Connect with us

Kerala

സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; പ്രതിഷേധം ശക്തം

Published

|

Last Updated

തിരുവനന്തപുരം | ടി പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എന്നാല്‍, കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലെന്ന് ഡി ജി പി. ലോക്‌നാഥ് ബെഹ്‌റ. കമ്മീഷണറാണ് കേസിന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഡി ജി പി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ കടവില്‍ റഷീദ്, പി ജി സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിനാണ് കടവില്‍ റഷീദിനെതിരെ കേസ്. ചോദ്യം ചോദിച്ചതിനെ തുടര്‍ന്ന് റഷീദിനെ സെന്‍കുമാര്‍ പരസ്യമായി അപമാനിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. റഷീദിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ മെസേജിട്ടതിനിനാണ് സുരേഷിനെതിരെ കേസ്.

സെന്‍ കുമാര്‍ പരാതി നല്‍കിയെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടിയെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആര്‍ക്കുമെതിരെ എന്തിനും കേസ് എടുക്കാമെന്ന തരത്തിലേക്ക് കേരള പോലീസ് അധപതിച്ചിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പിയിലെ പോലീസിനെ പോലെയാണ് കേരള പോലീസ് പെരുമാറുന്നത്. നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് കണ്ണടച്ച് നടപടിയെടുക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. നടപടി പുനപ്പരിശോധിക്കേണ്ടതുണ്ട്. കേസില്‍ നിന്നും സെന്‍കുമാര്‍ പിന്മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ടി ആസിഫ് അലി കുറ്റപ്പെടുത്തി. കേരളത്തിലെ പോലീസ് ഉത്തര്‍പ്രദേശിലെ യോഗിയുടെ പോലീസിനോട് മത്സരിക്കുകയാണ്. ഇന്ത്യന്‍ പീനല്‍ കോഡ് ഒരു തവണ വായിച്ച് നോക്കിയ, സാമാന്യ ബുദ്ധിയുള്ള പോലീസുകാരന്‍ വലിച്ചു കീറിക്കളയുന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബില്‍ നടന്നതെന്താണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ആസിഫ് അലി പറഞ്ഞു.

Latest