Connect with us

Kerala

2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെതിരായ യു ഡി എഫ് ഹരജി തള്ളി

Published

|

Last Updated

കൊച്ചി |  2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തെ എതിര്‍ത്ത യു ഡി എഫിന് തിരിച്ചതടി. ഇത് ചോദ്യം ചെയ്ത് യു ഡി എഫ് നേതാക്കള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരം ആണെന്നും ഇതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

2015ലെ പട്ടിക അംഗീകരിക്കരുതെന്നും 2019ലെ വോട്ടര്‍ പട്ടിക കരടായി എടുത്തു തിരഞ്ഞെടുപ്പ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി, കോണ്‍ഗ്രസ് നേതാക്കളായ എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാറിനേയും എതിര്‍കക്ഷി ആക്കിയായിരുന്നു ഹരജി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള തിരഞ്ഞെടുപ്പ്് കമ്മീഷന്‍ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. ഇതോടെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ പോയത്.
2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിനും വേണമെന്നായിരുന്നു നേരത്തെ യു ഡി എഫും എല്‍ ഡി എഫും ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പ്രായോഗിക പ്രയാസം കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം തള്ളിയതോടെ എല്‍ ഡി എഫ് ഇത് അംഗീകരിച്ചു. എന്നാല്‍ യു ഡി എഫ് എതിര്‍പ്പ് തുടരുകയായിരുന്നു.

Latest