Connect with us

Editorial

ലോകമൊന്നിച്ചെതിര്‍ക്കണം ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി

Published

|

Last Updated

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് ഫലസ്തീന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ മൗഢ്യമുണ്ടാകില്ല. ട്രംപിന്റെ നയങ്ങളെ നയിക്കുന്ന എന്തെങ്കിലും പ്രത്യയശാസ്ത്രമുണ്ടെങ്കില്‍ അത് കുടിയേറ്റവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയുമാണ്. ഈ പക്ഷപാതിത്വത്തിന്റെ ഏറ്റവും പച്ചയായ ആവിഷ്‌കാരമാണ് ഇസ്‌റാഈലിനോടുള്ള അദ്ദേഹത്തിന്റെ കരുതല്‍. ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചപ്പോഴും ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുക്കുന്ന ജൂത രാഷ്ട്രത്തിന്റെ നടപടിയെ നഗ്നമായി ന്യായീകരിച്ചപ്പോഴും തന്റെ മരുമകന്‍ ജെറാഡ് കുഷ്‌നറെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചപ്പോഴുമെല്ലാം ട്രംപിന്റെ പക്ഷം വ്യക്തമായതാണ്. ജറൂസലം പ്രമേയം യു എസ് കോണ്‍ഗ്രസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാസ്സാക്കിയതാണെങ്കിലും ഒരു പ്രസിഡന്റും അത് നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ല. സീനിയര്‍, ജൂനിയര്‍ ബുഷുമാരും ബില്‍ ക്ലിന്റണുമെല്ലാം നീട്ടിവെച്ചു കൊണ്ടേയിരുന്ന ആ തീരുമാനത്തില്‍ 2017 അവസാനം ഒപ്പുവെക്കുകയായിരുന്നു ട്രംപ്. യു എന്‍ അടക്കമുള്ള മുഴുവന്‍ അന്താരാഷ്ട്ര ഏജന്‍സികളും നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച അധിനിവേശത്തിനാണ് ട്രംപ് അംഗീകാരം നല്‍കിയത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട, മുസ്‌ലിംകളുടെ രണ്ടാമത്തെ വിശുദ്ധ ഗേഹം സ്ഥിതി ചെയ്യുന്ന പുണ്യ നഗരിയാണല്ലോ ജറൂസലം.
എന്നിട്ടും, കഴിഞ്ഞ ചൊവ്വാഴ്ച സമര്‍പ്പിക്കപ്പെട്ട ഇസ്‌റാഈല്‍- ഫലസ്തീന്‍ സമാധാന പദ്ധതിയിലേക്ക് ആഴത്തില്‍ നോക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചത് മറ്റു ചില ഘടകങ്ങളാണ്. തന്റെ പ്രതിച്ഛായയില്‍ ചില മിനുക്കു പണികള്‍ വേണമെന്ന് ട്രംപിന് അതിയായ ആഗ്രഹമുണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. ഉത്തര കൊറിയയുമായി സംഭാഷണത്തിന് മുതിര്‍ന്നത് ഇതിന്റെ ഭാഗമായിരുന്നു. സമാധാനത്തിനായി നിലകൊണ്ട പ്രസിഡന്റാണ് താനെന്നും അതിന്റെ പേരില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും പല തവണ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഫലസ്തീന്‍- ഇസ്‌റാഈല്‍ വിഷയത്തില്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന പരിഹാരം തന്റെ കൈയിലുണ്ടെന്ന് അദ്ദേഹം ഇടക്കിടക്ക് പറയാറുണ്ട്. ഇത്തരമൊരാളില്‍ നിന്ന്, മേനി നടിക്കാന്‍ വേണ്ടിയെങ്കിലും ചില നല്ല നിര്‍ദേശങ്ങള്‍ ഉണ്ടാകാമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അറബ് രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം തുടരണമെന്നും ലക്ഷണമൊത്ത ബിസിനസ്സുകാരനായ ട്രംപിന് വല്ലാത്ത മോഹമുണ്ട്. ഫലസ്തീന്‍ രൂപവത്കരണത്തില്‍ ചില പോസിറ്റീവായ ഇടപെടലുകള്‍ക്ക് ട്രംപ് മുതിര്‍ന്നേക്കാമെന്ന പ്രതീക്ഷക്ക് ഇതും കാരണമായി. എന്നാല്‍ നൂറ്റാണ്ടിന്റെ ചതിയെന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി പുറത്തു വന്നതോടെ ആ പ്രത്യാശകളെല്ലാം അസ്തമിച്ചിരിക്കുന്നു.

[irp]

നൂറ്റാണ്ടിലെ ചതിയെന്നാണ് ഇറാന്‍ അതിനെ വിശേഷിപ്പിച്ചത്. ഫലസ്തീനെ ഇപ്പോഴുള്ളതിനേക്കാള്‍ ചുരുക്കാനും വലിയ മതില്‍ക്കെട്ടിനകത്ത് തളച്ചിടാനുമാണ് പദ്ധതിയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറയുന്നു. ട്രംപിന്റെ പദ്ധതി തള്ളണമെന്ന് ഫലസ്തീന്‍ സംഘടനകളും അന്തര്‍ദേശീയ സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ആലോചിച്ച് ട്രംപ് തയ്യാറാക്കിയ സമാധാന പദ്ധതി കടുത്ത ഗൂഢാലോചനയാണെന്ന് ഫതഹ് അടക്കമുള്ള സംഘടനകള്‍ വിലയിരുത്തുന്നു. പദ്ധതി നൂറ് ശതമാനവും നിരാകരിക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ‌്മൂദ് അബ്ബാസ് പറഞ്ഞു. കിഴക്കന്‍ ജറൂസലം കേന്ദ്രമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നതു വരെ പോരാട്ടം തുടരാന്‍ തന്നെയാണ് ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം. 1967ന് മുമ്പ് അംഗീകരിച്ച രാജ്യാതിര്‍ത്തികള്‍ക്കനുസരിച്ച് ഇരു രാഷ്ട്രങ്ങളും സുരക്ഷിതമായി നിലനില്‍ക്കുന്നതിനെയാണ് പിന്തുണക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചു. പദ്ധതി അംഗീകരിക്കുന്നില്ലെന്ന് ജോര്‍ദാന്‍ വ്യക്തമാക്കി. അറബ് ലീഗും ഇതേ നിലപാടാണ് മുന്നോട്ട് വെച്ചത്. ഈ പ്രതികരണങ്ങളെല്ലാം ഫലസ്തീന് ഏറെ ആശ്വാസകരമാണ്.
പുതിയ പദ്ധതി പ്രകാരം ഫലസ്തീന്‍ തലസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത് അബൂ ദിസ് ആണ്. ജറൂസലമിനെ ഇസ്‌റാഈല്‍ വലിയ മതില്‍ പണിത് വേര്‍തിരിച്ചതിന്റെ ചുവട്ടിലുള്ള ചെറു പട്ടണമാണിത്. ഇവിടെ ഏതാനും വര്‍ഷം മുമ്പ് ഫലസ്തീന്‍ പാര്‍ലിമെന്റിനായി കെട്ടിടം പണി തുടങ്ങിയിരുന്നു. തലസ്ഥാനമായി ഈ പ്രദേശം സ്വീകരിക്കുന്നതായി വായിക്കാനിടയുണ്ട് എന്നതിനാല്‍ ഈ പ്രവൃത്തി നിര്‍ത്തി വെക്കുകയായിരുന്നു അബ്ബാസ് സര്‍ക്കാര്‍. അബൂ ദിസ് തലസ്ഥാനമായി വെച്ചുനീട്ടുന്ന ട്രംപ് ഫലസ്തീന്‍ സ്വപ്നത്തെ തന്നെ അപഹസിക്കുകയാണ് ചെയ്തിരിക്കുന്നത്. 1967ലെ അറബ് ഇസ്‌റാഈല്‍ യുദ്ധത്തില്‍ ജോര്‍ദാനില്‍ നിന്നും ഈജിപ്തില്‍ നിന്നും പിടിച്ചെടുത്ത പ്രദേശങ്ങളും വെസ്റ്റ്ബാങ്കില്‍ കാലങ്ങളായി ജൂത രാഷ്ട്രം കൈയേറിയ പ്രദേശങ്ങളും ഇസ്‌റാഈലിന് നിയമപരമാക്കി നല്‍കുന്നുവെന്നതാണ് ട്രംപ് പദ്ധതിയുടെ ദുരന്തം. ജറൂസലമില്ലാത്ത ഫലസ്തീന്‍ ആത്മാവില്ലാത്ത ശരീരമായിരിക്കും.

ഭൂരിപക്ഷം തികക്കാനാകാതെ വീണ്ടും ജനവിധി തേടാന്‍ പോകുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ എതിരാളി ബെന്നി ഗാന്റസിനെയും വാഷിംഗ്ടണിലേക്ക് വിളിച്ചു വരുത്തിയാണ് ട്രംപ് “മഹത്തായ പദ്ധതി” പ്രഖ്യാപിച്ചത്. ഒരിക്കല്‍ പോലും ഫലസ്തീന്‍ സംഘടനകളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചില്ല. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിനും ഇംപീച്ച്‌മെന്റ് നേരിടുന്ന തനിക്കും മാന്യത സൃഷ്ടിച്ചെടുക്കാനുള്ള വിഫല ശ്രമം മാത്രമാണ് ട്രംപിന്റെ ഈ പദ്ധതി. ഫലസ്‌തീനെ ഞെരിച്ചു കൊല്ലുന്ന ഈ വഞ്ചനാ പദ്ധതി തള്ളിക്കളയുകയാണ് ആഗോള സമൂഹം ചെയ്യേണ്ടത്.

Latest