Connect with us

Kerala

കൊറോണ: ചികിത്സയിലുള്ള വിദ്യാര്‍ഥിനിയുടെ നില തൃപ്തികരം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

Published

|

Last Updated

തൃശൂര്‍ | കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 58 പേര്‍ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരാരും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതു വാഹനം ഉപയോഗിക്കുകയോ ചെയ്യരുത്. തൃശൂരില്‍ രോഗലക്ഷണമുള്ള 15 പേരും സംസ്ഥാനത്തൊട്ടാകെ 1471 പേരും നിരീക്ഷണത്തിലുണ്ട്.

രോഗം സംശയിച്ച് ഇതുവരെ പരിശോധനക്കയച്ച 24 സാമ്പിളുകളില്‍ 18 ഉം നെഗറ്റീവാണ്. ഇന്ന് പുതുതായി 15 സാമ്പിളുകള്‍ കൂടി അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ കൊറോണ ബാധിത കേസുകളൊന്നും കണ്ടെത്തിയിട്ടില്ല.
നിരവധി ഐസൊലേഷന്‍ വാര്‍ഡുകള്‍ സംവിധാനിച്ചിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രികളില്‍ 85 ഐസൊലേഷന്‍ വാര്‍ഡുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ ബോധവത്ക്കരണ പരിപാടി തുടങ്ങും. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും മന്ത്രി അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി തുടരും.