Connect with us

Kerala

ജാമിയ, ഷഹീന്‍ബാഗ് വെടിവെപ്പ്: അടിയന്തിര പ്രമേയവുമായി കുഞ്ഞാലിക്കുട്ടി

Published

|

Last Updated

ന്യൂഡല്‍ഹി |  കഴിഞ്ഞ നാല് ദിവസത്തിനിടെ ഡല്‍ഹിയില്‍ മൂന്നിടത്ത് പൗരത്വ വിരുദ്ധ പ്രക്ഷോഭക്കാരെ ലക്ഷ്യമിട്ട് വെടിവെപ്പുണ്ടായ സംഭവത്തില്‍ ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി പി കെ കുഞ്ഞാലിക്കുട്ടി എം പി. ജാമിയ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടും ഷഹീന്‍ബാഗ് സമരക്കാരെ ലക്ഷ്യമിട്ടുമായി ഹിന്ദു ഭീകര സംഘടനകളുടെ പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തത്. പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം നടത്തണമെന്ന തരത്തില്‍ ബി ജെ പി എം പിമാരായ അനുരാഗ് ഠാക്കൂറും പര്‍വേഷ് വര്‍മയും പ്രസംഗിച്ചിരുന്നു. അക്രമത്തിന് പ്രേരകമായേക്കാവുന്ന ഇത്തരം പ്രസംഗങ്ങളും ചര്‍ച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ഞായറാഴ്ച രാത്രി ജാമിയ സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആളപായമില്ല. ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് വെടിവെപ്പ് നടന്നത്. അതിന്റെ തൊട്ടുമുമ്പത്തെ ദിവസം ജാമിയ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് നേരെയും വെടിവെപ്പുണ്ടായിരുന്നു. ഇതില്‍ ബജ്‌റംഗ്ദല്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായിരുന്നു.

 

Latest