Connect with us

Kerala

വൈറസ് മരണത്തെ ചൈന പ്രതിരോധിക്കുന്ന തന്ത്രത്തിന് സാക്ഷിയായി ഷാലു

Published

|

Last Updated

കോഴിക്കോട് | അമ്പരപ്പിക്കുന്ന ആരോഗ്യ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞതിനാലാണ് കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും മരണം ഒരു പരിധി വരെ നിയന്ത്രിക്കാൻ ചൈനക്ക് കഴിയുന്നതെന്ന് ചൈനയിൽ നിന്ന് തിരിച്ചെത്തിയ മലയാളി എൻജിനീയറിംഗ് വിദഗ്ധൻ ഷാലു.

ആരോഗ്യ സേവന രംഗത്ത് വികസിത യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന സംവിധാനങ്ങളാണ് ചൈനയിലുള്ളതെന്ന് അദ്ദേഹം പറയുന്നു. ഉൾനാടുകളിൽ പോലും ധാരാളം പൊതു ആശുപത്രികൾ. അവയെല്ലാം മൾട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ളവ. അലോപ്പതി ചികിത്സയോടൊപ്പം ചൈനീസ് പാരമ്പര്യ ചികിത്സക്കും അവർ പ്രാധാന്യം നൽകുന്നു. ഓരോ ആശുപത്രിയും സമ്പൂർണമായി സ്വയം പര്യാപ്തമാണ്. എല്ലാവരും ഇൻഷ്വറൻസിനെ അടിസ്ഥാനമാക്കിയാണ് ചികിത്സാ സേവനങ്ങൾ അനുഭവിക്കുന്നത്. ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും മരണം പെരുകാത്തതിന് പിന്നിൽ ആരോഗ്യമേഖലയിൽ അവർ പുലർത്തുന്ന കടുത്ത ജാഗ്രതയാണെന്ന് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ കാർ നിർമാതാക്കളായ ഗ്രേറ്റ് വാൾസ് മോട്ടോഴ്‌സ് ബൗദ്ധിക സ്വത്തവകാശ (ഇന്റലക്ച്വൽ പ്രോപ്പർട്ടി)വിഭാഗം മേധാവിയായ ഷാലു പറയുന്നു.

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ആശാരിക്കണ്ടിയിൽ ബാലൻ നായരുടെ മകനായ ഷാലുവും ഭാര്യ ശ്രീദേവിയും മക്കളായ നിരഞ്ജൻ(പത്ത്), റശീഖ് (അഞ്ച്) എന്നിവരും കഴിഞ്ഞ രണ്ട് വർഷമായി ചൈനയിലാണ് കഴിയുന്നത്.

യൂറോപ്പിനെ വെല്ലുന്ന വൃത്തി

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളിലധികവും ചൈനയിൽ നിന്നുള്ളതല്ല. ചൈന വൃത്തിയുടെ കാര്യത്തിൽ യൂറോപ്യൻ നഗരങ്ങളെ വെല്ലുന്നതാണ്. തെരുവുകളെല്ലാം വെള്ളമടിച്ച് കഴുകിക്കൊണ്ടിരിക്കുന്ന രീതിയാണുള്ളത്. ആരോഗ്യവാന്മാരും സന്തോഷത്തോടെ കഴിയുന്നവരുമാണ് ചൈനീസ് ജനത. ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാൻ ഉണ്ടായിരുന്ന ഒറ്റക്കുട്ടി സന്പ്രദായം കാരണം യുവജനങ്ങളുടെ വലിയ കുറവ് നേരിടുന്നത് രാജ്യം തിരിച്ചറിഞ്ഞു. ഇപ്പോൾ ഒന്നിലധികം കുട്ടികൾ ആകാമെന്ന് രാജ്യം നിർദേശിച്ചിട്ടും ജനങ്ങൾ പഴയ പാത പിന്തുടരുന്നതിന്റെ ആശങ്ക കാണാം.

ഭൂമിയിൽ ഉത്പാദനം നടത്തുന്ന കാലത്തോളം അവശ്യമുള്ള ഭൂമി കൈവശം വെക്കാം. മക്കൾക്ക് ഭൂമി ആവശ്യമുണ്ടെങ്കിൽ മാത്രമേ കൈമാറാൻ പറ്റൂ. കൃഷി ഭൂമി, പാർപ്പിടത്തിനുള്ള ഭൂമി എന്നിങ്ങനെ ഭൂമിയെ പ്രത്യേകം വേർതിരിച്ചിട്ടുണ്ട്. സമ്പാദ്യം എന്ന നിലയിൽ ഭൂമി വാങ്ങിക്കൂട്ടാനോ കൈമാറാനോ കഴിയില്ല. എവിടെയും പോയി കെട്ടിടം ഉണ്ടാക്കാനാകില്ല. കർഷകർ ഉത്പന്നങ്ങളുമായി നേരിട്ട് മാർക്കറ്റിൽ എത്തുകയാണ്. ഇടനിലക്കാരില്ല. ഉയർന്ന വിളവാണ് കൃഷിയിൽ ഉണ്ടാകുന്നത്. ഓരോ പ്രദേശത്തും വ്യവസായ കേന്ദ്രങ്ങളുണ്ട്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നു.

പാമ്പ് ആഹാരമല്ല

ഭക്ഷണ കാര്യത്തിൽ ചിക്കൻ, ബീഫ്, പോർക്ക്, മത്സ്യം എന്നിവ തന്നെയാണ് ധാരാളം ഉപയോഗിക്കുന്നത്. പാമ്പ് ചൈനക്കാരുടെ ആഹാരമേ അല്ല. അവരും പാമ്പിനെ കുറിച്ച് പറയുമ്പോൾ നമ്മളെ പോലെ അറപ്പുള്ളവരാണ.് വിയറ്റ്‌നാം മാർക്കറ്റിലെ ദൃശ്യങ്ങളാണ് മിക്കവാറും ചൈനാ മാർക്കറ്റ് എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്നത്. നാഗാലാൻഡിൽ പട്ടിയിറച്ചി കഴിക്കുന്നതിന്റെ പേരിൽ ഇന്ത്യക്കാർ പട്ടിയിറച്ചി കഴിക്കും എന്നു പറയുന്നതു പോലെയേ അക്കാര്യം ഉള്ളൂ. തെക്കൻ ചൈനയുടെ ഉൾനാട്ടിൽ എവിടെയോ പാന്പിനെ കഴിക്കുന്നവർ ഉണ്ടെന്ന് മാത്രമേ അറിയൂ.
വിദേശികളോട്, പ്രത്യേകിച്ച് ഇന്ത്യക്കാരോട് അവർ പുലർത്തുന്ന സ്‌നേഹം അതിരറ്റതാണ്. അതിഥികളെ സ്വീകരിക്കാൻ ഏറെ ആഹ്ലാദമാണവർക്ക്. നഗരങ്ങളിൽ എല്ലാവരും അപ്പാർട്ട്‌മെന്റുകളിലാണ് താമസിക്കുന്നത്. എല്ലാ ബഹുരാഷ്ട്ര ഉത്പന്നങ്ങളും കമ്പോളത്തിൽ യഥേഷ്ടം ലഭിക്കുന്നുണ്ട്.

പാർട്ടി ക്ലാസുകൾ പ്രധാനം

ആശുപത്രികളടക്കം എല്ലാം സംരംഭണങ്ങളുടെയും ഭരണ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളാണുള്ളത്. ഉന്നത പദവികൾക്ക് പരിഗണിക്കപ്പെടുന്നതിൽ പാർട്ടി പ്രവർത്തനം പ്രധാനമാണ്. ഓരോ സ്ഥാപനത്തിലും പാർട്ടി പ്രതിജ്ഞയും പാർട്ടി ക്ലാസുകളും ഉണ്ട്. അതിനാൽ തന്നെ രാഷ്ട്ര നേതാക്കളെക്കുറിച്ചും രാഷ്ട്രത്തിന്റെ പുരോഗതിയെക്കുറിച്ചും ഓരോ ചൈനക്കാരനും വലിയ അഭിമാനികളാണ്. ഹയർ സെക്കൻഡറി പഠനം കഴിഞ്ഞാൽ ഒരു പൊതു പ്രവേശന പരീക്ഷ മാത്രമാണുള്ളത്. അതിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിവിധ കോഴ്‌സുകളിലേക്ക് വിദ്യാർഥികൾ ചേരുന്നത്. പ്രശസ്തമായ യൂനിവേഴ്‌സിറ്റികളിൽ പ്രവേശനം ലഭിക്കുക എന്നത് മാത്രമാണ് അവർക്കിടയിലെ മത്സരം. ഇന്ത്യക്കാരേക്കാൾ പാക്കിസ്ഥാൻ വിദ്യാർഥികൾ ചൈനയിൽ പഠിക്കാനെത്തുന്നു.

മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ കാറ്റഗറികളൊന്നുമില്ല. എല്ലാ ആശുപത്രികളിലും എല്ലാ സേവനവും ലഭിക്കും. ചികിത്സ ചെലവുള്ളതാണെങ്കിലും അതിന്റെ ഭാരം ജനങ്ങളിലില്ല. പ്രതിരോധ കുത്തിവെപ്പുകളുണ്ട്. കൂടുതൽ പണം കൊടുത്ത് മികച്ച ചികിത്സ വാങ്ങാം എന്ന അവസ്ഥയില്ല. ചികിത്സക്ക് വി വി ഐ പി പരിഗണനയുമില്ല.
ജനുവരി 20 മുതൽ 31 വരെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായ അവധിക്കാണ് ഷാലുവും കുടുംബവും നാട്ടിലേക്ക് തിരിച്ചത്. അപ്പോൾ വുഹാനിൽ കൊറോണ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറസ് ബാധയെ തുടർന്ന് രാജ്യം ദേശീയ ദിന അവധി ദീർഘിപ്പിക്കുകയാണ് ചെയ്തത്. രോഗം പടരാതിരിക്കാൻ ഇതു വഴിയൊരുക്കി. ഫ്ലാറ്റുകളിൽ തന്നെ കഴിയണമെന്ന നിർദേശം ജനങ്ങൾ കർശനമായി പാലിക്കുകയാണ്.

സ്വന്തം ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളുമെല്ലാം വികസിപ്പിച്ച ചൈനയിൽ വിദേശ വാർത്തകളെല്ലാം ലഭ്യമാകുന്നുണ്ട്. വാർത്തകളോടുള്ള ആസക്തി അവിടെ ജനങ്ങൾക്കില്ല. ഹൈ പ്രൊഫൈൽ സേവനങ്ങൾക്ക് മാത്രമേ ചൈന വിദേശികളെ ആശ്രയിക്കുന്നുള്ളൂ. സ്വന്തം പൗരന്മാർക്ക് ജോലി നൽകുന്നതിലാണ് ഭരണകൂടം ജാഗ്രത പുലർത്തുന്നത്.

2006ൽ കോഴിക്കോട് എൻ ഐ ടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ എം ടെക് നേടിയ ഷാലു ബെംഗളൂരുവിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഗ്രേറ്റ് വാൾ മോട്ടോഴ്‌സിലേക്ക് മാറുന്നത്. ഹെബൈ പ്രവിശ്യയിലെ ബോർഡിംഗ് എന്ന സ്ഥലത്തെ കമ്പനിയുടെ പ്ലാന്റിൽ വർഷം 13 ലക്ഷം കാർ ഉത്പാദിപ്പിക്കുന്നുണ്ട്. ഹൈഡ്രജൻ വാഹനങ്ങൾ വിപണിയിൽ ഇറക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായ ബൗദ്ധിക സ്വത്തവകാശ വിഭാഗത്തിലാണ് ഷാലു ജോലി ചെയ്യുന്നത്. രോഗം നിയന്ത്രണവിധേയമായാൽ ഉടനെ തിരിച്ചുപോകുമെന്നും ഷാലു പറഞ്ഞു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest