട്രീയ സന്ദേശങ്ങള്‍ നിരന്തരം നല്‍കുന്നുണ്ട്.

അതിലേറെയും സംഘ്പരിവാരത്തിന് രുചിക്കാത്തതുമാണ്. മെര്‍സല്‍ എന്ന വിജയ് സിനിമ, ചരക്ക് സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ എന്ന നരേന്ദ്ര മോദിയുടെ പ്രചാരണത്തെയും വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയത്തിലെ അഴിമതിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിനെതിരെ അന്ന് രംഗത്തുവന്ന സംഘ്പരിവാരം വിജയിന്റെ യഥാര്‍ഥ പേര് സി ജോസഫ് വിജയ് എന്നാണെന്നും ക്രിസ്തുമത വിശ്വാസിയായ വിജയുടെ ഹിന്ദു വിരുദ്ധതയാണ് ചലച്ചിത്രത്തിലൂടെ തെളിയുന്നതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ സിനിമാ പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഏറ്റെടുത്തതോടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘ്പരിവാര ശ്രമം പരാജയപ്പെട്ടു.
രജനീ കാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകയും എ ഐ എ ഡി എം കെയിലെ ഒരു വിഭാഗം സൂപ്പര്‍ താരത്തിന്റെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ സഖ്യ സാധ്യത കാണുന്നുണ്ട് ബി ജെ പി. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി, രജനീ കാന്തിനെ സന്ദര്‍ശിച്ചത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ചപ്പോള്‍ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയിരുന്നു രജനീ കാന്ത്. മറാത്ത വംശജനായി കര്‍ണാടകയില്‍ ജനിച്ച ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനീ കാന്തിന് സംഘ്പരിവാര രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുക പ്രയാസമുള്ള കാര്യമാകില്ല. അതിന് അന്തരീക്ഷം പാകപ്പെട്ട് തുടങ്ങിയെന്ന തോന്നലിലാകണം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം വൈകില്ലെന്ന സൂചന അദ്ദേഹം നല്‍കുന്നത്.
കമല ഹാസന്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടി വലിയ വെല്ലുവിളിയാകില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. തലപ്പൊക്കമുള്ള മറ്റ് താരങ്ങളുടെ ചലച്ചിത്രങ്ങളിലൊക്കെ രാഷ്ട്രീയം കടന്നുവരുന്നുണ്ടെങ്കിലും പ്രത്യക്ഷമായ രാഷ്ട്രീയം അവരാരും പ്രകടിപ്പിക്കുന്നില്ല.

രജനീകാന്തിനേക്കാള്‍ വളര്‍ന്ന വിജയാണ് രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നല്‍കുന്നത്. ഇത് രജനിയുടെ രാഷ്ട്രീയ സാധ്യതകളെ ഇല്ലാതാക്കുമെന്ന് സംഘ്പരിവാരം തിരിച്ചറിയുന്നുണ്ട്. രജനിയിലൂടെ തമിഴ് മണ്ണില്‍ വേരാഴ്ത്താമെന്ന മോഹത്തെയും. അതുകൊണ്ടു തന്നെ വിജയിനെ ലക്ഷ്യമിടുക എന്നത് അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇപ്പോഴത്തെ ആദായ നികുതി റെയ്ഡുകളും താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം “രാജ്യസുരക്ഷ’ ചൂണ്ടിക്കാട്ടി തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും. വിജയിന് തമിഴ് ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലുള്ള വിശ്വാസ്യത തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ തുടങ്ങിയ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ബി ജെ പി സര്‍ക്കാര്‍ ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിന്റെ ആവര്‍ത്തനമാണ് തമിഴ്‌നാട്ടിലും.
കോടികള്‍ മുതല്‍ മുടക്കുള്ള സിനിമാ വ്യവസായത്തില്‍ കണക്കില്‍പ്പെടാത്ത പണത്തിന്റെ ഒഴുക്കുണ്ടെന്നതില്‍ തര്‍ക്കം വേണ്ട. അതില്‍ നിന്ന് വിജയുടെ സിനിമകളും മാറിനില്‍ക്കുന്നില്ല. വലിയ പ്രതിഫലം സ്വീകരിക്കുന്ന വിജയ്, നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടുമുണ്ടാകും. ഇത് വിജയ് എന്ന ഒരു നടന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതല്ല.

രജനീ കാന്തിന്റെ നികുതി വെട്ടിപ്പ് വകവെച്ചു കൊടുക്കാന്‍ തയ്യാറാകുന്ന ഭരണകൂടം വിജയിനെ ലക്ഷ്യമിടാന്‍ തീരുമാനിക്കുമ്പോഴാണ് അതില്‍ രാഷ്ട്രീയം കലരുന്നത്. അതിലൂടെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ നിലപാടുകള്‍ ചലച്ചിത്രങ്ങളിലൂടെ പ്രകടിപ്പിക്കുന്ന താരങ്ങളും സംവിധായകരും പരസ്യമായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെതിരായ മുന്നറിയിപ്പ് നല്‍കുക കൂടിയാണ്.
പുതിയ നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍. കേന്ദ്രാധികാരം ഉപയോഗിച്ച് സംഘ്പരിവാരം നടത്താനിടയുള്ള കളികള്‍ക്കനുസരിച്ചായിരിക്കുമോ ക്ലൈമാക്‌സ്? വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് തോറ്റുമടങ്ങേണ്ടി വന്ന കാഴ്ച ക്ലൈമാക്‌സിനെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്.