Connect with us

Articles

കനലൊരു തരി മതി

Published

|

Last Updated

സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട, ഏറ്റവും കൂടുതല്‍ ജന പങ്കാളിത്തവും ദൈര്‍ഘ്യവും സര്‍ഗാത്മകവുമായ പ്രതിരോധമാണ് സി എ എ, എന്‍ ആര്‍ സി വിരുദ്ധ മുന്നേറ്റങ്ങള്‍. ജാമിഅയിലും അലിഗഢിലും ആരംഭിച്ച പോരാട്ടം, ശഹീന്‍ ബാഗിലെത്തുന്നതോടെ അതൊരു വലിയ ജന മുന്നേറ്റമാകുകയായിരുന്നു.
2019 ഡിസംബര്‍ 15ന്, ഈ രണ്ട് സര്‍വകലാശാലകളും ആസൂത്രിതമായി ആക്രമിക്കപ്പെട്ടപ്പോള്‍, രാജ്യത്തെ അനവധി സര്‍വകലാശാലകള്‍ ആക്രമിക്കപ്പെട്ട അതേ അര്‍ധരാത്രി തന്നെ സമര രംഗത്തിറങ്ങുകയുണ്ടായി. അതേ രാത്രി തന്നെ കുത്തിയിരുപ്പ് സമരവുമായി ഡല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പില്‍ തെരുവിലേക്ക് ഇറങ്ങിയ ശഹീന്‍ ബാഗിലെ സ്ത്രീകള്‍ ഒന്നര മാസങ്ങള്‍ക്കിപ്പുറവും ശഹീന്‍ ബാഗിലെ സമരപ്പന്തലിലോ അയല്‍പ്പക്കങ്ങളിലെ സമരപ്പന്തലുകളിലോ ആണ്.

സി എ എക്കെതിരെ സമരം ചെയ്തതു കൊണ്ട് മാത്രം മുഖ്യധാരാ മാധ്യമശ്രദ്ധ കിട്ടിയിരുന്നു ശഹീന്‍ ബാഗിന്. ജാമിഅയില്‍ നടന്ന പോലീസിന്റെ കിരാത വാഴ്ചയില്‍ അങ്ങേയറ്റം മനം നൊന്ത്, ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കാന്‍ ഇന്ത്യയിലാകെ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ നടക്കുന്ന വേളയില്‍ ഞാന്‍ ശഹീന്‍ ബാഗ് സന്ദര്‍ശിക്കുകയുണ്ടായി. സമര പന്തലിലെ സ്ത്രീകളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മിക്കവരും നിരസിച്ചു. “ഞങ്ങള്‍ ഇവിടെ ദിവസവും 500 രൂപ വാങ്ങിക്കുന്നുണ്ടോ? എന്തിനാണ് നിങ്ങള്‍ മാധ്യമങ്ങള്‍ ഞങ്ങളെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നത്? ഉത്തരാഖണ്ഡിലെ സ്‌കൂളില്‍ നിന്ന് അവധിയെടുത്താണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. എന്റെ മകളെ ഞാന്‍ ഇവിടേക്കാണ് കല്യാണം കഴിപ്പിച്ചത്”.. ഉത്തരാഖണ്ഡിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍, എന്നോട് സങ്കടവും ആധിയും പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വരുമ്പോള്‍, ക്യാമറക്കു മുമ്പിലും അല്ലാതെയും ധാരാളം സംസാരിക്കുന്നവരായിരുന്നു അവര്‍. “വ്യക്തമായ നിര്‍ദേശങ്ങള്‍ സ്റ്റേജില്‍ നിന്ന് നല്‍കിയിരുന്നു, മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കേണ്ടെന്ന്” എന്ന് തീര്‍ത്തുപറഞ്ഞ ഒരു പെണ്‍കൂട്ടത്തോട്, ഞാന്‍ എന്നെ പരിചയപ്പെടുത്തി. പേരു പറയാന്‍ വിസമ്മതിച്ച അവര്‍ സംസാരിച്ചു കൊണ്ടിരിക്കെ, ഷാളിന്റെ അറ്റമെടുത്ത്, ഒളി ക്യാമറയെ ഭയന്ന് മുഖം മറക്കുന്നത് ഞാന്‍ കണ്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സ്ത്രീകളെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അതാണിവരെ മുഖം മറക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും വേഗം തിരിച്ചറിഞ്ഞു.
ഷഹീന്‍ ബാഗ് ഇന്ന് വിജയിച്ചു കൊണ്ടിരിക്കുന്ന ഒരു സമരസ്ഥലമാണ്. ആയിരങ്ങള്‍ ദിവസവും വരുന്നു. സര്‍ഗാത്മക പ്രതിരോധത്തിന്റെ ഉത്തമ ഉദാഹരണം. ബസ് സ്റ്റോപ്പ് ആയിരുന്ന രണ്ട് ഷെഡുകള്‍ ഗ്രന്ഥശാലയായും ചായവിതരണ മുറിയായും പ്രവര്‍ത്തിക്കുന്നു. റോഡില്‍ അനേകം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മാസ് പെയിന്റിംഗ് നടത്തുന്നു. ഇന്ത്യാ മഹാ രാജ്യത്തിന്റെ വെല്‍ഡ് ചെയ്ത കട്ടൗട്ടിന് മുമ്പില്‍ അണയാത്ത തീനാളം. അനേകം ഭാഷകളില്‍ സി എ എക്കെതിരെ പ്ലക്കാര്‍ഡുകള്‍. രാജ്യത്തെ അനേകം നേതാക്കളും ആക്ടിവിസ്റ്റുകളും ഐക്യദാര്‍ഢ്യം അറിയിച്ചു പോകുന്ന ഇടമാണിന്ന് ശഹീന്‍ ബാഗ്. പുലര്‍ച്ചെ നാല് മണിയായാലും ചര്‍ച്ചകളും സംവാദങ്ങളും സമര വിളികളും ഇവിടെ പ്രകമ്പനം തീര്‍ക്കുന്നു.
അവിടെയാണ് സമരക്കാരൊന്നാകെ മാധ്യമങ്ങളെ സംശയിക്കുന്നത്. അവരുടെ ആധി മനസ്സിലാക്കാവുന്നതാണ്. അവരുടെ ത്യാഗങ്ങള്‍ അനവധിയാണ്. ഒരു മാസത്തിലേറെയായി ശഹീന്‍ ബാഗിലെ സമരം നടക്കുന്ന റോഡിലെ കടകള്‍ അടഞ്ഞു കിടപ്പാണ്. ഇവിടേക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു വരുന്ന ആയിരങ്ങളെ നിയന്ത്രിക്കാന്‍ പാടുപെടുന്ന വളണ്ടിയര്‍മാര്‍. സമരങ്ങളെ അട്ടിമറിക്കാന്‍ വരുന്നവരുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഏറെ പേരുണ്ടിവിടെ. സമരത്തിനെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവരെ, അതിന് ശ്രമിക്കുന്നവരെ, മുതലെടുപ്പ് നടത്തുന്നവരെ ശഹീന്‍ ബാഗ് വിലക്കുന്നു. അവരെ ബഹിഷ്‌കരിക്കുന്നു.

എന്ത് റിപ്പബ്ലിക് ദിനം എന്നെല്ലാം കരുതി ശഹീന്‍ ബാഗില്‍ പോയിരുന്ന ഞാന്‍, മുഖത്ത് ദേശീയ പതാക പെയ്ന്റു ചെയ്തു കൊടുക്കുന്ന സ്ഥലത്ത് ഊഴം കാത്തുനില്‍ക്കുകയാണ്. ഒരു പെണ്‍കുട്ടിയാണ് പെയ്ന്റ് ചെയ്യുന്നത്. ഞാന്‍ ചോദിച്ചു, റിപ്പബ്ലിക് ദിനം ശരിക്കും ആഘോഷിക്കാന്‍ കഴിയുന്നുണ്ടോ? അവള്‍ പറഞ്ഞു: ഞാന്‍ പഠിച്ചതും സ്‌നേഹിച്ചതുമായ ഇന്ത്യ റിപ്പബ്ലിക് ആണ്, മതേതരമാണ്. ഇത് ഞാന്‍ മനസ്സിലാക്കിയ ഇന്ത്യയുടെ പതാകയുമാണ്.
ഷര്‍ജീല്‍ ഇമാം എന്ന ജെ എന്‍ യു വിദ്യാര്‍ഥിയാണ് ശഹീന്‍ ബാഗിലെ സമരങ്ങള്‍ക്ക് പിന്നില്‍ എന്നത് ഒരു അവകാശവാദം മാത്രമാണ്. ഷര്‍ജീല്‍ ആദ്യ കാലങ്ങളില്‍ സമരത്തില്‍ പങ്കെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. “ചക്ക ജാം” (റോഡ് ബ്ലോക്ക്) പരിപാടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് അതേ ഷര്‍ജീല്‍ സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ അതിന് തയ്യാറായില്ല. ഷര്‍ജീലിനെ ശഹീന്‍ ബാഗിന്റെ സമര നേതാവെന്ന് വ്യാജമായി ഉയര്‍ത്തിക്കാട്ടുന്നതിലൂടെ നിരവധി ലക്ഷ്യങ്ങള്‍ സംഘ്പരിവാര്‍ കാണുന്നുണ്ട്. ഈ സമരക്കാര്‍ രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണഘടനക്കും വേണ്ടി നിലകൊള്ളുന്നവരല്ല എന്നും രാജ്യദ്രോഹികള്‍ കൂട്ടമായി പാര്‍ക്കുന്ന ജെ എന്‍ യുവിലെ ഒരു മുസ്‌ലിം ഫണ്ടമെന്റലിസ്റ്റിന്റെ അജന്‍ഡ മാത്രമാണ് സമരമെന്നും സംഘ്പരിവാര്‍ എളുപ്പത്തില്‍ വ്യാഖ്യാനിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.

അതേസമയം, ഷര്‍ജീലിനെതിരെയുള്ള യു എ പി എയെ ശക്തമായി എതിര്‍ക്കേണ്ടതും അനിവാര്യമാണ്. ഷര്‍ജീല്‍ ചിലത് സംസാരിച്ചത് കൊണ്ട് മാത്രം യു എ പി എ ചുമത്താന്‍ പാടുള്ളതല്ല. അക്രമണോത്സുകമായ പ്രഭാഷണങ്ങള്‍ ആണ് ഷര്‍ജീലിനെതിരെ യു എ പി എ ചുമത്താനുള്ള മാനദണ്ഡം എങ്കില്‍ ആര്‍ എസ് എസ്, ബി ജെ പി നേതാക്കളോളം വേറാരും യു എ പി എക്ക് അര്‍ഹരില്ല താനും. സംഘ്പരിവാര്‍ നേതാക്കളുടെ തിരഞ്ഞെടുപ്പു റാലികളില്‍ അക്രമത്തിനും കൊലക്കും പ്രേരിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ നിത്യമെന്നോണം നാം കേള്‍ക്കുന്നു. സി എ എക്കെതിരെ സമരം ചെയ്യുന്ന ദേശ ദ്രോഹികളെ വെടിവെച്ച് കൊല്ലണം എന്ന് വരെ ആക്രോശിക്കുന്നു. എന്നാല്‍ ഷര്‍ജീല്‍ ഒരു അക്രമത്തിനും ഇന്നുവരെ പ്രേരിപ്പിച്ചിട്ടില്ല.

മതേതരത്വവും ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയും നിലനിന്നു കാണാന്‍ താത്പര്യപ്പെടുന്നവരാണ് ശഹീന്‍ ബാഗിലുള്ളത്. അതുകൊണ്ടാണ് അവര്‍ സംഘ്പരിവാരത്തിന് തലവേദനയാകുന്നത്. അതുകൊണ്ട് തന്നെയാണ് അമിത് ഷാ ശഹീന്‍ ബാഗിനെ ചൊല്ലി അസ്വസ്ഥനാകുന്നത്.
(ജാമിഅ മില്ലിയ്യ വിദ്യാര്‍ഥിനിയാണ് ലേഖിക)

Latest