Connect with us

Kerala

ആംബുലൻസ് ഡ്രൈവർക്ക് നേരെ കല്ലട മോഡൽ ആക്രമണം

Published

|

Last Updated

താമരശ്ശേരി | ഈങ്ങാപ്പുഴയിൽ ആംബുലൻസ് ഡ്രൈവർക്ക് നേരെ കല്ലട മോഡൽ ആക്രമണം. എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായി വാദിസലാം ആംബുലൻസ് ഡ്രൈവർ മായനാട് വൈശ്യംപുറത്ത് സിറാജിനെയാണ് കോഴിക്കോട്-െബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ഡി എൽ ടി കമ്പനിയുടെ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ക്രൂരമായി മർദിച്ചത്.

വയനാട്ടിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസ് മടങ്ങിവരുമ്പോഴാണ് സംഭവം. മെഡിക്കൽ കോളജിലെത്തണമെന്ന ട്രൈബൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള അടിയന്തര സന്ദേശത്തെത്തുടർന്ന് അതിവേഗത്തിൽ പോകുകയായിരുന്ന ആംബുലൻസിൽ നിന്ന് പിടിച്ചിറക്കിയാണ് അക്രമിച്ചത്. നിരന്തരമായി ഹോൺ അടിച്ചിട്ടും ആംബുലൻസിന് തടസ്സം സൃഷ്ടിക്കുന്നത് കണ്ട നാട്ടുകാർ ബൈക്കിൽ പിന്തുടർന്ന് ഈങ്ങാപ്പുഴ പാലത്തിന് സമീപത്തുവെച്ച് ബസ് തടഞ്ഞു. ഈ സമയം ബസിനെ മറികടന്ന ആംബുലൻസ് ബസിന് സമീപം നിർത്തിയതോടെ ബസിലെ ജീവനക്കാരൻ ഇറങ്ങി വന്ന് ആംബുലൻസ് ഡ്രൈവറെ മർദിക്കുകയായിരുന്നു.

ആംബുലൻസിന് തടസ്സം സൃഷ്ടിക്കുന്നതും പിന്നീട് മർദിക്കുന്നതുമെല്ലാം ബൈക്ക് യാത്രക്കാരൻ മൊബൈലിൽ പകർത്തിയത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ടൂറിസ്റ്റ് ബസ് ജീവനക്കാരനായ കൊടുവള്ളി ആവിലോറ പറക്കുന്ന് സ്വദേശി റിജേഷിനെയും ഡ്രൈവർ പെരുവയൽ സ്വദേശി മുഹമ്മദ് റാഫിയെയും അറസ്റ്റ് ചെയ്തു. പരുക്കേറ്റ സിറാജിനെ താമരശ്ശേരി താലൂക്കാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആംബുലൻസ് ഡ്രൈവർ മുഹമ്മദ് സിറാജിന് മൂക്കിനുള്ളിൽ ക്ഷതമേറ്റതായി മെഡിക്കൽ കോളജിലെ ഡോക്്ടർമാർ അറിയിച്ചു. ഇത് കാരണം മൂക്കിനുള്ളിലൂടെ രക്തസ്രാവമുണ്ട്. കൂടാതെ ശക്തമായ തലവേദനയും സംസാരിക്കുന്നതിന് പ്രയാസവുമുണ്ട്. മർദനമേറ്റ് പരുക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിറാജിനെ ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആംബുലൻസിൽ നിന്ന് വലിച്ച് പുറത്തിട്ട ശേഷം കുപ്പിയും മറ്റും ഉപയോഗിച്ച് തന്റെ തലക്കും മുഖത്തും മറ്റും ഇടിക്കുകയായിരുന്നുവെന്ന് സിറാജ് പറഞ്ഞു.

Latest