Connect with us

Kerala

എന്‍ പി ആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; തള്ള് മാത്രമെന്ന് കെ എം ഷാജി

Published

|

Last Updated

തിരുവനന്തപുരം | ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ പി ആര്‍) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സെന്‍സസ് സാധാരണ നടപടിയാണെന്നും എന്‍ പി ആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങളൊന്നും അതില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കി. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ പ്രശ്‌നമായി പൗരത്വ നിയമ ഭേദഗതിയെ സംസ്ഥാന സര്‍ക്കാര്‍ കണ്ടിട്ടില്ലെന്നും എന്‍ പി ആര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം വിളിച്ച യോഗത്തിലും വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

എന്നാല്‍, മുഖ്യമന്ത്രിയുടെത് വെറും തള്ള് മാത്രമാണെന്ന് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിക്കൊണ്ട് സംസാരിക്കവെ കെ എം ഷാജി പറഞ്ഞു. ഇതൊരു മുസ്ലിം പ്രശ്‌നമല്ലെന്നും മുസ്ലീങ്ങളെ കെട്ടിപ്പിടിച്ചതു കൊണ്ട് തീരുന്നതല്ലെന്നും ഷാജി പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് കേന്ദ്രം വിളിച്ച യോഗത്തില്‍ എന്തിനു പോയെന്ന് ഷാജി ചോദിച്ചു. യോഗത്തിന് ബംഗാള്‍ പോയില്ല. ബംഗാള്‍ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാള്‍ ഉശിരുണ്ടെന്ന് ഷാജി പറഞ്ഞത് സഭയില്‍ ബഹളത്തിനിടയാക്കി. പെണ്ണ് പരാമര്‍ശത്തിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവന്നു. ഷാജി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് എം സ്വരാജും മോശം പരാമര്‍ശമാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജയും ആരോപിച്ചു. പ്രയോഗം ശരിയായില്ലെന്ന് സ്പീക്കറും നിലപാടെടുത്തതോടെ പരാമര്‍ശം പിന്‍വലിക്കുന്നതായി പറഞ്ഞ് ഷാജി തടിയൂരി.