Connect with us

National

ഗുജറാത്ത് വംശഹത്യ: സകിയ ജഫ്രിയുടെ ഹര്‍ജിയില്‍ ഏപ്രില്‍ 14ന് സുപ്രീം കോടതി വാദം കേള്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | 2002ലെ ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷ സംഘം റിപ്പോര്‍ട്ട് ചേദ്യം ചെയ്ത് വംശഹത്യയിക്കിടെ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജിഫ്രിയുടെ ഭാര്യ സകിയ ജിഫ്രി നല്‍കിയ ഹര്‍ജി ഏപ്രില്‍ 14ന് സുപ്രീം കോടതി വാദം കേള്‍ക്കും. കേസ് ഹോളി അവധിക്ക് ശേഷം പരിഗണിക്കണമെന്ന സകിയയുടെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബഞ്ച് ഹര്‍ജി വാദം കേള്‍ക്കാന്‍ മാറ്റിയത്.

കേസ് പലതവണ മാറ്റിവെച്ചതായി ചൂണ്ടിക്കാട്ടിയ സകിയയുടെ അഭിഭാഷക അപര്‍ണ ഭട്ട്, എന്നായാലും ഒരു ദിവസം കേസ് കേള്‍ക്കേണ്ടി വരുമെന്നും അതിനാല്‍ ഒരു ദിവസം നിശ്ചയിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി കേസില്‍ ഏപ്രില്‍ 14ന് വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി 2017ല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇതിനെതിരെ 2018ല്‍ അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സബര്‍മതി എക്‌സ്പ്രസിന് തീവെച്ച് 59 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ 2002ല്‍ ഫെബ്രുവരി എട്ടിന് ഗുല്‍ബര്‍ഗ സ്വസൈറ്റിയിലുണ്ടായ കൂട്ടക്കൊലയിലാണ് ഇഹ്‌സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് തള്ളി 2012ലാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.