Connect with us

Editorial

പടരണം ശഹീന്‍ ബാഗുകള്‍ രാജ്യമെങ്ങും

Published

|

Last Updated

എന്‍ ആര്‍ സിക്കും സി എ എക്കുമെതിരായ പ്രക്ഷോഭം ആരംഭിച്ചിട്ട് രണ്ട് മാസത്തോളമായി. ദിവസങ്ങള്‍ ചെല്ലുന്തോറും സമരത്തിന്റെ വീര്യം കുറഞ്ഞു വരികയാണ് പലയിടങ്ങളിലും. എന്നാല്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ ശഹീന്‍ ബാഗില്‍ ഇപ്പോഴും ശക്തമായി തുടരുകയാണ് എന്‍ ആര്‍ സി, സി എ എ വിരുദ്ധ പോരാട്ടം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് തെക്കന്‍ ഡല്‍ഹിയില്‍ യമുനാ നദിയുടെ തീരത്തിന് സമീപം ശഹീന്‍ ബാഗ്- കാളിന്ദികുഞ്ച് റോഡില്‍ കെട്ടിയ സമരപ്പന്തലില്‍ തടിച്ചു കൂടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ വര്‍ണാഭമായ ഔദ്യോഗിക ആഘോഷ പരിപാടികള്‍ കാണാനെത്തിയവരുടെ അനേക മടങ്ങായിരുന്നു അന്ന് ശഹീന്‍ ബാഗ് പോരാട്ട വേദിയിലെത്തിയവരുടെ എണ്ണം. എൺപതും തൊണ്ണൂറും വയസ്സ് കടന്ന പടുവൃദ്ധരും കൊച്ചു കുഞ്ഞിനെ മാറോട് ചേര്‍ത്തു പിടിച്ച് മുലയൂട്ടുന്ന സ്ത്രീകളും വരെയുണ്ട് ഈ സമര വേദിയില്‍. മുസ്‌ലിം വേഷധാരികള്‍ മാത്രമല്ല, പൊട്ടുതൊട്ട ഹൈന്ദവ സഹോദരങ്ങളും കുരിശണിഞ്ഞ ക്രിസ്തീയ വിഭാഗക്കാരും ഇതര മതക്കാരും മതമില്ലാത്തവരുമെല്ലാമുണ്ട് കൂട്ടത്തില്‍.

ജനിച്ച മണ്ണില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശം നിലനിര്‍ത്തുന്നതിനാണ് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഡല്‍ഹിയിലെ അസ്ഥി തുളക്കുന്ന ശൈത്യത്തെ വകവെക്കാതെ ശഹീന്‍ ബാഗിലെ ജനക്കൂട്ടം പ്രക്ഷോഭം തുടരുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികളെ ഡിസംബര്‍ 15ന് ക്യാമ്പസില്‍ കയറി തല്ലിച്ചതച്ച ആര്‍ എസ് എസ്, ഡല്‍ഹി പോലീസ് ക്രൂരതക്ക് പിന്നാലെയാണ് ശഹീന്‍ ബാഗില്‍ പ്രതിഷേധവുമായി മത, ജാതി, ലിംഗ വ്യത്യാസമില്ലാതെ പ്രതിഷേധവുമായി ജനങ്ങള്‍ തടിച്ചു കൂടിയത്. ഏതാനും ദിനങ്ങള്‍ കൊണ്ട് പോരാട്ടവീര്യം ദുര്‍ബലപ്പെട്ട് ശഹീന്‍ ബാഗ് സാധാരണ നിലയിലേക്ക് തിരിച്ചു വരുമെന്നായിരുന്നു അധികൃതരുടെ കണക്കു കൂട്ടല്‍. എന്നാല്‍ എട്ടാഴ്ച പിന്നിട്ടിട്ടും പ്രക്ഷോഭത്തിനു വീര്യം കുറയുന്നില്ല. ദിനങ്ങള്‍ കടന്നു പോകുന്തോറും അത് കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷുകാരുടെ കരങ്ങളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനായിരുന്നു നമ്മുടെ പൂര്‍വികര്‍ ദേശീയ സമരം സംഘടിപ്പിച്ചതെങ്കില്‍, ആ സമരത്തിലൂടെ കൈവരിച്ച മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് ഇപ്പോള്‍ രാജ്യത്തെ മറ്റു പ്രദേശങ്ങള്‍ക്കൊപ്പം ശഹീന്‍ ബാഗും പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്. ഇത് സര്‍ക്കാറിനെയും ഹിന്ദുത്വ ശക്തികളെയും വല്ലാതെ അങ്കലാപ്പിലാക്കുന്നുണ്ട്. പ്രക്ഷോഭകര്‍ക്കെതിരെ കുപ്രചാരണങ്ങളുമായി രംഗത്തു വന്നു കൊണ്ടിരിക്കുകയാണ് ഹിന്ദുത്വരും ഭരണകൂടവുമിപ്പോള്‍.

ശഹീന്‍ ബാഗ് പ്രക്ഷോഭകര്‍ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ബലാത്സംഘം ചെയ്യുമെന്നാണ് ന്യൂസ് ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബി ജെ പി. എം പി പര്‍വേശ് വര്‍മ ആരോപിക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചാല്‍ ശഹീന്‍ ബാഗിലെ മുഴുവന്‍ പ്രതിഷേധക്കാരെയും ഒരു മണിക്കൂറിനകം ഒഴിപ്പിക്കുമെന്നും ഡല്‍ഹി വികാസ്പുരി മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവെ പര്‍വേശ് വര്‍മ ഭീഷണിമുഴക്കി. പ്രക്ഷോഭകര്‍ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും അവരെ വെടിവെച്ചു കൊല്ലണമെന്നുമായിരുന്നു മറ്റൊരു ബി ജെ പി നേതാവ് അനുരാഗ് ഠാക്കൂറിന്റെ ആഹ്വാനം. അണികള്‍ താമസിയാതെ ഇത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കപില്‍ ഗുജ്ജാര്‍ എന്ന യുവാവ് ശഹീന്‍ ബാഗിലെത്തി സമര വേദിക്ക് നേരെ വെടിയുതിര്‍ത്തു.
പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഹിന്ദുക്കള്‍ക്കു മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുള്ളൂവെന്ന് അക്രമി വിളിച്ചു പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശഹീന്‍ ബാഗ് വെടിവെപ്പിനു രണ്ട് ദിവസം മുമ്പാണ് ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ക്ക് നേരെ മറ്റൊരു ഹിന്ദുത്വഭീകരന്‍ വെടിയുതിര്‍ത്തത്. അക്രമി തോക്കെടുത്തു വെടിവെക്കുമ്പോള്‍ തൊട്ടടുത്ത് പോലീസ് നിസ്സംഗരായി കൈയും കെട്ടി നോക്കി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ സംഭവത്തില്‍ പോലീസിന്റെ പരോക്ഷ പങ്കും വ്യക്തമായി. അമിത് ഷാ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ നടന്ന ഹിന്ദുത്വരുടെ അക്രമങ്ങളില്‍ ഇതപര്യന്തം അക്രമികളെ പിന്തുണക്കുന്ന നിലപാടാണ് ഡല്‍ഹിപോലീസ് സ്വീകരിച്ചത്. ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച്, ദേശീയ ഗാനം പാടി, ഭരണഘടന നെഞ്ചോട് ചേര്‍ത്തു പിടിച്ച്, സാഹോദര്യത്തിന്റെയും സമഭാവനയുടെയും മുദ്രാവാക്യങ്ങള്‍ മുഴക്കി, സമാധാനപരമായി പ്രതിഷേധിക്കുന്ന ശഹീന്‍ ബാഗ് സമര പോരാളികള്‍ ദേശവിരുദ്ധരാണല്ലോ അമിത് ഷായുടെ ഭാഷയില്‍. പ്രക്ഷോഭകരുടെ മനോദാര്‍ഢ്യത്തിനു മുന്നില്‍ പക്ഷേ ഇത്തരം കുപ്രചാരണങ്ങളെല്ലാം വിഫലമാകുകയാണ്.

ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍ പോലെ ഡല്‍ഹി ശഹീന്‍ ബാഗ് ഇന്ന് സമരവീര്യം കൊണ്ട് ആഗോള ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കാനും ഇല്ലായ്മ ചെയ്യാനും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ ചെറുത്തു നില്‍പ്പിന്റെ ഒരു പ്രതീകമായി മാറിക്കഴിഞ്ഞു ശഹീന്‍ ബാഗ്. ആരുടെയും ആഹ്വാനങ്ങളില്ലാതെ, നയിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളില്ലാതെ രാജ്യത്തെ സാധാരണക്കാര്‍, അതും മുതിര്‍ന്ന പൗരന്മാരും വീട്ടമ്മമാരും ആവേശത്തോടെ പങ്കെടുക്കുന്ന എന്‍ ആര്‍ സി, സി എ എ വിരുദ്ധ പ്രക്ഷോഭ മാതൃക ഇപ്പോള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുകയാണ്. ഹുസൈനാബാദ്, പാറ്റ്‌ന, കൊല്‍ക്കത്ത, പുണെ, റാഞ്ചി തുടങ്ങി രാജ്യത്തിന്റെ മറ്റു വിവിധ ഭാഗങ്ങളിലും പ്രക്ഷോഭം അരങ്ങേറിയെന്നത് ശഹീന്‍ ബാഗ് പോരാട്ടം ഇന്ത്യന്‍ ജനതയില്‍ എത്രമാത്രം സ്വാധീനം നേടിയെന്നു വിളിച്ചോതുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിക്കേണ്ടതുണ്ട് ശഹീന്‍ ബാഗ് മോഡല്‍. പൗരത്വത്തിനു മതം മാനദണ്ഡമാക്കുന്ന, വിദ്വേഷവും അസഹിഷ്ണുതയും വമിപ്പിക്കുന്ന, പിന്തിരിപ്പന്‍ നയങ്ങളില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്തിരിയുന്നതു വരെ ഈ പോരാട്ടങ്ങള്‍ ജ്വലിച്ചു നില്‍ക്കുകയും വേണം.

Latest