Connect with us

International

ജപ്പാന്‍ ആഢംബര കപ്പലിലെ 10 യാത്രികര്‍ക്ക് കൊറോണ; പിടിച്ചിട്ട കപ്പലിലെ 3,700 പേരെയും പരിശോധനക്ക് വിധേയമാക്കും

Published

|

Last Updated

ടോക്യോ | ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ 3,700 സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.ഇവരോട് അവരവരുടെ മുറികളില്‍ തങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചത്. പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും 50 വയസ് പിന്നിട്ടവരാണ്. കപ്പലിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്.

Latest