Connect with us

Kerala

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ 90 ദിവസത്തേക്ക് നീട്ടി

Published

|

Last Updated

തിരുവന്തപുരം |  മദ്യലഹരിയില്‍ കാറോടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ഐ എ എസ്‌
ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. 90 ദിവസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ മുഖ്യമന്ത്രി തള്ളി. ഇന്ന് വൈകുന്നേരത്തോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

ശ്രീറാമിനെതിരായ കുറ്റപത്രം വൈകുന്നതിനാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്. ആറ് മാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ ശക്തമായി പ്രതിഷേധിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസത്തേക്ക്കൂടി സസ്‌പെന്‍ഷന്‍ നീട്ടി ഉത്തരവിട്ടത്.

കഴിഞ്ഞവര്‍ഷംആഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ എം ബഷീര്‍ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കൊല്ലപ്പെട്ടത്. മ്യൂസിയം പോലീസ് രജിസ്റ്റര്‍ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസാണ് കാറോടിച്ചതെന്നായിരുന്നു ശ്രീറാം പറഞ്ഞത്.
ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അപകടത്തിന്റെ ദൃസാക്ഷികള്‍ ശ്രീറാമാണ് കാറോടിച്ചതെന്നും മദ്യ ലഹരിയില്‍ അദ്ദേഹത്തിന് നേരെ നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും മൊഴി നല്‍കിയിരുന്നു. പ്രതി ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു പോലീസ് തുടക്കം മുതല്‍ എടുത്തിരുന്നത്.