Connect with us

Ongoing News

ദേശീയ പൗരത്വ രജിസ്റ്റര്‍ ദേശവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ലോക്സഭയില്‍ ഇക്കാര്യം രേഖാ മൂലം അറിയിച്ചത്.  രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാട്.

രാജ്യവ്യാപകമായി എന്‍ ആര്‍ സി നടപ്പാക്കുമോ എന്ന ചോദ്യത്തിനായിരുന്നു വിശദീകരണം. ഈ നിമിഷം വരെ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി. നിലവില്‍ എന്‍ ആര്‍ സി അസമില്‍ മാത്രമാണ് നടപ്പാക്കിയതെന്നും അതുകൊണ്ട് മറ്റു ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും ആഭ്യന്തരമന്ത്രാലയം ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഇതാദ്യമായാണ് സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്നത് സംബന്ധിച്ച് കേന്ദ്രം ഔദ്യോഗികമായി പ്രതികരിക്കുന്നത്. എന്നാല്‍, അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ മാതൃകയില്‍ രാജ്യമൊട്ടാകെ എന്‍ ആര്‍ സി നടപ്പാക്കുമെന്ന നിലപാടാണ് ബി ജെപിയും കേന്ദ്ര സര്‍ക്കാറും സ്വീകരിച്ചു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്‍ ആര്‍ സിയും എന്‍ പി ആറും സി എ എയും രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നായിരുന്നു ബി ജെ പി നേതാക്കളും പൊതുയോഗങ്ങളില്‍ പ്രംസഗിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Latest