Connect with us

Kerala

ബഷീറിന്റെ ഫോണിനെക്കുറിച്ച് പരാമർശമില്ല; കുറ്റപത്രത്തിൽ ഉത്തരവ് ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് എ അനീസ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.

കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷി മൊഴികൾ, മെഡിക്കൽ പരിശോധന, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304 (രണ്ട്) നിലനിൽക്കാത്ത പക്ഷം കോടതി സ്വമേധയാ വകുപ്പിൽ മാറ്റം വരുത്തി മനപ്പൂർവമല്ലാത്ത നരഹത്യയുടെ വകുപ്പായ 304 എ ആക്കി നമ്പറിട്ട് കുറ്റപത്രവും അനുബന്ധ രേഖകളും വിചാരണക്കായി തിരുവനന്തപുരം സി ജെ എം കോടതിക്കയക്കും. സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (രണ്ട്) നിലനിൽക്കുന്നതായി ബോധ്യപ്പെടുന്ന പക്ഷം പോലീസിനോട് പ്രതികളെ ഹാജരാക്കാൻ കോടതി സമൻസ് പുറപ്പെടുവിക്കും.

ഏപ്രിൽ 30നാണ് ഇനി കേസ് പരിഗണിക്കുക. അതേ സമയം നിർണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രത്തിൽ പരാമർശിക്കുന്നുമില്ല. മ്യൂസിയം പോലീസ് പ്രതി ഭാഗം ചേർന്ന് ഒത്തുകളിച്ചതിനെ തുടർന്നാണ് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് കേസിന്റെ തുടക്കത്തിൽ ജാമ്യം ലഭിച്ചത്. കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിടരുത്, സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അരുത്, തെളിവുകൾ നശിപ്പിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
സംഭവം നടന്ന ആഗസ്റ്റ് മൂന്നിന് പുലർച്ചെ 12.55ന് ശ്രീറാമിനെ കൈയോടെ അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിൾ എടുക്കാതെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് വിട്ടയച്ച ശേഷം ദുർബലമായ വകുപ്പ് ചേർത്ത് എഫ് ഐ ആർ ഇട്ട പോലീസിന്റെ വീഴ്ചകളാണ് ശ്രീറാമിന് ജാമ്യം നേടിക്കൊടുക്കാൻ കാരണമായത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് കുറ്റപത്രത്തിൽ ശ്രീറാമിനും സഹയാത്രികയായ വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അമിത വേഗതയിലെ ഡ്രൈവിംഗ് മരണത്തിന് ഇടയാക്കുമെന്ന് അറിഞ്ഞിട്ടും അപകടകരമായി ഡ്രൈവ് ചെയ്തതിന് മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. നൂറോളം സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുള്ള 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി പോലീസ് കോടതിയിൽ ഹാജരാക്കി.