Connect with us

Travelogue

ചാരുതയേകും ചൊക്രമുടി

Published

|

Last Updated

മൂന്നാറിൽ നിന്ന് അധികം ദൂരെയല്ലാതെ തന്നെ, പശ്ചിമഘട്ട മലനിരകളിൽ 7200 അടി ഉയരത്തിൽ അത്ഭുതകരമായ ജൈവ വൈവിധ്യങ്ങളും 360 ഡിഗ്രിയിൽ അതിമനോഹരമായ കാഴ്ചകളും നിറച്ച് ചൊക്രമുടി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ശനിയാഴ്ചയാണ് ബൈസൺ വാലിയിലെത്തിയത്. അവിടുത്തെ ചർച്ചിനടുത്ത് കാർ പാർക്ക് ചെയ്ത് ലഗേജൊക്കെ എടുത്തു. പിന്നെ മലമുകളിലെ ബേസ് ക്യാമ്പിലേക്കുള്ള ജീപ്പ് യാത്ര തന്നെ ഒരു ഒന്നൊന്നര അനുഭവമായിരുന്നു. ഭയപ്പെടുത്തുന്ന ആ യാത്ര പക്ഷേ അവസാനിച്ചത് മനസ്സു തണുപ്പിച്ച മലഞ്ചെരുവിലെ ടെന്റുകളിലേക്കും ശരീരം തണുപ്പിച്ച വെൽകം ഡ്രിങ്കിലേക്കുമായിരുന്നു.

മുകളിലെ ഉറവുകളിൽ നിന്നുമൊഴുകിയെത്തുന്ന തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരത്തെയും ആത്മാവിനേയും പുതു അനുഭവങ്ങൾക്കായി തയ്യാറാക്കി. ശേഷം കുറച്ച് മല കയറി. യാത്ര എന്ന വികാരം ഒന്നിപ്പിച്ച ഇരുപത്തഞ്ചോളം പേർക്കൊപ്പം അസ്തമയത്തിന്റെ കാൽപനികസൗന്ദര്യം മതിയാവോളം ആസ്വദിച്ചു.

ഇരുട്ടും തണുപ്പും വലിയ കട്ട ചങ്കുകളെപ്പോലെ ഞങ്ങളെ മത്സരിച്ച് കീഴ്‌പെടുത്താനൊക്കെ നോക്കി. പെട്ടെന്ന് തോറ്റുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. കാട്ടു വിറകുകൾ കൂട്ടി തീ കാഞ്ഞിരുന്ന് ആദ്യം അന്താക്ഷരിയുടെ പതിഞ്ഞ താളങ്ങളുടെ മെലഡികളിലേക്ക്. പിന്നെപ്പിന്നെ അറിയാതെ താളം മുറുകി, ശബ്ദം മുറുകി ഡാൻസുകളിലേക്കു മാറി. എല്ലാവരും എല്ലാം മറന്ന് ഉഷാറായി. തണുപ്പും ഇരുട്ടും ഞങ്ങളിൽ നിന്നെവിടേക്കോ മാറി നിന്നു.

പത്തരയായി തീയണച്ചപ്പോൾ. പിന്നെ എല്ലാവരും അവരവരുടെ ടെന്റുകളിലേക്ക്. ടെന്റിന്റെ മുൻഭാഗം അടക്കാതെ സ്ലീപിംഗ് ബാഗിനുള്ളിൽ തന്നെ കിടന്ന് മലമുകളിലെ മനോഹരമായ രാത്രി കണ്ണുകളിലും മനസ്സിലും നിറച്ചു. ഒരു നാൾ മുമ്പ് പൗർണമി കഴിഞ്ഞിരുന്നുവെങ്കിലും മുകളിൽ നിലാവങ്ങിനെ തിളങ്ങി നിന്നു. കൂടെ നക്ഷത്രങ്ങളും. താഴെ ദൂരെയേതൊക്കെയോ ഗ്രാമങ്ങളിലെ വൈദ്യുതി വെളിച്ചങ്ങൾ ആകാശത്തിന്റെ പ്രതിബിംബം പോലെ തോന്നിപ്പിച്ചു. ജിവിതത്തിലെ മനോഹരമായ മറ്റൊരു രാത്രി.

കാഴ്ചകൾ തേടി മലകയറ്റം

പുലർച്ചെ അഞ്ചരക്കെഴുന്നേറ്റ് റെഡിയായി. മലകയറ്റത്തിന് തയ്യാറെടുത്തു. ഇരവികുളം നാഷനൽ പാർക്കിന്റെ ഭാഗമായ ഇവിടം കേരള ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ അനുമതിയോടെ മാത്രം കയറേണ്ട ഒരിടമാണ്. അംഗീകൃത ഗൈഡിന്റെ സഹായവും കൂടിയേ തീരൂ. 400 രൂപയോളം ഫീസ് ഉണ്ട്. പക്ഷേ അതൊരിക്കലും കൂടുതലാണെന്ന് നമുക്കൊടുവിൽ തോന്നില്ലാ എന്ന് മാത്രം. അത്ര മനോഹരമാണ് യാത്രയിലേ ഓരോ കാൽവെപ്പുകളും. താഴ്ഭാഗത്തെ ചില തോട്ടങ്ങൾ കഴിഞ്ഞാൽ പിന്നെ ഈ നിത്യഹരിത ചോല വനത്തിൽ നമ്മെ എതിരേൽക്കുന്നത് പച്ചപ്പുൽക്കാടുകളാണ്. അവക്കിടയിലെ പാറക്കെട്ടുകൾക്ക് മേലെയിരുന്നു അതി മനോഹരമായിരുന്ന സൂര്യോദയം ആസ്വദിച്ച് നടത്തം തുടർന്നു. ആദ്യ ഒരു മണിക്കൂർ നടത്തം കഴിഞ്ഞപ്പോൾ ചിലർ പതുക്കെയായിത്തുടങ്ങി. മുമ്പിൽ കയറ്റത്തിന്റെ കാഠിന്യവും കൂടിക്കൂടി വന്നു. അമ്പത് ഡിഗ്രിയിൽ നിന്ന് എൺമ്പതു ഡിഗ്രിയിലേക്ക് ചെരിവു കുറഞ്ഞു വന്നു.

[irp]

പാറയിലൂടെ അള്ളിപ്പിടിച്ചു കയറേണ്ട ഘട്ടം കഴിഞ്ഞപ്പോഴേക്ക് അഞ്ചുപേർ മാത്രമായി. മുകളിലേക്ക് പോകുന്തോറും അടുത്ത മല ഞങ്ങളെ വെല്ലുവിളിച്ചു. ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ഞങ്ങൾക്ക് താഴെ പരുന്തു വട്ടമിടുന്ന കാഴ്ച അൽപം ഭയം കലർന്നതു കൂടിയായിരുന്നു.
ദൂരെ ഇടുക്കി ഡാമും ആനയിറങ്കൽ ഡാം, ചെക്കുളം ഡാം ഇവയൊക്കെ കണ്ടു. പേരറിയാത്ത ഏതോക്കെയോ മരങ്ങൾ, അവയിലെ പൂക്കൾ ഓരോന്നായി പിന്നീട് ഗൈഡ് പറഞ്ഞു തന്നു. നേപ്പാളിന്റെ ദേശീയ പുഷ്പമായ ലാലി ഗുരാൻ മുകളിൽ പൂത്തു നിന്നിരുന്നു. ഒരു പാട് ഔഷധഗുണങ്ങളുള്ള ഈ പൂവിന് ഹൃദ്യമായ ഒരു സുഗന്ധവുമുണ്ട്. ഏകദേശം എട്ട് കിലോമീറ്ററുകളോളം ദൂരമുള്ള ഈ കയറ്റത്തിന് മൂന്ന് മണിക്കൂറേ എടുക്കുകയുള്ളൂ എങ്കിലും താരതമേന്യ അപകട സാധ്യത കൂടുതാലാണെന്ന് പറയേണ്ടി വരും. കാരണം അഗസ്ത്യാർ കൂടം പോലുള്ള കയറ്റങ്ങളിൽ നമുക്ക് സഹായത്തിന് കയറൊക്കെ ഉണ്ട്. ഇവിടെ നമ്മൾ പാറകളിൽ അള്ളിപ്പിടിച്ചു തന്നെ കയറേണ്ടിവരും. പക്ഷേ അതു തന്നെയാണല്ലോ നമ്മുടെ മനസ്സിന് അളവറ്റ സന്തോഷവും ലഹരിയും സമ്മാനിക്കുന്നത്.


കാട് നൽകുന്ന കുളിർമ

രാവിലെ തന്നെ കയറിയതു കൊണ്ട് തണുത്ത കാറ്റ് ഞങ്ങൾക്ക് ഒരുപാട് ആശ്വാസം നൽകി. തിരിച്ചിറങ്ങുമ്പോഴേക്കും വെയിൽ തളർത്താനും തുടങ്ങിയിരുന്നു. പക്ഷേ, മലമുകളിലെ ആ അപൂർവ നിമിഷങ്ങൾ സമ്മാനിക്കുന്ന നിർവൃതി അതനുഭവിച്ച് തന്നെ അറിയണം. അത്രക്ക് ആനന്ദകരമാണ്.
ഒരുപക്ഷേ കയറിപ്പോവുന്നതിനേക്കാൾ അൽപം കൂടി അപകടകരമാണ് ഇറങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം. ഹൈറേഞ്ചുകളിൽ ഡ്രൈവിംഗിനിടക്ക് ഏത് ഗിയറിലാണോ കയറിയത് അതുപോലെ ഇറങ്ങണമെന്ന് പറയാറില്ലേ.. ഇവിടേയും അതു തന്നെ. പാറകളിൽ അള്ളിപ്പിടിച്ച് കയറിയത് അതേ പോലെ തന്നെ റിവേഴ്‌സ് ചെയ്യുക. ഭയക്കാതിരിക്കുക.

മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. മലകയറ്റം തുടങ്ങുമ്പോൾ മിനിമം ഒരു ലിറ്ററെങ്കിലും വെള്ളം കരുതുക, നട്ട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ് കൈയിൽ കരുതുക, കനം കുറഞ്ഞ പ്രത്യേകം ട്രെക്കിംഗ് വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക, നല്ല ഗ്രിപ്പുള്ള ആംഗിൾ സപ്പോർട്ട് ഉള്ള ഷൂസ് ഉപയോഗിക്കുക, അത്യാവശ്യം ഫസ്റ്റ് എയിഡ് കിറ്റ് കൈയിൽ കരുതുക.

ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് താഴെയെത്തി. കാട്ടിലെ വെള്ളത്തിലെ തണുത്ത കുളി. പിന്നെ രുചികരമായ ഭക്ഷണം. ഒരു വട്ടം കൂടി ഏല്ലാവരും ഒത്തുചേർന്നു. ഇനിയും ഒത്തു കൂടണമെന്ന് വാക്കുകൾ കൈമാറി. ഒരുമിച്ചു ചിത്രങ്ങളെടുത്തു. തിരികെ ജീപ്പിൽ താഴേക്ക്. അവിടെ നിന്നും പിന്നെ വീട്ടിലേക്ക്.. പതിവു ദിനചര്യകളിലേക്ക്..