Connect with us

National

പൗരത്വ നിയമത്തെ വിമര്‍ശിച്ച് നാടകം; സ്‌കൂള്‍ കുട്ടികളെ വേട്ടയാടി കര്‍ണാടക പോലീസ്

Published

|

Last Updated

ബംഗളൂരു | പൗരത്വ നിയമത്തിന് എതിരെ നാടകം അവതരിപ്പിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ഥികളെ വട്ടം ചുറ്റിച്ച് കര്‍ണാടക പോലീസ്. നാടകത്തില്‍ അഭനയിച്ച ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളെ കഴിഞ്ഞ നാല് ദിവസമായി പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ഒരാളുടെ വിധവയായ മാതാവിനെയും സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ജനുവരി 21ന് കര്‍ണാടകയിലെ ബിദാറിലുള്ള ഒരു സ്‌കൂളില്‍ അവതരിപ്പിച്ച നാടകമാണ് അധികാരികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നാടകത്തില്‍ അഭിനയിച്ച കുട്ടികളെ പോലീസ് തുടര്‍ച്ചയായി വേട്ടയാടുകയാണ്. കഴിഞ്ഞ നാല് ദിവസമായി മണിക്കൂറുകളാണെ് കുട്ടികളെ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്യുന്നത്. ദിവസവും ഉച്ചക്ക് ഒരുമണിക്ക് സ്‌കൂളിലെത്തുന്ന പോലീസുകാര്‍ വൈകീട്ട് നാല് മണി വരെ കുട്ടികളെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

“കുട്ടികളെ പതിവായി നാലോ അഞ്ചോ മണിക്കൂര്‍ ക്ലാസ്സില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വരും. 4 മണി വരെ അവര്‍ കുട്ടികളെ ചോദ്യം ചെയ്യും. കഴിഞ്ഞ 4 ദിവസമായി ഇത് തുടരുകയാണ്. എന്തുകൊണ്ടാണ് അവര്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് എന്ന് അറിയില്ല. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ് സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്നത്” – സ്‌കൂളിന്റെ സിഇഒ തൗസീഫ് മടിക്കേരി പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളിലൊരാള്‍ ഇതിനകം ക്ഷമ ചോദിച്ചിട്ടുണ്ട്. എന്നിട്ടും പോലീസ് മാനസിക ഉപദ്രവം തുടരുകയാണെന്നും കുട്ടികളും രക്ഷിതാക്കളും ഭയപ്പാടിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാണ് നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയത്, ടീച്ചര്‍മാരുടെ നിര്‍ദേശപ്രകാരമാണോ നാടകം അവതരിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് കുട്ടികളോട് ആരായുന്നത്. കുട്ടിയുടെ മാതാവിനെയും ഹെഡ്മിസ്ട്രസിനെയും അറസ്റ്റ് ചെയ്തതിനെയും കുട്ടികളെ ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നതിനെയും എതിര്‍ത്ത് ബംഗളൂരുവിലെ നിരവധി മാതാപിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ നിശിതമായി വിമര്‍ശിക്കുന്ന നാടകത്തിലെ ഒരു വരിയുടെ പേരിലാണ് കുട്ടികളില്‍ ഒരാളുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. “ജൂട്ട് മാരഞ്ച് (ചെരിപ്പുകൊണ്ട് അടിക്കും) എന്ന വരിയാണ് അധികൃതരരെ ചൊടിപ്പിച്ചത്. നാടകത്തിന്റെ ക്ലിപ്പ് വൈറലായതോടെ സ്‌കൂളിനെതിരെ രാജ്യദ്രോഹം, മതസ്പര്‍ദ വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനുവരി 30 ന് പോലീസ് വിദ്യാര്‍ത്ഥിയുടെ അമ്മയെയും പ്രധാനാധ്യാപകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

---- facebook comment plugin here -----

Latest