Connect with us

Ongoing News

ധീര യോദ്ധാക്കളുടെ സ്ഫുരിക്കും ഭൂമിക

Published

|

Last Updated

പട്ടിക്കാടൻ മൊയ്തീൻ

മലബാർ ലഹളക്കാലത്ത് വെള്ളപ്പട്ടാളം ചാഴിയോട്ടിൽ രണ്ട് മാപ്പിളമാരെ വെടിവെച്ചിട്ട ഓർമകൾ ചികഞ്ഞെടുക്കുകയാണ് പട്ടിക്കാടൻ മൊയ്തീൻ. ചാഴിയോട് ആനവാരിക്ക് സമീപത്തെ പറമ്പിൽവെച്ചാണ് ആലുങ്ങൽ കുഞ്ഞിമൊയ്തീൻ, വള്ളിക്കാപറമ്പിൽ അബ്ദുർറഹ്്മാൻ മുസ്്ലിയാർ എന്നിവരെ വെള്ളപ്പട്ടാളം തോക്കിനിരയാക്കിയത്.

1921- ലെ കലാപം ശക്തമായപ്പോൾ കാളികാവ് പ്രദേശം മുഴുവൻ വെള്ളപ്പട്ടാളത്തിന്റെ നിയന്ത്രണത്തിലായിരുന്നു. കണ്ണിൽ കണ്ടവരെയെല്ലാം പട്ടാളം വെടിവെച്ച് വീഴ്ത്തി. കലാപത്തിന്റെ അവസാന നാളുകളിൽ പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് കല്ലാമൂല ചിങ്കക്കല്ലിൽ അളയിൽ ഒളിച്ചു താമസിച്ചുവന്ന സമരനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു പട്ടാളവും പോലീസും.
ഇതിനിടയിലാണ് കാളികാവ് പോലീസ് സ്റ്റേഷന് പിറക് വശത്തെ ഒഴിഞ്ഞ പറമ്പിൽ വെച്ച് അബ്ദുർറഹിമാൻ മുസ്്ലിയാരേയും കുഞ്ഞിമോയിനേയും പട്ടാളം വെടിവെച്ചിട്ടത്.

മരിച്ചു വീണ രണ്ടു പേരെയും അവിടത്തന്നെ ഖബറടക്കിയതായാണ് പഴമക്കാർ പറയുന്നത്. ഇവരുടെ ഖബറിടം പിന്നീട് സ്ഥലമുടമയായ കോയാമു ചാഴിയോട് പള്ളിക്ക് വഖഫ് ചെയ്തു. സമീപത്തെ വീടുകൾ തീയിട്ടതും തങ്ങളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന നെല്ല് ഉൾപ്പെടെ വെള്ളപ്പട്ടാളം കത്തിച്ചാമ്പലായതും മൊയ്തീൻ പൂർവീകരിൽ നിന്ന് കേട്ടത് വിശദീകരിച്ചു. ഇതിന്റെ പാടുകൾ നൂറ് വർഷം പിന്നിട്ട ഇവരുടെ വീടിനകത്ത് ഇപ്പോഴും അവശേഷിക്കുന്നു. ചരിത്രത്തിന്റെ രേഖപ്പെടുത്താതെ പോയ ധീര യോദ്ധാക്കളുടെ മണ്ണാണ് കാളികാവ് എന്ന് കൂടി ഇവിടെ വെളിവാകുന്നു. നാടിന്റെ യശസ്സുയർത്തുന്ന ചരിത്ര ശേഷിപ്പുകൾ ചരിത്ര വിദ്യാർഥികൾക്ക് ഒരു വഴികാട്ടിയാകും.
ബ്രിട്ടീഷ് സൈന്യം തകർത്ത പൊട്ടിക്കല്ലിലെ കലവറ
നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ തന്റെ കൂടെ നിർത്തിയാണ് സമാന്തരഭരണകൂടം അദ്ദേഹം സ്ഥാപിച്ചത്. മാപ്പിളമാരും കീഴാളന്മാരും അടങ്ങുന്ന തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചിരുന്നു. മറ്റു മതസ്ഥരെ ഉപദ്രവിച്ച്പോകരുതെന്നുള്ളതായിരുന്നു പ്രധാനമായും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചിരുന്നത്.ചിങ്കക്കല്ല് മലവാരത്തിന് സമീപത്തായി പൊട്ടിക്കല്ല് പ്രദേശത്ത് വാരിയൻ കുന്നത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങളുടെ കലവറയുണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

വാരിയൻകുന്നത്തിന്റെ നിലമ്പൂർ രാജ്യത്തിന്റെ ഈ കലവറയും ബ്രിട്ടീഷ് സൈന്യം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. കാലികളും നെല്ലുമായിരുന്നു പൊട്ടിക്കല്ലിൽ സൂക്ഷിച്ചിരുന്നത്.
ചരിത്രശേഷിപ്പായി ആ താവളം
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെള്ളപ്പട്ടാളത്തിനെതിരെ ഒളിപ്പോര് നടത്തിയിരുന്ന പ്രദേശമാണ് ചിങ്കക്കല്ല്. ഇവിടെ അദ്ദേഹത്തിന്റെ താവളം കാണുന്നതിനും പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും നിരവധി പേരാണ് എത്തുന്നത്. പ്രകൃതി ഭംഗി കൺകുളിർക്കെ കാണുന്നതോടൊപ്പം മനസ്സും ശരീരവും തണുപ്പിച്ച് ചിങ്കക്കല്ല് പുഴയിൽ ഒന്ന് നീരാടി പോകുകയും ചെയ്യാം. ചിങ്കക്കല്ലിന് സമീപത്ത് കൂടെയാണ് പുഴ ഒഴുകുന്നത്. മഴക്കാലത്ത് കലിതുള്ളുന്ന പുഴയിൽ വിനോദ സഞ്ചാരത്തിനെത്തുന്നവർ നിരവധി പേരാണ് അപകടത്തിൽ മരണപ്പെട്ടിട്ടുള്ളത്. താഴെ നല്ല ശാന്തമാണെങ്കിലും മലമടക്കുകളിൽ പെയ്യുന്ന മഴയിൽ മലവെള്ളം കുതിച്ചെത്തുന്നതാണ് അപകടത്തിന് കാരണമാകാറ്. വിനോദ സഞ്ചാരികൾ പുഴ മലിനമാക്കുന്നതും പതിവാണ്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്ര ശേഷിപ്പുകളും പ്രകൃതി ഭംഗിയും എല്ലാം ഉള്ള ഈ വന പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് നിരവധി വർഷങ്ങളുടെ പഴക്കവുമുണ്ട്.

Latest