Connect with us

National

നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; സാമ്പത്തിക ഇടപാടുകളില്‍ വൈരുധ്യമെന്ന്

Published

|

Last Updated

ചെന്നൈ | ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. 16 മണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യലിനിടെ, ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് പറയുന്നു. നിര്‍മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബിഗിലിന് പ്രതിഫലം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കടലൂരിലെ മാസ്റ്റേഴ്‌സ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നേരിട്ടെത്തിയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയിക്ക് സമന്‍സ് നല്‍കിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അപ്പോള്‍ത്തന്നെ കാറില്‍ കയറ്റി കൊണ്ടുപോയി. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എ ജി എസ് ഫിലിംസുമായുള്ള പണമിടപാട് സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യല്‍ നടക്കുന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

എ ജി എസ് ഫിലിംസിന്റെ ചെന്നൈയിലടക്കമുള്ള ഓഫീസുകളിലും ചെന്നൈ സാലിഗ്രാമത്തിലെ വിജയിയുടെ വസതിയിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജി എസ് ടി, നോട്ട് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ പരിഹസിച്ചു കൊണ്ടുള്ള വിജയ് ചിത്രത്തിലെ രംഗങ്ങള്‍ തമിഴകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിജയിയുടെ കോലം കത്തിച്ചും ഫ്‌ളക്‌സുകള്‍ കീറിയും മറ്റും അന്ന് ബി ജെ പി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. ബി ജെ പി സര്‍ക്കാറിനെ അനുകൂലിച്ചുള്ള പ്രസ്താവനകളെ പിന്തുടര്‍ന്ന് നടന്‍ രജനീകാന്തിനെതിരായ നികുതി കേസുകള്‍ ആദായ നികുതി അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.

Latest