Connect with us

Malappuram

ആസാദി സ്ട്രീറ്റൊരുങ്ങി; യുവജന റാലി ശനിയാഴ്ച തിരൂരിൽ

Published

|

Last Updated

എസ് വൈ എസ് വെസ്റ്റ് ജില്ലാ യുവജന റാലിയുടെ പൊതുസമ്മേളനം നടക്കുന്ന ആസാദി സ്ട്രീറ്റിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യയുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നുതിരൂർ | “പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു” എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംഘടിപ്പിക്കുന്ന ജില്ലാ യുവജന റാലി നാളെ(ശനി) തിരൂരിൽ നടക്കും. വൈകുന്നേരം നാലിന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാൾ പരിസരത്ത് നിന്നാരംഭിക്കുന്ന റാലിയിൽ കാൽലക്ഷം പേർ അണിനിരക്കും. എസ് വൈ എസ് സന്നദ്ധ വിഭാഗം ടീം ഒലീവിന്റെ 2,277 അംഗങ്ങളും 2,436 സാന്ത്വനം വളണ്ടിയർമാരും പ്രത്യേക യൂനിഫോമിൽ റാലിയുടെ ഭാഗമാകും. റാലി പൊതുസമ്മേളന വേദിയായ തലക്കടത്തൂർ ആസാദി സ്ട്രീറ്റിൽ സമാപിക്കും.

വൈകുന്നേരം 6 ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ പ്രാർത്ഥന നടത്തും. എസ്.വൈ.എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ, എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര, എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിക്കും.

ജില്ലയിലെ 10 സോണുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 നിർധന കുടുംബങ്ങൾക്കുള്ള സാന്ത്വന ഭവനം – “ദാറുൽഖൈർ” – സമർപ്പണവും, അവാർഡ് ദാനവും ചടങ്ങിൽ നടക്കും. കേന്ദ്രസർക്കാറിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രതിഷേധ സംഗമം കൂടിയാകും യുവജനറാലിയും പൊതുസമ്മേളനവും. അരലക്ഷം പേർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

യുവജന റാലി നടക്കുന്ന ശനിയാഴ്ച രാവിലെ എട്ടിന് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് അദ്ധ്യക്ഷത വഹിക്കും. അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം സന്ദേശം നൽകും. ഒമ്പത് മണിക്ക് നടക്കുന്ന പഠനം സെഷനിൽ സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ആമുഖ ഭാഷണം നടത്തും. മതം ആദർശം, തൊഴിൽ വിദ്യാഭ്യാസം, സംസ്‌കാരം സദാചാരം, രാഷ്ട്രീയം എന്നീ വിഷയങ്ങൾ യാഥാക്രമം  എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കർ മാസ്റ്റർ പടിക്കൽ, സ്വാദിഖ് വെളിമുക്ക്, അബ്ദുൽ മജീദ് അരിയല്ലൂർ എന്നിവർ അവതരിപ്പിക്കും. 11.30ന് “പൗരത്വം ഔദാര്യമല്ല” എന്ന വിഷയത്തിൽ സെമിനാർ നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, ഡോ.ഹുസൈൻ രണ്ടത്താണി, എസ് ഷറഫുദ്ധീൻ സംസാരിക്കും. 1.40ന് നടക്കുന്ന ഗുരുസന്നിധി സെഷനിൽ സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഷിറിയ ആലികുഞ്ഞി മുസ്ലിയാർ സംസാരിക്കും. 2.15ന്  “എസ് വൈ എസിന്റെ വർത്തമാനം” എന്ന പ്രാസ്ഥാനികം സെഷനിൽ അലവി ഹാജി പുതുപ്പറമ്പ്  ആമുഖ ഭാഷണം നടത്തും. മാളിയേക്കൽ സുലൈമാൻ സഖാഫി വിഷയാവതരണം നടത്തും. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, സി പി സൈദലവി ചെങ്ങര, മുഹമ്മദ് പറവൂർ  തുടങ്ങിയവർ പ്രസംഗിക്കും.  തുടർന്ന് നാല് മണിക്ക് തിരൂർ വാഗൺ ട്രാജഡി പരിസരത്ത് നിന്ന് റാലി ആരംഭിക്കും.

യുവജന റാലിയുടെ ഭാഗമായുള്ള വിവിധ പരിപാടികൾക്ക് ബുധനാഴ്ച ആസാദി സ്ട്രീറ്റിൽ തുടക്കമായി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ പതാക ഉയർത്തി. തുടർന്ന് നഗരിയിൽ ആത്മീയ സമ്മേളനം നടന്നു. ഇന്നലെ (വ്യാഴം) വൈകുന്നേരം 4 മണിക്ക് നടന്ന നിധി വരവിൽ യുവജന റാലിയുടെ ഭാഗമായി ജില്ലയിലെ 609 യൂണിറ്റുകളിൽ സ്ഥാപിച്ച സമ്മേളന നിധിയുമായി പ്രവർത്തകർ ആസാദി സ്ട്രീറ്റിലെത്തി. ഓരോ യൂണിറ്റുകളിൽ നിന്നുമെത്തിയ സ്നേഹ നിധി പെട്ടികൾ നഗരിയിൽ പ്രത്യേകം സജ്ജമാക്കിയ ഗ്യാലറികളിൽ പ്രദർശിപ്പിച്ചു.

ഇന്ന് (വെള്ളി) നടക്കുന്ന സൗഹൃദ സംഗമം വൈകുന്നേരം നാലിന് ആസാദി സ്ട്രീറ്റിൽ വി അബ്ദുർറഹ്മാൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ ഹംസ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് വാസു മാസ്റ്റർ, അഖില കേരള കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, തിരൂർ മുനിസിപ്പൽ ചെയർമാൻ കെ ബാവ, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് എന്നിവർ മുഖ്യാതിഥികളാകും. വെട്ടം ആലിക്കോയ(മുസ്‌ലിം ലീഗ്), ഇ ജയൻ(സി പി എം), ഹൈദ്രോസ് മാസ്റ്റർ(കോൺഗ്രസ്) എന്നിവർ പ്രസംഗിക്കും രാത്രി 6, 30 ന് നടക്കുന്ന മതപ്രഭാഷണം കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് അധ്യക്ഷത വഹിക്കും. പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
റാലിയുടെ ഭാഗമായി ഇതിനകം വിവിധ പദ്ധതികൾ നടന്നു. മഈശ എന്ന പേരിൽ ജില്ലയിലെ പത്ത് കുടുംബങ്ങൾക്ക് ഉപജീവനമാർഗമായി പെട്ടിക്കടകൾ നൽകി. ആയിരത്തോളം രോഗികൾക്ക് ആശ്വാസം പകർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടന്നു. ബിയ്യം കായലിൽ ജല യാത്ര, റോഡ് മാർച്ച്, 1000 ഉർദികൾ, സ്നേഹ നിധി, നിധി വരവ്, ഒരു ലക്ഷം വീടുകളിൽ പൗരത്വ നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണം,പ്രസ്ഥാനിക സംഗമം, ആയിരം പ്രമേയ പ്രഭാഷണങ്ങൾ, 10 കേന്ദ്രങ്ങളിൽ സമര സദസുകൾ, 69 സമര യാത്രകൾ, 700 ഗ്രാമങ്ങളിൽ സമര സഞ്ചാരം, അടുക്കളത്തോട്ടം തുടങ്ങി നൂറിലധികം പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചു.

 

എസ് വൈ എസ് യുവജന റാലി
ആസാദി സ്ട്രീറ്റിൽ പതാകകൾ ഉയർന്നു

എസ് വൈ എസ് വെസ്റ്റ് ജില്ലാ യുവജന റാലിയുടെ പൊതുസമ്മേളനം നടക്കുന്ന ആസാദി സ്ട്രീറ്റിൽ പതാകകൾ ഉയർന്നു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, മുഹമ്മദ് ഖാസിം കോയ പൊന്നാനി, അബൂബക്കർ ശർവാനി, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, വി പി എം ബശീർ, അഹ്മദ് മുഹ്‌യിദ്ദീൻ മുസ്‌ലിയാർ, ബാവഹാജി തലക്കടത്തൂർ, നാസർ ഹാജി ഓമച്ചപ്പുഴ, സി ടി ശറഫുദ്ദീൻ സഖാഫി, അബ്ദുസ്വമദ് മുട്ടന്നൂർ നേതൃത്വം നൽകി.